ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരേ പ്രതിഷേധം കത്തുകയാണ്. ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല ചില മുന്‍ താരങ്ങളും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ്. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനായിരുന്നു സഞ്ജുവിനു ടീമില്‍ ഇടം ലഭിക്കാത്തതിനെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. ഇപ്പോഴിതാ പാതി മലയാളിയായ മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയും സഞ്ജുവിനു ടീമില്‍ ഇടം ലഭിക്കാതെ പോയതില്‍ നിരാശ പ്രകടിപ്പിച്ചിരിക്കുകയാണ്.
എക്‌സിലൂടെയായിരുന്നു (ട്വിറ്റര്‍) സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കിയതിനോടു ഉത്തപ്പ പ്രതികരിച്ചത്. സഞ്ജുവിന്റെ സ്ഥാനത്തുണ്ടാവാന്‍ ഇപ്പോള്‍ ഒരാളും ആഗ്രഹിക്കില്ലെന്നായിരുന്നു ഞെട്ടലും അവിശ്വസനീയതയും സൂചിപ്പിക്കുന്ന ഇമോജിയോടൊപ്പം ഉത്തപ്പ ട്വീറ്റ് ചെയ്തത്. ഇതു കൂടാതെ മറ്റൊരു ട്വീറ്റും കൂടി ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയിട്ടുണ്ട്.

സ്‌ക്വാഡില്‍ ഇടം നേടിയാലും സഞ്ജു സാംസണിനു പരമ്പരയിലെ ഒരു ഗെയിമില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കില്ലെന്നതാവും ന്യായീകരണം. പക്ഷെ ടീമില്‍പ്പോലും ഇടം കിട്ടാതെ പോവുന്നത് വളരെയധികം നിരാശാജനകമാണെന്നും ഉത്തപ്പ ട്വീറ്റ് ചെയ്തു. നിരവധി ആരാധകര്‍ അദ്ദേഹത്തിന്റെ ഈ ട്വീറ്റുകളോടു പ്രതികരിക്കുകയും സഞ്ജുവിനെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
മുംബൈ ലോബി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നശിപ്പിക്കുകയാണെന്നായിരുന്നു ഒരു ആരാധകന്‍ കുറിച്ചത്. ഈ വേദന അറിയാവുന്ന ആളുകളില്‍ ഒരാളാണ് നിങ്ങള്‍. സഞ്ജുവിനു വേണ്ടി ശബ്ദമുയര്‍ത്തിയതിനു നന്ദി. നിങ്ങള്‍ക്കും ഇതു തന്നെയായിരുന്നു നേരത്തേ സംഭവിച്ചത്. എന്നെപ്പോലെയുള്ള നിങ്ങളുടെ ആരാധകര്‍ നിങ്ങളുടെ വിജയങ്ങള്‍ എല്ലായ്‌പ്പോഴും ആഘോഷിച്ചിരുന്നു. പക്ഷെ ഇന്ത്യന്‍ കുപ്പായത്തില്‍ നിങ്ങളെ സ്ഥിരമായി കാണാറില്ലായിരുന്നുവെന്നും ഒരു ആരാധകന്‍ കുറിച്ചു.
സൂര്യകുമാര്‍ യാദവിനേക്കാള്‍ ഒരുപാട് മൈലുകള്‍ മുന്നിലാണ് സഞ്ജു സാംസണ്‍. ഏകദിനത്തില്‍ വളരെ മികച്ച ശരാശിയും അദ്ദേഹത്തിനുണ്ട്. പക്ഷെ മോശം ഏകദിന സ്റ്റാറ്റസ് ഉള്ളവരെയാണ് ടീമിനു ആവശ്യം. ഇവയെല്ലാം മുംബൈ ലോബിയുടെ ഭാഗമാണെന്നും ഒരു ആരാധകന്‍ ചൂണ്ടിക്കാട്ടി.

യാഥാര്‍ഥ്യം ഇതാണ്. സഞ്ജു സാംസണിനെ ടീമിലുള്‍പ്പെടുത്തുകയും അഞ്ച്- ആറ് പൊസിഷനുകളില്‍ ചില മികച്ച ഇന്നിങ്‌സുകള്‍ കളിക്കുകയും ചെയ്താല്‍ അതു അജിത് അഗാര്‍ക്കറിനു തലവേദന സൃഷ്ടിക്കും. ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും കാര്യമായൊന്നും ചെയ്യാത്തതിനാല്‍ ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദ്ദം അഗാര്‍ക്കറിനു മേലുണ്ടാവും. അതു ഒഴിവാക്കാന്‍ വേണ്ടിയാണ് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇത്തരമൊരു നീക്കം നടത്തിയിട്ടുള്ളതെന്നും ഒരു ആരാധകന്‍ പറയുന്നു.
അതേസമയം, തുടര്‍ച്ചയായി മൂന്നു ടൂര്‍ണമെന്റുകളിലാണ് അടുത്തിടെയായി സഞ്ജു ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടത്. ചൈനയിലെ ഗ്വാങ്ഷുവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കായി രണ്ടാംനിര ടീമിനെ ഇന്ത്യ തിരഞ്ഞടുത്തപ്പോള്‍ അതില്‍ അദ്ദേഹമുണ്ടായിരുന്നില്ല. ഏഷ്യാ കപ്പിനായി 17 പേരുള്‍പ്പെട്ട വലിയ സ്‌ക്വാഡിനെയായിരുന്നു ഇന്ത്യ പ്രഖ്യാപിച്ചത്. ഇതിലും സഞ്ജു ഉള്‍പ്പെട്ടില്ല.
ട്രാവലിങ് ബാക്കപ്പായി വെറുമൊരു പേരിന് അദ്ദേഹത്തെ ലങ്കയിലേക്കു ഇന്ത്യ ഒപ്പം കൂട്ടുകയാണ് ചെയ്തത്. എന്നാല്‍ കെഎല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയതോടെ സൂപ്പര്‍ ഫോറിനു മുമ്പ് തന്നെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കു തിരികെ അയച്ചു. ഏറ്റവും അവസാനമായി ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചപ്പോഴും സഞ്ജുവിനു നേരെ അവര്‍ കണ്ണടയ്ക്കുകയായിരുന്നു.