പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വരാന്‍ പോവുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയയില്‍ വിജയക്കൊടി പാറിച്ച് പരമ്പര തൂക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ന്യൂസീലന്‍ഡിനോട് സ്വന്തം മണ്ണില്‍ വൈറ്റ് വാഷ് നേരിട്ട ക്ഷീണത്തിലാണ് ഇന്ത്യ വരുന്നത്. കൂടാതെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് നാല് മത്സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ജയിക്കുകയും വേണം.
വലിയ സമ്മര്‍ദ്ദത്തോടെ ഓസ്‌ട്രേലിയയില്‍ ഇറങ്ങുന്ന ഇന്ത്യക്ക് എട്ടിന്റെ പണിയാണ് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് കിട്ടിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും കെ എല്‍ രാഹുലും പരിക്കിന്റെ പിടിയിലാണ്. സന്നാഹ മത്സരത്തിനിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. ആദ്യ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. രോഹിത്തും കോലിയും രാഹുലും ആദ്യ മത്സരം കളിക്കാതിരുന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവും?. സാധ്യതാ 11 പരിശോധിക്കാം.
യശ്വസി ജയ്‌സ്വാള്‍-ശുബ്മാന്‍ ഗില്‍
ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും ശുബ്മാന്‍ ഗില്ലും കളിക്കാനാണ് സാധ്യത. ശുബ്മാന്‍ ഗില്‍ ഇതിനോടകം ഓസ്‌ട്രേലിയയില്‍ ഓപ്പണറായി കളിക്കുകയും ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ്. എന്നാല്‍ ഇപ്പോള്‍ മൂന്നാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. കെ എല്‍ രാഹുല്‍ കളിക്കാതിരുന്നാല്‍ ഓപ്പണര്‍ റോളിലേക്ക് ശുബ്മാനെ തിരികെ എത്തിച്ചേക്കും. യശ്വസി ജയ്‌സ്വാള്‍ യുവ ഓപ്പണറാണ്. ഓസ്‌ട്രേലിയയില്‍ അനുഭവസമ്പത്തുമില്ല. അതുകൊണ്ടുതന്നെ മികച്ചൊരു സഹ ഓപ്പണറെ ആവശ്യമാണ്. ഇക്കാരണത്താല്‍ ഇന്ത്യ ഗില്ലിനെ ഓപ്പണര്‍ സ്ഥാനത്തക്കെത്തിക്കാനാണ് സാധ്യത കൂടുതല്‍.
സായ് സുദര്‍ശന്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്
മൂന്നാം നമ്പറില്‍ ഇന്ത്യ സായ് സുദര്‍ശനെ പരിഗണിച്ചേക്കും. മൂന്നാം നമ്പറില്‍ ഇന്ത്യക്ക് സായ് സുദര്‍ശനെ കൊണ്ടുവരാവുന്നതാണ്. ഇന്ത്യ എ ടീമിനൊപ്പം സെഞ്ച്വറിയടക്കം നേടി മിന്നിക്കാന്‍ ഇടം കൈയന്‍ താരത്തിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ സായിക്ക് ഇന്ത്യ അവസരം നല്‍കാവുന്നതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തായി സ്ഥിരതയോടെ കളിക്കാന്‍ സായിക്ക് സാധിക്കുന്നുണ്ട്.
വിരാട് കോലിയുടെ അഭാവത്തില്‍ നാലാം നമ്പറിലേക്ക് സര്‍ഫറാസ് ഖാനെ പരിഗണിക്കാം. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന സര്‍ഫറാസ് ഖാന് ഓസ്‌ട്രേലിയയില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ സര്‍ഫറാസ് ഖാനെ കോലിക്ക് പകരക്കാരനായി നാലാം നമ്പറിലേക്ക് കൊണ്ടുവരാവുന്നതാണ്.
അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് കളിക്കണം. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയത് റിഷഭ് പന്തിന്റെ ബാറ്റിങ് മികവിലാണ്. അതുകൊണ്ടുതന്നെ ഇത്തവണയും റിഷഭിന് നിര്‍ണ്ണായക റോളുണ്ട്. കോലിയും രോഹിത്തും രാഹുലും കളിക്കാതിരുന്നാല്‍ കൂടുതല്‍ ഉത്തരവാദിത്തം റിഷഭ് പന്തിലേക്കെത്തും. അതുകൊണ്ടുതന്നെ റിഷഭിന്റെ പ്രകടനം ഇത്തവണയും ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറും.

ദ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ
ആറാം നമ്പറില്‍ ഇന്ത്യ ദ്രുവ് ജുറേലിനെയാണ് കളിപ്പിക്കേണ്ടത്. ഇന്ത്യ എ ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയ താരമാണ് ജുറേല്‍. ഈ പ്രകടനം ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ ജുറേലിനെ കളിപ്പിക്കണം. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജ വേണം. സ്പിന്നിന് വലിയ പിന്തുണയില്ലാത്ത പിച്ചില്‍ ജഡേജയെ മാത്രം സ്പിന്നറായി പരിഗണിച്ചാല്‍ മതിയാവും. യുവ പേസര്‍ ഹര്‍ഷിത് റാണക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കണം. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള താരമാണ് ഹര്‍ഷിത്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്
പേസ് നിരയില്‍ ജസ്പ്രീത് ബുംറക്ക് നിര്‍ണ്ണായക റോളുണ്ട്. ബുംറയുടെ പ്രകടനം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്. 10ാം നമ്പറില്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ കളിപ്പിക്കും. മോശം ഫോമിലാണെങ്കിലും സിറാജിനെ ഇന്ത്യ കളിപ്പിക്കണം. ഓസ്‌ട്രേലിയയില്‍ മികച്ച റെക്കോഡുള്ള ഇന്ത്യന്‍ പേസറാണ് സിറാജ്. 11ാമനായി ആകാശ് ദീപിനെ കളിപ്പിക്കണം. മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഇന്ത്യ ആകാശിനെ കളിപ്പിക്കേണ്ടതാണ്.