ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ആദ്യം പന്തെറിയുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന് മുമ്പ് ഗാബയില്‍ ഇന്ത്യ ജയിച്ചത് റണ്‍സ് പിന്തുടര്‍ന്നായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ ഇത്തവണ ടോസ് നേടിയപ്പോള്‍ ആദ്യം പന്തെറിയാനാണ് നായകന്‍ രോഹിത് ശര്‍മ തീരുമാനിച്ചത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 13.2 ഓവറില്‍ വിക്കറ്റ് പോവാതെ 28 റണ്‍സില്‍ നില്‍ക്കവെ വില്ലനായി മഴയെത്തുകയായിരുന്നു. ഇതോടെ മത്സരം തടസപ്പെടുന്ന സാഹചര്യവുമുണ്ടായി. നാല് ദിവസം ശേഷിക്കെ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാണെന്ന് തന്നെ പറയാം. ഗാബയിലെ സാഹചര്യത്തില്‍ ടീമെന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതാതെ ഇന്ത്യക്ക് ജയിക്കാനാവില്ല. ഗാബ ഓസ്‌ട്രേലിയയുടെ കുത്തക മൈതാനങ്ങളിലൊന്നാണ്.
ഇപ്പോഴിതാ ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് മോശം തീരുമാനമാണെന്നും രോഹിത് കാട്ടിയത് മണ്ടത്തരമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് ഓപ്പണറായ മാത്യു ഹെയ്ഡന്‍.
രോഹിത്തിന്റെ തീരുമാനം ഞെട്ടിച്ചു
ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്യാതിരുന്ന രോഹിത് ശര്‍മയുടെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നാണ് ഹെയ്ഡന്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് ഹെയ്ഡന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. 'എന്നെ ശരിക്കും ഞെട്ടിപ്പിച്ച തീരുമാനമായിരുന്നു ഇത്. ടോസ് നേടിയിട്ടും രോഹിത് ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് അത്ഭുതപ്പെടുത്തി. കാലാവസ്ഥ രോഹിത്തിന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടാവാം. കഴിഞ്ഞ രണ്ട് ആഴ്ചയായി ശക്തമായ മഴയാണ് ഇവിടെയുള്ളത്.
ഈ കാലാവസ്ഥ വരുന്ന ദിവസങ്ങളിലും തുടരാന്‍ സാധ്യതയുണ്ട്. മഴ കാലാവസ്ഥയായതിനാല്‍ മത്സരം നടക്കുമ്പോള്‍ ബാറ്റ്‌സ്മാന് കാര്യങ്ങള്‍ അനുകൂലമായിരിക്കും. ആദ്യത്തെ രണ്ട് ദിവസവും ബാറ്റിങ്ങിന് വലിയ അനുകൂലമായിരിക്കും പിച്ചിന്റെ സ്വഭാവം. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്' ഹെയ്ഡന്‍ പറഞ്ഞു. ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചിരിക്കുന്നതും. മഴ തുടര്‍ന്നാല്‍ ആദ്യ രണ്ട് ദിവസം ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായിരിക്കും കാര്യങ്ങള്‍.

ബാറ്റിങ്ങില്‍ വിശ്വാസം അര്‍പ്പിച്ച് ഇന്ത്യ
ടോസ് നേടിയിട്ടും ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചതിന് കാരണം ബാറ്റിങ് നിരയെ വിശ്വാസം അര്‍പ്പിക്കുന്നതിനാലാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവരെല്ലാം മികച്ച താരങ്ങളാണ്. ഗംഭീര പ്രകടനം നടത്തി ഇന്ത്യയെ ജയിപ്പിക്കാന്‍ പ്രാപ്തിയുള്ളവരുമാണ്. റിഷഭും ഗില്ലും നേരത്തെ ഗാബയില്‍ മികച്ച പ്രകടനം നടത്തി കൈയടി നേടിയ താരങ്ങളാണ്.
അതുകൊണ്ടുതന്നെ ഇത്തവണയും ഇവര്‍ മികവ് കാട്ടുകയും ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്യുമെന്നാണ് നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ കണക്കുകൂട്ടല്‍. എന്നാല്‍ റിഷഭ് ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷിച്ച പ്രകടനമല്ല നടത്തിയത്. വിരാട് കോലിയും രോഹിത് ശര്‍മയും രാഹുലും സ്ഥിരതയോടെ കളിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ശക്തമായ ബൗളിങ് കരുത്തുള്ള ഓസീസിനെ പിന്തുടര്‍ന്ന് ജയിക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കാത്തിരുന്ന് കാണാം.
ആദ്യ ദിനം മഴകൊണ്ടുപോയി
ആവേശകരമായ ഗാബ ടെസ്റ്റിന്റെ ആദ്യ ദിനം മഴ കളിച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ 13.2 ഓവറില്‍ 28 റണ്‍സുമായി നില്‍ക്കവെ മഴയെത്തുകയായിരുന്നു. ഇതോടെ ആദ്യ ദിനം നേരത്തെ തന്നെ മത്സരം നിര്‍ത്തേണ്ടി വന്നു. 19 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയും നാല് റണ്‍സോടെ നതാന്‍ മക്‌സ്വീനിയുമാണ് ക്രീസില്‍. വരുന്ന ദിവസങ്ങളിലും മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല.