കാന്‍ബെറ: ഓസ്ട്രലിയക്കെതിരേ ബുധനാഴ്ച കാന്‍ബെറയില്‍ നടക്കാനിരിക്കുന്ന ആദ്യ ടി20 പോരാട്ടത്തില്‍ ഇന്ത്യയുടെ ഏറ്റവും ശക്തമായ പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേല്‍. ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ടായ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ അദ്ദേഹം ത്‌ന്റെ ഇലവനില്‍ നിന്നും തഴഞ്ഞുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.
മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 1-2നു കൈവിടേണ്ടി വന്നതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരമാണ് അഞ്ചു ടി20കളുടെ പരമ്പര. ടി20യിലെ സമീപകാലത്തെ തകര്‍പ്പന്‍ പ്രകടനങ്ങളും മികച്ച താരങ്ങളുടെ സാന്നിധ്യവുമെല്ലാം ടി20യിയില്‍ ഇന്ത്യയെ ഫേവറിറ്റുകളാക്കി മാറ്റുന്നുണ്ട്. പാര്‍ഥീവിന്റെ ടീം കോമ്പിനേഷന്‍ എങ്ങനെയാണെന്നു നമുക്കു നോക്കാം.

പാര്‍ഥീവിന്റെ ടീമില്‍ ആരെല്ലാം?
ഇന്ത്യന്‍ ടീമിന്റെ ടോപ്പ് ഫൈവില്‍ പാര്‍ഥീവ് പട്ടേല്‍ അഴിച്ചുപണികളൊന്നും നടത്തിയിട്ടില്ല. അവസാനം കളിച്ച ഏഷ്യാ കപ്പിലെ അതേ ലൈനപ്പ് അദ്ദേഹം നിനിര്‍ത്തിയിരിക്കുകയാണ്. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും നമ്പര്‍ വണ്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ഓപ്പണിങ് ജോടികള്‍.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ നിര്‍ത്തിയ റണ്‍വേട്ട തുടരാനുറച്ചാണ് അഭിഷേക് ഓസ്‌ട്രേലിയയിലെത്തിയിരിക്കുന്നത്. ഹാട്രിക് ഫിഫ്റ്റികളടക്കം 200 സ്‌ട്രൈക്ക് റേറ്റില്‍ 314 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമന്റ് പുരസ്‌കാരവും അഭിഷേകിനായിരുന്നു.
പാര്‍ഥീവിന്റെ ഇലവനില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ യുവ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവരാണ്. അഭിഷേക് കഴിഞ്ഞാല്‍ ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സടിച്ച താരമാണ് തിലക്. ആറിന്നിങ്‌സുകളില്‍ നിന്നും 71 ശരാശരിയില്‍ 213 റണ്‍സ് അദ്ദേഹം നേടിയിരുന്നു, പാകിസ്താനുമായുള്ള ഫൈനലിലെ മാച്ച് വിന്നിങ് ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി പാര്‍ഥീവ് തിരഞ്ഞെടുത്തത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെയാണ്. ഏഷ്യാ കപ്പിലും അദ്ദേഹം മധ്യനിരയിലാണ് അദ്ദേഹം ബാറ്റ് ചെയ്്തത്. ടി20 ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കുന്നതിനൊപ്പം അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ടിക്കറ്റുറപ്പിക്കാനുമുള്ള അവസരം കൂടിയായിരിക്കും സഞ്ജുവിനു ഈ പരമ്പര.
ആറാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണുള്ളത്. മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിനെ പാര്‍ഥീവ് തന്റെ ടീമിലെടുത്തില്ല. അപകടകാരിയായ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും അദ്ദേഹം ബെഞ്ചിലിരുത്തുകയായിരുന്നു.
അക്ഷറിനു ശേഷം ഏഴാമനായി സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയെയാണ് പാര്‍ഥീവ് ഉള്‍പ്പെടുത്തിയത്. തൊട്ടു പിന്നാലെ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമില്‍ ഇടം പിടിച്ചു. കുല്‍ദീപിനെ തഴഞ്ഞ പാര്‍ഥീവ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇലവനിലെടുത്തത് വരുണ്‍ ചക്രവര്‍ത്തിയെയാണ്.

തുടര്‍ന്നു രണ്ടു ഫാസ്റ്റ് ബൗളര്‍മാരായി ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിങും ടീമിലിടം പിടിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ആറു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിലെ കുന്തമുനയായി മാറിയ പേസര്‍ ഹര്‍ഷിത് റാണ തഴയപ്പെട്ടു.
പാര്‍ഥീവിന്റെ ഇന്ത്യന്‍ പ്ലെയിങ് 11
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.