മെല്‍ബണ്‍: മഴയെടുത്ത കാന്‍ബെറയിലെ ആദ്യ അങ്കത്തിനു ശേഷം ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിനൊരുങ്ങുകയാണ് ടീം ഇന്ത്യ. ആദ്യ മല്‍സരത്തില്‍ ബാറ്റിങില്‍ പിടിമുറുക്കി ഇന്ത്യ മികച്ച സ്‌കോറിലേക്കു നീങ്ങവെയാണ് വില്ലനായ മഴയെത്തിയത്. കളി നടന്നിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ ജയിച്ചു കയറേണ്ടതുമായിരുന്നു.
18 ഓവര്‍ വീതമായി വെട്ടിക്കുറച്ച കളിയില്‍ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റിനു 97 റണ്‍സെടുത്തു നില്‍ക്കവെയാണ് മഴയെത്തുന്നത്. പിന്നീട് കളി പുനരാരംഭിക്കാനുമായില്ല. ഇന്ത്യയെ സംബന്ധിച്ച് കളിയിലെ ഏറ്റവും വലിയ പോസിറ്റീവ് നായകന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്കു മടങ്ങിയെത്തിയെന്നതാണ്.

24 ബോളില്‍ നിന്നും മൂന്നും ഫോറും രണ്ടു സിക്സറുടക്കം 39 റണ്‍സെടുത്ത അദ്ദേഹം ഫിഫ്റ്റിയും കുറിക്കേണ്ടതായിരുന്നു. പക്ഷെ മഴ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയും ചെയ്തു. നാളെ (വെള്ളി) മെല്‍ബണില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ വലിയ ആത്മവിശ്വാസത്തോടെയാവും ഇന്ത്യയിറങ്ങുക. ഈ കളിയിലെ ഇന്ത്യന്‍ 11 എങ്ങനെയാവുമെന്നു നോക്കാം.
ടീമില്‍ മാറ്റം വരുത്തുമോ?
കാന്‍ബെറയിലെ ആദ്യ ടി20യില്‍ വളരെ സന്തുലിതമായ ഒരു പെര്‍ഫെക്ട് ടീമിനെ തന്നെയാണ് ഇന്ത്യ അണിനിരത്തിയതെന്നു പറയേണ്ടി വരും. പക്ഷെ അതേ ഇലവനെ തന്നെ മെല്‍ബണിലെ രണ്ടാമങ്കത്തിലും നിലനിര്‍ത്തുമോയെന്നതു സംശയമാണ്. ഒരു മാറ്റം ടീമില്‍ ഇന്ത്യ വരുത്താനിടയുണ്ട്. ഇതാവട്ടെ ബൗളിങിലുമായിരിക്കും.
ആദ്യ കളിയില്‍ അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നീ മൂന്നു സ്ലോ ബൗളര്‍മാര്‍ ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്നു. പക്ഷെ രണ്ടാം ടി20 നടക്കുന്ന മെല്‍ബണിലെ വിക്കറ്റ് ഫാസ്റ്റ് ബൗളിങിനു കൂടുതല്‍ യോജിച്ചതാണ്. അതുകൊണ്ടു തന്നെ ഈ മൂന്നു പേലിലൊരാളെ മാറ്റി ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങിനെ ഇന്ത്യന്‍ ഇലവനിലേക്കു കൊണ്ടു വന്നേക്കുകയും ചെയ്യും.
ബൗളിങിനൊപ്പം ബാറ്റിങില്‍ കൂടി മുതല്‍ക്കൂട്ടാവുമെന്നതിനാല്‍ അക്ഷറിനെ ഒഴിവാക്കാന്‍ ഇന്ത്യ ധൈര്യം കാണിക്കില്ല. പകരം കുല്‍ദീപ്, വരുണ്‍ എന്നിവരിലൊരാളെയാവും ഇന്ത്യ ഒഴിവാക്കിയേക്കുക. ഇവരില്‍ കുല്‍ദീപ് പുറത്തിരിക്കാനാണ് കൂടുതല്‍ സാധ്യത. കാരണം അദ്ദേഹത്തേക്കാള്‍ മിസ്റ്ററി സ്പിന്നറായ വരുണായിരിക്കും ഓസീസ് ബാറ്റിങ് നിരയ്ക്കു കൂടുതല്‍ ഭീഷണി ഉയര്‍ത്തിയേക്കുക.
പരിക്കു കാരണം സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ആദ്യ മൂന്നു ടി20കളില്‍ നിന്നും പിന്‍മാറിയതിനാല്‍ മെല്‍ബണിലും അദ്ദേഹത്തിന്റെ സേവനം. ഇതു ശിവം ദുബെയെ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ബാറ്റിങിലേക്കു വന്നാല്‍ പതിവുപോലെ അഭിഷേക് ശര്‍മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തന്നെയായിരിക്കും ഇന്ത്യക്കായി ഓപ്പണിങില്‍ ഇറങ്ങുന്നത്. ആദ്യ കളിയില്‍ രണ്ടു പേരും നല്ല ഫോമിലാണ് കാണപ്പെട്ടത്. നിര്‍ഭാഗ്യവശാന്‍ നതാന്‍ എല്ലിസിന്റെ ഒരു സ്ലോ ബോളില്‍ അഭിഷേകിനു വിക്കറ്റ് കൈവിടേണ്ടി വരികയായിരുന്നു.

മൂന്നാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ക്രീസിലത്തും. കാന്‍ബെറയില്‍ നിര്‍ത്തിയ ഇടത്തു വച്ച് തുന്നെ തുടങ്ങാനായിരിക്കും സ്‌കൈ ആഗ്രഹിക്കുക. നാലാമനായി ബാറ്റ് ചെയ്യുക യുവതാരം തിലക് വര്‍മയായിരിക്കും. തൊട്ടു പിറകെ മലയാളി സൂപ്പര്‍ താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ കളിക്കും. ആറാം നമ്പര്‍ ശിവം ദുബെയ്ക്കായിരിക്കും.
എന്നാല്‍ ക്രീസില്‍ ഇടംകൈ-വലംകൈ ബാറ്റിങ് കോമ്പിനേഷന്‍ ആവശ്യമായി വന്നാല്‍ സഞ്ജുവിനേക്കാള്‍ മുമ്പ് ദുബെയെ അയക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ല. ഏഴാമനായി കളിക്കുക ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലായിരിക്കും. തുടര്‍ന്നു ബൗളര്‍മാരെ കാണാം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി വരുണെത്തുമ്പോള്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് എന്നിവരുമുണ്ടാവും.
രണ്ടാം ടി20യിലെ സാധ്യതാ 11
ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.