മുംബൈ: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായുള്ള തയ്യാറെടുപ്പിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്. അവസാന രണ്ട് ടെസ്റ്റ് പരമ്പരയിലും ഓസ്‌ട്രേലിയയിലെത്തി വീരഗാഥ രചിക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതോടെ ഇന്ത്യയുടെ ചിര വൈരികളായി ഓസ്‌ട്രേലിയ മാറിയിരിക്കുകയാണ്. അവസാന രണ്ട് പരമ്പര നേട്ടത്തിനും ഇത്തവണ മറുപടി നല്‍കാനാണ് ഓസ്‌ട്രേലിയ കണക്കൂകൂട്ടുന്നത്. ഇതിനോടകം വെല്ലുവിളികള്‍ ഓസീസ് താരങ്ങള്‍ നടത്തുന്നുമുണ്ട്.
ഗൗതം ഗംഭീര്‍ എന്ന പുതിയ പരിശീലകന് കീഴില്‍ ഓസ്‌ട്രേലിയന്‍ പരമ്പരക്ക് പോകുന്ന ഇന്ത്യക്ക് പരമ്പര നിലനിര്‍ത്താനാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് പേസ് കൂട്ടുകെട്ടിലൂന്നിയാവും ഇന്ത്യ ഓസ്‌ട്രേലിയയിലിറങ്ങുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ചില സര്‍പ്രൈസ് നീക്കങ്ങളും ഇന്ത്യ നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ പേസ് നിരയിലേക്ക് മായങ്ക് യാദവിനെ പരിഗണിക്കുമെന്നാണ് സൂചന. അവസാന ഐപിഎല്‍ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം വരവറിയിച്ച പേസറാണ് മായങ്ക് യാദവ്. ആദ്യത്തെ കുറച്ച് മത്സരങ്ങളിലൂടെത്തന്നെ അതിവേഗ പേസുകൊണ്ട് ഞെട്ടിക്കാന്‍ മായങ്ക് യാദവിനായി. തുടര്‍ച്ചയായി 150ന് മുകളില്‍ പന്തെറിയാന്‍ മായങ്കിന് കഴിവുണ്ട്. എന്നാല്‍ പരിക്കേറ്റതോടെ അവസാന ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും കളിക്കാന്‍ മായങ്കിന് സാധിക്കാതെ പോയി.
എല്ലാവരേയും ഞെട്ടിച്ച് ഓസ്‌ട്രേലിയയില്‍ ഇന്ത്യ മായങ്ക് യാദവിനെ കളിപ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ബിസിസി ഐ സെക്രട്ടറി ജയ് ഷാ തന്നെ വ്യക്തത വരുത്തിയിരിക്കുകയാണ്. 'ബുംറയും ഷമിയും സിറാജും പൂര്‍ണ്ണ ഫിറ്റ്‌നസിലാണെങ്കില്‍ കൂടുതല്‍ മത്സരങ്ങളും ഇവര്‍ തന്നെയാവും കളിക്കുക. ഇന്ത്യക്ക് ഇത്തവണ ഹാട്രിക് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. അര്‍ഷ്ദീപ് സിങ്ങിനെ ഇടം കൈയന്‍ പേസറായി പരിഗണിക്കപ്പെടാവുന്നതാണ്.

മായങ്ക് യാദവ് കറുത്ത കുതിരയാണ്. അവന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെങ്കില്‍' എന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസിം ജാഫര്‍ പോസ്റ്റിട്ടിരുന്നു. ഇതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ജയ് ഷാ മായങ്ക് യാദവിന്റെ സാധ്യതകളെക്കുറിച്ച് പ്രതികരിച്ചു. 'മായങ്ക് യാദവ് ഇന്ത്യന്‍ ടീമിലുണ്ടാവുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഒരു ഉറപ്പും ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ മികച്ച പേസ് ബൗളറാണവന്‍. അവനില്‍ ഞങ്ങളുടെ ശ്രദ്ധയുണ്ടാവും. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണവന്‍' ജയ് ഷാ പറഞ്ഞു.
മായങ്ക് യാദവ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടില്ലെന്നാണ് ജയ് ഷാ വ്യക്തമാക്കിയത്. ഓസ്‌ട്രേലിയയില്‍ അതിവേഗത്തില്‍ പന്തെറിഞ്ഞിട്ട് മാത്രം കാര്യമില്ല. പിച്ചിന്റെ ബൗണ്‍സ് മനസിലാക്കി മികച്ച ലൈനും ലെങ്തും സ്വിങ്ങും വേണം. ഓസീസ് പിച്ചില്‍ അതിവേഗത്തെക്കാളുപരി തന്ത്രത്തിനാണ് പ്രാധാന്യം. ഇതിനുള്ള അനുഭവസമ്പത്ത് മായങ്കിനായിട്ടില്ല. ബുംറ, ഷമി, സിറാജ് കൂട്ടുകെട്ട് ഇതിനോടകം ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരുടേതാണ്.
അതുകൊണ്ടുതന്നെ ഇതിനെ പൊളിച്ചെഴുതാന്‍ ഇന്ത്യ ശ്രമിച്ചേക്കില്ല. മായങ്ക് യാദവിനെ പരിഗണിച്ചേക്കില്ല. ഹാര്‍ദിക് പാണ്ഡ്യയെ പേസ് ഓള്‍റൗണ്ടറായി പരിഗണിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. എന്നാല്‍ താരത്തിന്റെ ഫിറ്റ്‌നസ് അനുവദിക്കുമോയെന്നത് കണ്ടറിയണം. ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കും. കാരണം കഴിഞ്ഞ രണ്ട് തവണത്തെ തോല്‍വിക്ക് ഇത്തവണ പകരം വീട്ടാനാവും ഓസ്‌ട്രേലിയ ആഗ്രഹിക്കുക.
രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാണ്. റിഷഭ് പന്ത് അവസാന രണ്ട് സീരിസിലെ മാജിക്ക് ഇത്തവണ ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഓസ്‌ട്രേലിയയുടെ വലിയ വെല്ലുവിളി ഇന്ത്യ നേരിടേണ്ടി വരും. അതിനെ മറികടന്ന് വീണ്ടും ചരിത്രമെഴുതാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.