പെര്‍ത്ത്: ടെസ്റ്റിനു പിന്നാലെ ഏകദിന ക്രിക്കറ്റിലും ശുഭ്മന്‍ ഗില്‍ യുഗത്തിനു ഈയാഴ്ച തുടക്കമാവുകയാണ്. അദ്ദേഹത്തിനു കീഴില്‍ കന്നി ഏകദിന പരമ്പരയാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കാനിരിക്കുന്നത്. വരാനിരിക്കുന്ന ഞായറാഴ്ച പെര്‍ത്തിലാണ് ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം. വിജയത്തോടെ തുടങിങാനായിരിക്കും ഗില്ലിന്റെയും ഇന്ത്യയുടെയും ലക്ഷ്യമെങ്കിലു അതു കടുപ്പം തന്നെയായിരിക്കും.
മാര്‍ച്ചിലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ വിജയത്തിനു ശേഷം ഇന്ത്യ ആദ്യമായി കളിക്കുന്ന പരമ്പരയായിരിക്കും ഇത്. കൂടാതെ ഐക്കണ്‍ ബാറ്റിങ് ജോടികളായ രോഹിത് ശര്‍മയും വിരാട് കോലിയും ആ ഫൈനലിനു ശേഷം ആദ്യമായി കളിക്കാനിറങ്ങുന്നുവെന്നതും ആദ്യ മല്‍സരത്തെ സ്‌പെഷ്യലാക്കി മാറ്റുന്നു.

പെര്‍ത്തിലെ ഒന്നാം ഏകദിനത്തില്‍ മിച്ചെല്‍ മാര്‍ഷിന്റെ ഓസ്‌ട്രേലിയക്കെതിരേ ഏറ്റവും ശക്തമായ ഇലവനെയാവും ഇന്ത്യ അണിനിരത്തുക. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു നമുക്കു പരിശോധിക്കാം.
ടോപ്പ് ഫൈവില്‍ ഇവര്‍
യുഎഇയില്‍ ഒരു കളി പോലും തോല്‍ക്കാതെ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിലെ അതേ ടോപ്പ് ഫൈവിനെ തന്നെ ഓസ്‌ട്രേലിയയിലും നമുക്കു ഉറപ്പക്കാം. കാരണം ഒരു പെര്‍ഫെക്ട് ടോപ്പ് ഫൈവ് തന്നെയാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളതെന്നു നിസംശയം പറയാം. അതില്‍ അഴിച്ചുപണികളൊന്നും നടത്താന്‍ ടീം മാനേജ്‌മെന്റും ആഗ്രഹിക്കില്ല.
പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനോടൊപ്പം മുന്‍ നായകന്‍ രോഹിത് ശര്‍മയാവും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. രോഹിത്- ശിഖര്‍ ധവാന്‍ സഖ്യചത്തിനു ശേഷമുണ്ടായ ഈ ഓപ്പണിങ് കോമ്പിനേഷന്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. ടീമിനു സ്ഥിരതയാര്‍ന്ന തുടക്കങ്ങള്‍ നല്‍കാന്‍ ഈ ജോടിക്കു കഴിയുന്നുണ്ട്.
ഇവര്‍ക്കു ശേഷം മൂന്നാമനായി പതിവു പോലെ റണ്‍മെഷീന്‍ വിരാട് കോലിയെ കാണാം. ഓസ്‌ട്രേലിയക്കെതിരേ എല്ലായ്‌പ്പോഴും ബാറ്റിങില്‍ മിന്നിക്കാറുള്ള അദ്ദേഹത്തില്‍ നിന്നും ഈ തവണയും ടീമിനു മികച്ച സംഭാവനകള്‍ ആവശ്യമാണ്. എങ്കില്‍ മാത്രമേ ഈ പരമ്പരയില്‍ മികച്ച വിജയങ്ങള്‍ കുറിക്കാനും ഇന്ത്യക്കു സാധിക്കുസയുള്ളൂ. പക്ഷെ നീണ്ട ബ്രേക്ക് കോലിയുടെ ഫോമിനെ ബാധിച്ചിട്ടുണ്ടാവുമോയെന്നാണ് അറിയാനുള്ളത്.
കോലിക്കു ശേഷം നാലാമന്‍ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യരാണ്. ഈ റോള്‍ അദ്ദേഹം തന്റെ പേരില്‍ ഭദ്രമാക്കി കഴിഞ്ഞു. അവസാനം കളിച്ച ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു ശ്രേയസ്.
അഞ്ചാം നമ്പറില്‍ കളിക്കുക വിക്കറ്റ് കീപ്പറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും അദ്ദേഹം.
മറ്റുള്ളവര്‍ ആരെല്ലാം?
പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഈ പരമ്പരയില്‍ ടീമിന്റെ ഭാഗമല്ല. പകരം യുവ താരം നിതീഷ് കുമാര്‍ റെഡ്ഡിയാവും ഈ റോളില്‍ ആറാമനായി കളിക്കുക. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിനു ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഈ പരമ്പര.

ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍ണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും കളിക്കുന്നത്. പിച്ച് പേസ് ബൗളിങിനു അനുയോജ്യമായതിനാല്‍ വാഷിങ്ടണ്‍ സുന്ദറിനെ പുറത്തിരുത്തിയേക്കും. പകരം ഒരു അധിക പേസറായിരിക്കും ടീമിലെത്തിയേക്കുക. കുല്‍ദീപ് യാദവ് ടീമിലെ സ്‌പെഷ്യലിസ്റ്റ് ്‌സ്പിന്നറാവും.
പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത് മുഹമ്മദ് സിറാജായിരിക്കും. കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി നഷ്ടമായ അദ്ദേഹത്തിന്റെ തിരിച്ചുവരവായിരിക്കും ഈ പരമ്പര. അര്‍ഷ്ദീപ് സിങും പ്രസിദ്ധ് കൃഷ്ണയുമാവും ഇന്ത്യന്‍ ഇലവനിലെ മറ്റു ഫാസ്റ്റ് ബൗളര്‍മാര്‍.
ആദ്യ ഏകദിനത്തിലെ ഇന്ത്യന്‍ 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.