IND vs AUS: 16 വര്‍ഷത്തിനു ശേഷമാദ്യം, ഷമി ഹീറോടാ! അഗാര്‍ക്കറിനെ കടത്തിവെട്ടി
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ അഞ്ചു വിക്കറ്റുകളുമായി കസറിയതോടെ ചില വമ്പന്‍ നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 51 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം ഫൈഫറിനു അവകാശിയായത്. മിന്നുന്ന ഫോമിലുള്ള മുഹമ്മദ് സിറാജിനു പകരം ഈ കളിയില്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടിയ ഷമി മിന്നുന്ന പ്രകടനവുമായി അവസരം ശരിക്കും മുതലെടുക്കുകയായിരുന്നു.
ഈ മല്‍സരത്തിലെ ഫൈഫറോടെ ഒരു വമ്പന്‍ നേട്ടം ഷമിയെ തേടിയെത്തിയിരിക്കുകയാണ്. 16 വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍ ഒരു ഏകദിന മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ആദ്യത്തെ ഇന്ത്യന്‍ പേസറായി ഷമി മാറി. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. 2010-11ല്‍ ഇംഗ്ലണ്ടിനെതിരേ ബെര്‍മിങ്ഹാമില്‍ വച്ച് 69 റണ്‍സിനു അഞ്ചു പേരെ പുറത്താക്കിയതായിരുന്നു നേരത്തേ ഷമിയുടെ മികച്ച പ്രകടനം. അതാണ് ഈ മല്‍സരത്തില്‍ അദ്ദേഹം മെച്ചപ്പെടുത്തിയത്.

ഓസ്‌ട്രേലിയക്കെതിരേ ഏകദിനത്തില്‍ ഫൈഫറിനു അവകാശിയായ ഇന്ത്യയുടെ മൂന്നാമത്തെ പേസറെന്ന നേട്ടവും ഷമി സ്വന്തമാക്കിയിരിക്കുകയാണ്. 1983ല്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവാണ് (5ന് 43) ആദ്യമായി ഓസീസിനെതിരേ അഞ്ചു വിക്കറ്റുകള്‍ പിഴുതത്.
2004ല്‍ മെല്‍ബണില്‍ നടന്ന കളിയില്‍ മുന്‍ ഫാസ്റ്റ് ബൗളറും നിലവിലെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അജിത് അഗാര്‍ക്കര്‍ ഈ നേട്ടത്തിനൊപ്പമെത്തി. 42 റണ്‍സിനു ആറു വിക്കറ്റുകള്‍ അഗാര്‍ക്കര്‍ പോക്കറ്റിലാക്കിയിരുന്നു. ഇപ്പോള്‍ ഫൈഫറുമായി ഷമിയും ഇവരോടൊപ്പം എത്തിയിരിക്കുകയാണ്.
ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമത്തെ ഇന്ത്യന്‍ ബൗളറെന്ന നാഴികക്കല്ലും ഷമി തന്റെ പേരിലാക്കി. നേരത്തേ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന അജിത് അഗാര്‍ക്കറെയാണ് അദ്ദേഹം പിന്തള്ളിയത്. 37 വിക്കറ്റുകളാണ് ഇപ്പേള്‍ ഷമിയുടെ അക്കൗണ്ടിലുള്ളത്.
അഗാര്‍ക്കര്‍ നേടിയത് 36 വിക്കറ്റുകളുമാണ്. കപില്‍ ദേവിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. 45 വിക്കറ്റുകളുമായിട്ടാണ് അദ്ദേഹം തലപ്പത്തു നില്‍ക്കുന്നത്. ജവഗല്‍ ശ്രീനാഥ് (33), ഹര്‍ഭജന്‍ സിങ് (32) എന്നിവരാണ് ഈ ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.
ഏകദിനത്തില്‍ 93 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ കൂടിയാണ് ഷമി. ഇത്രയും മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പോക്കറ്റിലാക്കിയത് 170 വിക്കറ്റുകളാണ്. ലോകകപ്പില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഇലവനില്‍ താനും സ്ഥാനമര്‍ഹിക്കുന്നുണ്ടെന്നു ഇന്നത്തെ കളിയിലെപ്രകടനത്തിലൂടെ ഷമി തെളിയിച്ചിരിക്കുകയാണ്.

ഇന്ത്യക്കു 277 റണ്‍സ് വിജയലക്ഷ്യം
മൊഹാലിയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ 277 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസീസ് അവസാന ബോളില്‍ 276 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണര്‍ (52) മാത്രമേ ഫിഫ്റ്റി കുറിച്ചുള്ളൂ. 53 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറുകളും രണ്ടു സിക്‌സറുമടിച്ചു.
45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസാണ് ഓസീസിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 45 ബോളില്‍ താരം മൂന്നു ഫോറും രണ്ടു സിക്‌സറും പായിച്ചു. സ്റ്റീവ് സ്മിത്ത് (41), മാര്‍നസ് ലബ്യുഷെയ്ന്‍ (39), കാമറൂണ്‍ ഗ്രീന്‍ (31), മാര്‍ക്കസ് സ്റ്റോയ്‌നിസ് (29) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications