സിഡ്‌നി: ഇന്ത്യയും ഓസ്ട്രലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നിനാണ് ആരംഭിക്കുന്നത്. പ്രശസ്തമായ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഈ പോരാട്ടം നടക്കാനിരിക്കുന്നത്. മെല്‍ബണിലെ നാലാമങ്കം ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങുകയാണ്. ഓസ്‌ട്രേലിയക്കു തന്നെയാണ് ഇപ്പോള്‍ മുന്‍തൂക്കമെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് രോഹിത് ശര്‍മയും സംഘവും.
നാലാം ടെസ്റ്റിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കൂടാതെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്കു അവസാന ടെസ്റ്റിലും ജയിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും കിടിലന്‍ ടീമിനെ തന്നെ സിഡ്‌നിയില്‍ ഇന്ത്യ ഇറക്കുകയും വേണം. സിഡ്‌നിയില്‍ ജയിക്കാന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവന്‍ ഏതാണെന്നു നോക്കാം.

ഓപ്പണിങ് ജോടി
ആദ്യത്തെ മൂന്നു ടെസ്റ്റുകളിലും കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യമാണ് ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനിറങ്ങിയത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഈ ജോടി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കും വഹിച്ചിരുന്നു. രണ്ട്, മൂന്ന് ടെസ്റ്റുകളില്‍ നായകന്‍ രോഹിത് ശര്‍മ ആറാം നമ്പറിലേക്കും മാറി. എന്നാല്‍ ഇവിടെ ഫ്‌ളോപ്പായതോടെ ഇപ്പോള്‍ മെല്‍ബണിലെ നാലാമങ്കത്തില്‍ അദ്ദേഹം ഓപ്പണിങിലേക്കു തിരിച്ചെത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രോഹിത് നിരാശപ്പെടുത്തുകയും ചെയ്തു.
സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ രാഹുലിനെ ഓപ്പണിങിലേക്കു ഇന്ത്യ തിരികെ കൊണ്ടുവരണം. കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന രോഹിത്തിന് ഇന്ത്യക്കു വിശ്രമവും നല്‍കാം. പകരം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കേണ്ടത്. നേരത്തേ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതും അദ്ദേഹത്തിനു കീഴിലാണ്.
മധ്യനിരയില്‍ ആരെല്ലാം
മെല്‍ബണ്‍ ടെസ്റ്റില്‍ പുറത്തിരുത്തിയ യുവതാരം ശുഭ്മന്‍ ഗില്ലിനെ സിഡ്‌നിയില്‍ ഇന്ത്യ തിരികെ കൊണ്ടുവരണം. തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറില്‍ തന്നെയാണ് അദ്ദേഹം കളിക്കേണ്ടത്. നാലാം നമ്പര്‍ സൂപ്പര്‍ താരം വിരാട് കോലിയുടേതാണെങ്കിലും മോശം ഫോമിലുള്ള അദ്ദേഹത്തെ സിഡ്‌നിയില്‍ ഇന്ത്യക്കു പുറത്തിരുത്താം. ഒരു സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ പരമ്പരയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കോലിക്കായിട്ടില്ല.
അദ്ദേഹത്തിനു പകരം നാലാമനായി യുവ താരം നിതീഷ് റെഡ്ഡിയെ ഇന്ത്യ കളിപ്പിക്കണം. എട്ടാം നമ്പറിലാണ് നിലവില്‍ താരം ബാറ്റ് ചെയ്യുന്നത്. എന്നാല്‍ മെല്‍ബണിലെ കന്നി സെഞ്ച്വറിയോടെ താന്‍ മുന്‍നിരയില്‍ കളിക്കേണ്ട താരമാണെന്നു നിതീഷ് തെളിയിച്ചിരിക്കുകയാണ്. നാലാമനായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും.

അഞ്ചാമനായി റിഷഭ് പന്തിനെ തന്നെ നിലനിര്‍ത്തണം. ഈ പരമ്പരയില്‍ ഇനിയും കാര്യമായ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും അദ്ദേഹം ടീമില്‍ ആവശ്യമാണ്. തന്റേതായ ദിവസം മല്‍സരഗതി മാറ്റാന്‍ റിഷഭിനാവും. പക്ഷെ വിക്കറ്റ് കീപ്പിങില്‍ ചില പിഴവുകള്‍ ഈ പരമ്പരയില്‍ അദ്ദേഹം വരുത്തിയിരുന്നു. അതുകൊണ്ടു തന്നെ ധ്രുവ് ജുറേലിനു അടുത്ത ടെസ്റ്റില്‍ ഇന്ത്യക്കു ഈ റോള്‍ നല്‍കാം. ആറാം നമ്പറില്‍ താരം ബാറ്റ് ചെയ്യുകയും വേണം.
ലോവര്‍ ഓര്‍ഡര്‍, ബൗളിങ്
ഇന്ത്യന്‍ ലോവര്‍ ഓര്‍ഡറിലേക്കു വന്നാല്‍ ഏഴാം നമ്പറില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തന്നെയാണ് കളിക്കണ്ടത്. എട്ടാമനായി മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറുമാണ് വേണ്ടത്.
മെല്‍ബണ്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മികച്ചൊരു ഫിഫ്റ്റിയുമായി വാഷിങ്ടണ്‍ തിളങ്ങിയിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ബാറ്റിങില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക നായകന്‍ ജസ്പ്രീത് ബുംറ തന്നെയായിരിക്കും. പേസ് നിരയില്‍ അദ്ദേഹത്തിനൊപ്പം മുഹമ്മദ് സിറാജും ആകാശ്ദീപുമുണ്ടാവും.
അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ 11
യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍, നിതീഷ് റെഡ്ഡി, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ആകാശ്ദീപ്.