Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'താഴത്തില്ലെടാ', പുഷ്പ സ്റ്റൈലില്‍ ഫിഫ്റ്റി ആഘോഷിച്ച് നിതീഷ്, വീഡിയോ വൈറല്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ രക്ഷകനായി മാറിയിരിക്കുകയാണ് നിതീഷ് കുമാര്‍ റെഡ്ഡി. യശ്വസി ജയ്‌സ്വാള്‍ (82) ഒഴികെ ഇന്ത്യയുടെ മറ്റെല്ലാവരും കളി മറന്ന മത്സരത്തില്‍ നിതീഷ് കുമാര്‍ മധ്യനിരയില്‍ രക്ഷകനായിരിക്കുകയാണ്. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ നിതീഷ് ഇന്ത്യക്ക് കരുത്തേകുകയായിരുന്നു. പരമ്പരയില്‍ പല തവണ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും തന്റെ ആദ്യ ടെസ്റ്റ് ഫിഫ്റ്റി മെല്‍ബണില്‍ കുറിക്കാനാണ് നിതീഷിന് സാധിച്ചത്.

ഓസീസ് ബൗളര്‍മാരെ ധൈര്യത്തോടെ നേരിട്ട നിതീഷ് സീനിയര്‍ താരങ്ങള്‍ക്ക് മാതൃകയാവുന്ന തരത്തിലുള്ള ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. മോശം ഷോട്ടുകള്‍ക്ക് ശ്രമിക്കാതെ മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ നിതീഷ് കുമാറിനായി. 81 പന്ത് നേരിട്ട് നാല് ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് നിതീഷ് അര്‍ധ സെഞ്ച്വറിയിലേക്കെത്തിയത്. ഇപ്പോഴിതാ നിതീഷിന്റെ പ്രകടനത്തെ വാനോളം പ്രശംസിക്കുകയാണ് ആരാധകര്‍.

പുഷ്പ സ്റ്റൈലില്‍ ആഘോഷം

നിതീഷ് തന്റെ അര്‍ധ സെഞ്ച്വറി നേട്ടം ആഘോഷിച്ചത് പുഷ്പ ശൈലിയിലായിരുന്നു. ബാറ്റുകൊണ്ട് പുഷ്പ സ്റ്റൈല്‍ കാട്ടിയാണ് നിതീഷ് തന്റെ കന്നി അര്‍ധ സെഞ്ച്വറി നേട്ടം ആഘോഷമാക്കിയത്. ആത്മവിശ്വാസത്തോടെയുള്ള ഇന്നിങ്‌സാണ് നിതീഷ് കാഴ്ചവെച്ചത്. റിഷഭ് പന്ത് പുറത്തായതോടെ 200ന് മുകളില്‍ ലീഡ് ലക്ഷ്യംവെച്ച ഓസ്‌ട്രേലിയയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കാന്‍ നിതീഷിന് സാധിച്ചു. ഇതിനോടകം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നവനായി മാറാന്‍ നിതീഷിനായി.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കണ്ടെത്തലായിരുന്ന നിതീഷ് ഇന്ത്യക്കായി ടി20യിലും മിന്നിച്ചു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരക്ക് അപ്രതീക്ഷിതമായാണ് നിതീഷിന് വിളിയെത്തിയത്. പേസ് ഓള്‍റൗണ്ടറായാണ് നിതീഷിനെ ഇന്ത്യ പരിഗണിച്ചത്. ഈ തീരുമാനം തെറ്റായില്ലെന്ന് തന്നെ പറയാം. ഗംഭീര പ്രകടനത്തോടെ ഓസ്‌ട്രേലിയയില്‍ മിന്നിക്കാന്‍ നിതീഷിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യക്ക് വലിയ പ്രതീക്ഷയായി യുവതാരം മാറിയിട്ടുണ്ട്.

nitish kumar reddy

എട്ടാം നമ്പറില്‍ റെക്കോഡ് കൂട്ടുകെട്ട്

മെല്‍ബണില്‍ എട്ടാം നമ്പറിലെ റെക്കോഡ് കൂട്ടുകെട്ടാണ് നിതീഷ് കുമാറും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് സൃഷ്ടിച്ചത്. 221ന് 7 വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഈ കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 315ഉും കടന്ന് ഈ കൂട്ടുകെട്ട് മുന്നേറിയതോടെയാണ് മെല്‍ബണില്‍ എട്ടാം നമ്പറിലെ റെക്കോഡ് കൂട്ടുകെട്ടായി ഇത് മാറിയത്. 300നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ച ഇന്ത്യന്‍ ഇന്നിങ്‌സിനെ നിതീഷും വാഷിങ്ടണും ചേര്‍ന്ന് കരകയറ്റുകയായിരുന്നുവെന്ന് പറയാം.

യുവ സൂപ്പര്‍ താരം ശുബ്മാന്‍ ഗില്‍ മോശം ഫോമില്‍ തുടര്‍ന്നതോടെ പുറത്തിരുത്തി വാഷിങ്ടണ്‍ സുന്ദറെ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായില്ലെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് സുന്ദര്‍ കാഴ്ചവെച്ചത്. ഏറെ നാള്‍ ഒതുക്കപ്പെട്ട സുന്ദര്‍ ഇപ്പോള്‍ അവസരത്തിനൊത്ത് വീണ്ടുമുയര്‍ന്ന് കൈയടി നേടുകയാണ്. ആര്‍ അശ്വിന്‍ വിരമിച്ച സാഹചര്യത്തില്‍ സുന്ദറിന് ഇനി തുടര്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് തന്നെ കരുതാം.

ഹാര്‍ദിക്കിന് നിതീഷ് ഭീഷണി

ഇന്ത്യയുടെ ഏറെ നാളായുള്ള തലവേദനക്കാണ് നിതീഷിലൂടെ പരിഹാരമായിരിക്കുന്നത്. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം ഇന്ത്യക്കുണ്ടായിരുന്നു. ഹാര്‍ദിക് പാണ്ഡ്യയിലായിരുന്നു ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. എന്നാല്‍ പരിക്കേറ്റതോടെ ഹാര്‍ദിക് പാണ്ഡ്യ ടി20യിലേക്ക് മാത്രമായി ഒതുങ്ങി. ഇതോടെ ഏകദിനത്തിലും ടെസ്റ്റിലും മികച്ച പേസ് ഓള്‍റൗണ്ടറില്ലാതെ ഇന്ത്യ പ്രയാസപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ നിതീഷിന്റെ വരവ് വളരെ പ്രതീക്ഷ നല്‍കുന്നതാണ്.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നവനായി നിതീഷ് മാറിക്കഴിഞ്ഞു. നിതീഷിന്റെ ബൗളിങ് പ്രകടനം അല്‍പ്പം കൂടി മെച്ചപ്പെടാനുണ്ട്. അനുഭവസമ്പത്തിലേക്കെത്തുമ്പോള്‍ ഇത് മെച്ചപ്പെടുമെന്ന കാര്യം ഉറപ്പാണ്. എന്തായാലും നിലവിലെ നിതീഷിന്റെ പ്രകടനം ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Saturday, December 28, 2024, 9:25 [IST]
Other articles published on Dec 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+