For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് റായിഡുവിന്റെ 'വിധി', ഈ സാമ്യതകള്‍ അത് വ്യക്തമാക്കും! ഇനി പ്രതീക്ഷ വേണ്ട

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ടായിട്ടും ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയിലൊന്നും സഞ്ജുവിന് ഇടം നേടാനായില്ല. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും തഴയപ്പെട്ടതോടെ സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവി വലിയ ചോദ്യമുയര്‍ത്തുകയാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് മികച്ച റെക്കോഡും ടൂര്‍ണമെന്റിലുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് സഞ്ജുവില്‍ വിശ്വാസമില്ല. അതുകൊണ്ടുതന്നെ പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം അദ്ദേഹം തഴയപ്പെടുകയാണ്. സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഇത്തരത്തില്‍ ഒതുക്കപ്പെട്ട ബാറ്റ്‌സ്മാനാണ് അമ്പാട്ടി റായിഡു. നാലാം നമ്പറില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവന്ന റായിഡുവിനെ 2019ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്ന് തഴഞ്ഞത് തികച്ചും അപ്രതീക്ഷിതമായാണ്.

ഇതിന് പിന്നാലെ റായിഡു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടും ഐപിഎല്ലില്‍ കളി തുടര്‍ന്ന റായിഡു തകര്‍പ്പന്‍ പ്രകടനം നടത്തിയാണ് അവസാന സീസണോടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സഞ്ജുവിനും റായിഡുവിന്റെ വിധിയാണുള്ളതെന്ന് പറയാം. ഇരുവരും തമ്മില്‍ ചില പ്രധാന സാമ്യതകളുണ്ട്. ഇതില്‍ നിന്ന് തന്നെ സഞ്ജുവിന്റെ വിധി വ്യക്തം. സഞ്ജുവും റായിഡുവും തമ്മിലുള്ള മൂന്ന് സാമ്യതകള്‍ പരിശോധിക്കാം.

രണ്ടുപേര്‍ക്കും കൃത്യമായ ബാറ്റിങ് പൊസിഷന്‍ ലഭിച്ചിരുന്നില്ലെന്നതാണ് വസ്തുത. റായിഡുവിനെ മൂന്നാം നമ്പറിലും നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാം മാറിമാറിയാണ് ഇന്ത്യ പരീക്ഷിച്ചത്. സ്ഥിരമായൊരു ബാറ്റിങ് പൊസിഷന്‍ റായിഡുവിന് ഇന്ത്യ നല്‍കിയില്ല. സഞ്ജുവിനോടും ഇതേ നിലപാടാണ് ഇന്ത്യന്‍ ടീം കാട്ടിയത്. ഒരു പൊസിഷനിലും സ്ഥിരമായി സ്ഥാനം നല്‍കിയില്ല. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിന് വ്യത്യസ്ത ബാറ്റിങ് ഓഡറാണ് നല്‍കിയത്.

sanju samson

സ്ഥിരത കാട്ടിയ ബാറ്റിങ് ഓഡറില്‍ തുടര്‍ച്ചയായി അവസരം നല്‍കാതെ അവരുടെ പ്രകടനത്തെ പിന്നോട്ടടിക്കുകയാണ് ഇന്ത്യ ചെയ്തത്. രണ്ടാമത്തെ സാമ്യത രണ്ടുപേര്‍ക്കും ഐപിഎല്ലില്‍ മികച്ച റെക്കോഡുണ്ടെന്നതാണ്. റായിഡു മുംബൈ ഇന്ത്യന്‍സിനൊപ്പം നിരവധി സീസണുകളില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. പിന്നീട് സിഎസ്‌കെയിലെത്തിയ ശേഷവും റായിഡു പ്ലേയിങ് 11ലെ സ്ഥിര സാന്നിധ്യമായിരുന്നു. സെഞ്ച്വറി പ്രകടനങ്ങളടക്കം റായിഡു ഐപിഎല്ലില്‍ നടത്തിയിട്ടുണ്ട്.

203 ഐപിഎല്ലില്‍ നിന്നായി 4348 റണ്‍സാണ് റായിഡുവിന്റെ പേരിലുള്ളത്. ഒരു സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും റായിഡു നേടി. സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന താരമാണ്. 2013ല്‍ രാജസ്ഥാനൊപ്പം കൂടിയ സഞ്ജു ഇന്ന് ടീമിന്റെ നായകനാണ്. 152 ഐപിഎല്ലില്‍ നിന്നായി 3888 റണ്‍സാണ് സഞ്ജു നേടിയത്. 3 സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഇരുവര്‍ക്കും ദേശീയ ടീമില്‍ അര്‍ഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല.

മൂന്നാമത്തെ സാമ്യത ഫേവറേറ്റിസത്തിന്റെ ഇരകളായി എന്നതാണ്. വിജയ് ശങ്കറെ കളിപ്പിക്കാനായാണ് റായിഡുവിനെ ഇന്ത്യ ബലിയാടാക്കിയത്. 2019ലെ ലോകകപ്പിന് മുമ്പ് ചിത്രത്തിലേ ഇല്ലാതിരുന്ന വിജയ് ശങ്കറെ അപ്രതീക്ഷിതമായി ഇന്ത്യ ടീമിലേക്ക് പരിഗണിക്കുകയായിരുന്നു. ഏകദിനത്തില്‍ 47ന് മുകളില്‍ ശരാശരിയുണ്ടായിരുന്നപ്പോഴാണ് റായിഡു തഴയപ്പെട്ടത്. മൂന്ന് സെഞ്ച്വറിയടക്കം അദ്ദേഹം ഏകദിനത്തില്‍ നേടിയിരുന്നു. സഞ്ജുവിന്റെ ഏകദിന ശരാശരി 55.71 ആണ്.

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്ക് വേണ്ടിയാണ് സഞ്ജു തഴയപ്പെട്ടത്. അന്താരാഷ്ട്ര ടി20യിലെ സഞ്ജുവിന്റെ പ്രകടനം മോശമാണ്. അതുകൊണ്ടുതന്നെ ടി20 ടീമില്‍ നിന്ന് സഞ്ജുവിനെ മാറ്റിനിര്‍ത്തിയാലും തെറ്റ് പറയാനാവില്ല. എന്നാല്‍ ഏകദിന ടീമില്‍ നിന്ന് തന്നെ സഞ്ജുവിനെ മാറ്റിനിര്‍ത്തുന്നത് കടുത്ത അനീതിയാണ്. പക്ഷെ ടീമിന്റെ പ്രത്യേക താല്‍പര്യം സഞ്ജുവിന് വില്ലനായി മാറുകയാണ്.

Story first published: Saturday, September 23, 2023, 19:56 [IST]
Other articles published on Sep 23, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+