സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ശനിയാഴ്ച സിഡ്‌നിനിയില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായിരുന്ന മൈക്കല്‍ ക്ലാര്‍ക്ക്. നേരത്തേ അഡ്‌ലെയ്ഡ് ഓവലിലെ മൂന്നാമങ്കത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനം പാളിയിരുന്നു.
ആദ്യ കളിയില്‍ ഡെക്കായ വിരാട് കോലി അഡ്‌ലെയ്ഡില്‍ സെഞ്ച്വറി കുറിക്കുമെന്നും ജയത്തോടെ ഇന്ത്യ 1-1നു ഒപ്പമെത്തുമെന്നുമായിരുന്നു ക്ലാര്‍ക്ക് പ്രവചിച്ചത്. പക്ഷെ ഇതു ദയീനമായി പാളി. രണ്ടു കാര്യങ്ങളും സംഭവിച്ചതുമില്ല.

കോലി തുടരെ രണ്ടാം തവണയും ഡെക്കായപ്പോള്‍ കളി ഓസ്‌ട്രേലിയ തന്നെ ജയിക്കുകയും ചെയ്തു. ഇനി സിഡ്‌നിയിലെ മല്‍സരത്തെ കുറിച്ചുള്ള ക്ലാര്‍ക്കിന്റെ പുതിയ പ്രവചനം എന്താണെന്നറിയാം.
പുതിയ പ്രവചനമെന്ത്?
ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഇന്ത്യയും ഓസ്‌ട്രേിയയും തമ്മിലുള്ള അപ്രസക്തമായ മൂന്നാമങ്കത്തിന്റെ ഫലത്തെ കുറിച്ച് മൈക്കല്‍ ക്ലാര്‍ക്ക് പ്രവചിച്ചത്. മാത്രമല്ല കളിയില്‍ കൂടുതല്‍ റണ്‍സും വിക്കറ്റുകളും ആര്‍ക്കാണെന്നു കൂടി അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഡെക്കായി ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും വിരാട് കോലിയാവും സിഡ്‌നിയില്‍ ടോപ്‌സ്‌കോററായി മാറുകയെന്നാണ് ക്ലാര്‍ക്ക് പറയുന്നത്. മിച്ചെല്‍ സ്റ്റാര്‍ക്കിനെയും ജോഷ് ഹേസല്‍വുഡിനെയും മൂന്നാം ഏകദിനത്തിലും ഓസ്‌ട്രേലിയ നിലനിര്‍ത്തുമെന്നു തന്നെയാണ് ഞാന്‍ പറയുക. കളിയില്‍ കൂടുതല്‍ വിക്കറ്റെടുക്കുക ജോഷി (ഹേസല്‍വുഡ്) ആയിരിക്കുമെന്നും ഞാന്‍ പറയുന്നു.
വിരാട് കോലിയെയാണ് മുന്‍ മല്‍സരങ്ങളിലും ഞാന്‍ ബാറ്റിങില്‍ പിന്തുണച്ചത്. മൂന്നാമത്തെ കളിയിലും ടോപ്‌സ്‌കോറര്‍ ആരെന്നു ചോദിച്ചാല്‍ കോലിയെ തന്നെയാവും ഞാന്‍ തിരഞ്ഞെടുക്കുക. കഴിഞ്ഞ രണ്ടു കളിയിലും അദ്ദേഹം ഡെക്കാണെങ്കിലും എന്റെ പ്രവചനത്തില്‍ മാറ്റമില്ലെന്നും ക്ലാര്‍ക്ക് വിശദമാക്കി.

ഇന്ത്യ ജയിക്കും
ഓസ്‌ട്രേലിയ 2-0ന്റെ അപരാജിത ലീഡ് നേടിക്കഴിഞ്ഞെങ്കിലും സിഡ്‌നിയിലെ മൂന്നാമങ്കം വളരെ ആവേശകരമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നു മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യ ആശ്വാസ ജയം കൊയ്യുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
സിഡ്നിയില്‍ ഓസ്‌ട്രേലിയയെ അല്ല, മറിച്ച് ഇന്ത്യയെയാണ് ഞാന്‍ വിജയികളായി തിരഞ്ഞെടുക്കുക. അങ്ങനെ 2-1നു മൂന്നു മല്‍സരങ്ങളുടെ ഈ പരമ്പര അവസാനിക്കുകയും ചെയ്യും. ഓസ്‌ട്രേലിയ ഈ മാര്‍ജിനില്‍ ജയിക്കുമെന്നു ഞാന്‍ നേരത്തേ തന്നെ പ്രവചിച്ചിട്ടുള്ളതാണ്.
അതുകൊണ്ടു തന്നെ സിഡ്‌നിയില്‍ ഇന്ത്യ ജയിച്ചാലും എനിക്കൊന്നുമില്ല. എന്റെ ഒരു പ്രവചനം ശരിയാവണ്ടേ? വളരെ നല്ലൊരു ഏകദിന മല്‍സരമായിരിക്കും ഇതെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ പരമ്പരയില്‍ ഒരു ജയം പോലുമില്ലാതെ നാട്ടിലേക്കു മടങ്ങിപ്പോവാന്‍ ഇന്ത്യ ആഗ്രഹിക്കില്ല.
ഈ പരമ്പര കഴിഞ്ഞാല്‍ ടി20 പരമ്പരയും വരാനിരിക്കുകയാണ്. സിഡ്‌നിയില്‍ ജയിച്ച് ആത്മവിശ്വാസത്തെ ടി20 പരമ്പരയെ സമീപിക്കാന്‍ ഇന്ത്യയുടെ ഒരുപാട് താരങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുമെന്നും ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു. ഈ മാസം 29നാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള അഞ്ചു ടി20കളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.