ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആവേശകരമായി മുന്നോട്ട് പോവുകയാണ്. ആദ്യ മൂന്ന് മത്സരം കഴിയുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ വിജയം നേടി. മൂന്നാം മത്സരത്തില്‍ മഴ കളിച്ചതോടെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ഇതിനിടെയാണ് എല്ലാവരേയും ഞെട്ടിച്ച് ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ ഇതിഹാസ സ്പിന്നറായ അശ്വിന്‍ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കിടെയിലെ അശ്വിന്റെ വിരമിക്കല്‍ പല അഭ്യൂഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ടെസ്റ്റ് പരമ്പര പൂര്‍ത്തിയാകാന്‍ നില്‍ക്കാതെ തിടക്കപ്പെട്ട് അശ്വിന്‍ എന്തിന് വിരമിച്ചു എന്നതാണ് ചോദ്യം. എന്നാല്‍ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കിടെ വിരമിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമല്ല അശ്വിന്‍. വേറെയും ചില ഇതിഹാസങ്ങള്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അത് ആരൊക്കെയാണെന്ന് നോക്കാം.
അനില്‍ കുംബ്ലെ
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സ്പിന്നറാണ് അനില്‍ കുംബ്ലെ. ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഇന്ത്യയുടെ ഒന്നാമനായ കുബ്ലെ നായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റുകളടക്കം വീഴ്ത്തിയിട്ടുള്ള അശ്വിന്‍ 2008ലെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡല്‍ഹിയിലായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കല്‍ മത്സരം. വിരമിച്ച ശേഷം ഇന്ത്യയുടെ പരിശീലകനായും കുംബ്ലെ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും കുംബ്ലെ ഓസീസ് ടെസ്റ്റ് പരമ്പരയിലൂടെയാണ് തന്റെ കരിയറിന് വിരാമമിട്ടത്.
സൗരവ് ഗാംഗുലി
ഇന്ത്യയുടെ ഇതിഹാസ നായകനാണ് സൗരവ് ഗാംഗുലി. വലിയ തകര്‍ച്ചയിലേക്ക് പോയിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉയര്‍ത്തിക്കൊണ്ടുവന്ന ഗാംഗുലി ടെസ്റ്റിലും ഏകദിനത്തിലും അതുല്യ റെക്കോഡുകളോടെയാണ് വിരമിച്ചത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായും വലം കൈയന്‍ മീഡിയം പേസറായും തിളങ്ങിയ ഗാംഗുലി ക്രിക്കറ്റ് ആരാധകരുടെ 'ദാദ' ആയിരുന്നു. ഗാംഗുലിയും വിരമിച്ചത് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലൂടെയായിരുന്നു. 2008ല്‍ നാഗ്പൂരില്‍ കളിച്ചാണ് ഗാംഗുലിയുടെ വിരമിക്കല്‍. വിരമിച്ച ശേഷം ബിസിസി ഐ പ്രസിഡന്റായി പ്രവര്‍ത്തിച്ച ഗാംഗുലി ഇപ്പോള്‍ പരിശീലക റോളിലേക്ക് തിരഞ്ഞിട്ടുണ്ട്.
രാഹുല്‍ ദ്രാവിഡ്
ഇന്ത്യയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറും ക്ലാസിക് ബാറ്റ്‌സ്മാനുമായിരുന്ന രാഹുല്‍ ദ്രാവിഡും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബാറ്റിങ് വന്മതിലെന്ന വിശേഷണം നേടിയ ദ്രാവിഡ് 2012ലാണ് പാഡഴിച്ചത്. ടെസ്റ്റില്‍ പകരക്കാരനില്ലാത്ത പ്രതിഭാസമായിരുന്നു ദ്രാവിഡ്. എന്തായാലും ഓസീസ് പരമ്പരയിലൂടെയാണ് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചത്. വിരമിച്ച ശേഷം പരിശീലകനായെത്തിയ ദ്രാവിഡ് ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടവും ചൂടിച്ചു.
വിവിഎസ് ലക്ഷ്മണ്‍
ക്ലാസിക് ബാറ്റ്‌സ്മാനായിരുന്ന വിവിഎസ് ലക്ഷ്മണ്‍ ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ താരമായിരുന്നു. 2012ലെ ഓസീസ് ടെസ്റ്റ് പരമ്പരയിലൂടെയാണ് ലക്ഷ്മണും വിരമിക്കല്‍ പ്രഖ്യാപിച്ചത്. സിഡ്‌നിയിലായിരുന്നു ലക്ഷ്മണിന്റെ അവസാന ടെസ്റ്റ് മത്സരം. ഓസ്‌ട്രേലിയക്കെതിരേ അതുല്യ ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ലക്ഷ്മണ്‍ ഇതേ എതിരാളികള്‍ക്കെതിരേ കളിച്ചാണ് തന്റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. വിരമിച്ച ശേഷം പരിശീലക റോളുകളിലും പ്രവര്‍ത്തിച്ച അദ്ദേഹം നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ്.

വീരേന്ദര്‍ സെവാഗ്
ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് വീരേന്ദര്‍ സെവാഗ്. ഓപ്പണിങ്ങിലിറങ്ങി തല്ലിത്തകര്‍ക്കുന്ന സെവാഗ് ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 2013ലെ ഓസീസ് പരമ്പരയിലൂടെയാണ് സെവാഗും ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത്. ഇപ്പോഴും സെവാഗിനെപ്പോലൊരു ഓപ്പണറെ ഇന്ത്യക്ക് ടെസ്റ്റില്‍ ലഭിച്ചിട്ടില്ല. വിരമിച്ച ശേഷം കമന്റേറ്റര്‍ റോളിലാണ് സെവാഗ് കൂടുതല്‍ തിളങ്ങുന്നത്.
എംഎസ് ധോണി
ഇന്ത്യയുടെ ഇതിഹാസ നായകനായ എംഎസ് ധോണിയും ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ചത് ഓസീസ് ടെസ്റ്റ് പരമ്പരയിലൂടെയാണ്. 2014ലെ പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷം അപ്രതീക്ഷിതമായാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നായകനായിരിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി വിരാക് കോലിക്കായി വഴിമാറുകയായിരുന്നുവെന്ന് പറയാം. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് പൂര്‍ണ്ണമായും വിടപറഞ്ഞ ധോണി ഇപ്പോഴും സിഎസ്‌കെയ്ക്കായി ഐപിഎല്‍ കളിക്കുന്നുണ്ട്.
ആര്‍ അശ്വിന്‍
ഈ പട്ടികയിലെ അവസാനക്കാരനാണ് അശ്വിന്‍. നടന്നുകൊണ്ടിരിക്കുന്ന ഓസീസ് പരമ്പരയിലെ മൂന്നാം മത്സരത്തിലൂടെയാണ് അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അശ്വിന്‍ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി അടുത്ത സീസണില്‍ കളിക്കും. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് അശ്വിന്‍.