സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം നാളെ (ശനി) സിഡ്‌നിയില്‍ നടക്കാനിരിക്കുകയാണ്. ആദ്യ ണ്ടു കളിയും തോറ്റ് പരമ്പര കൈവിട്ടു കഴിഞ്ഞ ശുഭ്മന്‍ ഗില്ലും സംഘവും ആശ്വാസ ജയമായിരിക്കും സിഡ്‌നിയില്‍ ലക്ഷ്യമിടുന്നത്. അഡ്‌ലെയ്ഡ് ഓവലിലെ രണ്ടാമങ്കത്തില്‍ രണ്ടു വിക്കറ്റിനാണ് ഇന്ത്യക്കു കീഴടങ്ങേണ്ടി വന്നത്.
ഇനി ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ തന്നെ അവസരമില്ലാതെ ആദ്യ രണ്ടു കളിയിലും പുറത്തിരിക്കേണ്ടി വന്ന ചിലര്‍ക്കു സിഡ്‌നിയില്‍ ഇന്ത്യ അവസരം നല്‍കിയേക്കും. സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നമുക്കു പരിശോധിക്കാം.

ആരെല്ലാം 11ല്‍ ഉണ്ടാവും?
ഒരേ പ്ലെയിങ് ഇലവനെയാണ് പെര്‍ത്ത്, അഡ്‌ലെയ്ഡ് ഏകദിനങ്ങളില്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പരീക്ഷിച്ചത്. പക്ഷെ അദ്ദേഹത്തിന്റെ ടീം സെലക്ഷന്‍ തെറ്റായിരുന്നുവെന്നു ഈ മല്‍സരങ്ങള്‍ തെളിയിക്കുകയും ചെയ്തു. ആദ്യ കളിക്കു ശേഷം തന്നെ ഗംഭീറിന്റെ ടീം കോമ്പിനേഷനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പക്ഷെ അദ്ദേഹം ടീമിനെ തന്നെ രണ്ടാമത്തെ കളിയിലും നിലനിര്‍ത്തിയാണ് ഇതിനോടു പ്രതികരിച്ചത്.
എന്നാല്‍ ഇനി സിഡ്‌നിയിലെ അവസാനത്തെ മല്‍സരമെങ്കിലും ജയിച്ച് മാനം കാക്കണമെങ്കില്‍ ഇലവനില്‍ മാറ്റം വരുത്തിയേ തീരൂവെന്നു ഗംഭീറിനു ബോധ്യമുണ്ടായട്ടുണ്ടാവും. അതുകൊണ്ടുതന്നെ ചില അഴിച്ചുപണികളോടെയാവും അദ്ദേഹം അടുത്ത കളിയില്‍ ഇറക്കുക. ടോപ്പ് ഓര്‍ഡര്‍ ബാറ്റിങിലൊന്നും മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യതയില്ല. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു തുടരെ മൂന്നാമത്തെ കളിയിലും ബെഞ്ചില്‍ തന്നെയാവും സ്ഥാനം.
രോഹിത് ശര്‍മ കഴിഞ്ഞ മല്‍സരത്തില്‍ 70 പ്ലസ് റണ്‍സുമായി ഫോമിലേക്കു മടങ്ങിയെത്തി കഴിഞ്ഞു. ക്യാപ്റ്റന്‍ ശുഭമന്‍ ഗില്ലിനൊപ്പം അടുത്ത കളിയിലും അദ്ദേഹം തന്നെയാവും ഓപ്പണറായി ഇറങ്ങുക. മൂന്നാം നമ്പറില്‍ പതിവുപോലെ വിരാട് കോലിയുണ്ടാവും. കഴിഞ്ഞ രണ്ടു മല്‍സരത്തിലും ഡെക്കായിരുന്നെങ്കിലു അദ്ദേഹം പുറത്തിരുത്തുകയെന്ന സാഹസത്തിനൊന്നും ഇന്ത്യ മുതിരാനിടയില്ല.
സിഡ്‌നിയിലെങ്കിലും ഫോം വീണ്ടെടുത്ത് ശക്തമായൊരു തിരിച്ചുവരവായിരിക്കും കോലി ലക്ഷ്യമിടുക. അടുത്ത കളിയിലും ഫ്‌ളോപ്പായാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിനെതിരേ ചോദ്യങ്ങളുയരുമെന്നുറപ്പാണ്. കോലി കഴിഞ്ഞാല്‍ നാലാമന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരായിരിക്കും. കഴിഞ്ഞ മല്‍സരത്തില്‍ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി അദ്ദേഹം മികച്ച ഇന്നിങ്‌സ് കാഴ്ചവച്ചിരുന്നു.
ഇടംകൈയന്‍ ബാറ്ററായതിനാല്‍ അക്ഷര്‍ പട്ടേലിനെ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യുന്ന രീതി അടുത്ത കളിയിലും ഇന്ത്യ തുടരും. ഈ നീക്കം ക്ലിക്കായിട്ടുണ്ടെന്നു തന്നെ പറയാം. ആദ്യ കളിയില്‍ 30 പ്ലസ് റണ്‍സും കഴിഞ്ഞ മല്‍സരത്തില്‍ 40 പ്ലസ് റണ്‍സും അക്ഷര്‍ കുറിച്ചിരുന്നു. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറും സ്റ്റാര്‍ ബാറ്ററുമായ കെഎല്‍ രാഹുല്‍ തന്നെ വീണ്ടും കളിക്കും.

ഏഴാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ തന്നെ വീണ്ടും കാണാന്‍ സാധിക്കും. പക്ഷെ എട്ടില്‍ ഇന്ത്യ ഒരു മാറ്റം വരുത്തിയേക്കും. സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് കഴിഞ്ഞ രണ്ടു മാച്ചിലും ഈ പൊസിഷനില്‍ കളിച്ചത്. അദ്ദേഹത്തിനു പകരം സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെ ഇറക്കും.
പേസ് നിരയിലും ഒരു മാറ്റം പ്രതീക്ഷിക്കാം. ഗംഭീറിന്റെ ഫേവറിറ്റായ പേസര്‍ ഹര്‍ഷിത് റാണയെ സിഡ്‌നിയില്‍ കളിപ്പിച്ചേക്കില്ല. പകരം മറ്റൊരു ഫാസ്റ്റ് ബൗളറായ പ്രസിദ്ധ് കൃഷ്ണയ്ക്കാവും നറുക്കുവീഴുക. അതിനു ശേഷം ടീമിലെ മറ്റു രണ്ടു പേസര്‍മാരായി മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങും തന്നെ തുടരുകയും ചെയ്യും.
മൂന്നാം ഏകദിനത്തിലെ സാധ്യതാ 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.