മുംബൈ: ഏഷ്യാ കപ്പ്, ഏഷ്യന്‍ ഗെയിംസ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും സഞ്ജു തഴയപ്പെട്ടിരിക്കുകയാണ്. റുതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവര്‍ക്കെല്ലാം ടീമില്‍ ഇടം ലഭിക്കുമ്പോഴും സഞ്ജു സാംസണ്‍ മാത്രം പുറത്താവുകയാണ്. ഏകദിനത്തില്‍ 55ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജു തഴയപ്പെടുകയാണ്.
എന്നാല്‍ ടീം സാഹചര്യം വിലയിരുത്തി ടീമുകളില്‍ താരങ്ങളെ പരിഗണിക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം സാധാരണ കാര്യമാണ്. എന്നാല്‍ സഞ്ജുവിനെ തഴയുമ്പോള്‍ മാത്രം അത് വലിയ വിവാദമാവുകയും ബിസിസിഐക്കെതിരേ വലിയ സൈബര്‍ ആക്രമണം ഉണ്ടാവുകയും ചെയ്യുന്നു. പൃഥ്വി ഷാ, യുസ്‌വേന്ദ്ര ചഹാല്‍ തുടങ്ങി പല താരങ്ങള്‍ തഴയപ്പെടുമ്പോള്‍ ഇത്രയും ചര്‍ച്ചകളും വിവാദങ്ങളും ഉണ്ടാകുന്നില്ല. എന്നാല്‍ സഞ്ജുവിനെ തഴയുമ്പോള്‍ മാത്രം ഇത് വലിയ വിവാദമാകുന്നു.
എന്തുകൊണ്ടാണ് സഞ്ജുവിന്റെ അഭാവം ഇത്രയും ചര്‍ച്ചയാവുന്നത്? അതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം സഞ്ജു സാംസണ്‍ മലയാളിയാണെന്നതാണ്. മലയാളി ആരാധകരുടെ വലിയ പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ട്. എസ് ശ്രീശാന്തിന് ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് വളരുകയും വലിയ പ്രതീക്ഷ നല്‍കുകയും ചെയ്ത ഏക താരം സഞ്ജുവാണ്.
ഈ സ്‌നേഹം മലയാളി ആരാധകര്‍ക്കുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു തഴയപ്പെടുമ്പോള്‍ വൈകാരികമായി ആരാധകര്‍ പ്രതികരിക്കുകയും ഇത് വലിയ വിവാദമാക്കി മാറ്റുകയും ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഒന്നിലധികം താരങ്ങള്‍ ഇന്ത്യന്‍ ടീമിലുള്ളതിനാല്‍ ഒരു താരത്തിന്റെ അഭാവം ആരാധകര്‍ക്ക് പ്രശ്‌നമല്ല. എന്നാല്‍ കേരളത്തില്‍ നിന്ന് സഞ്ജു മാത്രമാണുള്ളതെന്നതാണ് താരത്തിന് ഇത്രയും പിന്തുണ ലഭിക്കാനുള്ള പ്രധാന കാരണം.

രണ്ടാമത്തെ കാരണം സഞ്ജുവിനെക്കാള്‍ യോഗ്യത കുറവുള്ളവര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നുണ്ടെന്നതാണ്. സൂര്യകുമാര്‍ യാദവിന്റെ ഏകദിന ശരാശരി 25ല്‍ താഴെയാണ്. എന്നിട്ടും സൂര്യക്ക് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരം ലഭിക്കുന്നു. ഏകദിന ലോകകപ്പിന്റെ 15 അംഗ ടീമില്‍ സൂര്യകുമാറിനെ പരിഗണിച്ചു. എന്നാല്‍ സൂര്യയെക്കാള്‍ മികച്ച കണക്ക് സഞ്ജുവിന് അവകാശപ്പെടാനുണ്ടായിട്ടും തഴയപ്പെട്ടു. ഇതും വിവാദങ്ങളുണ്ടാവാനുള്ള കാരണമായി പറയാം.
തിലക് വര്‍മ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പുതന്നെ ഏഷ്യാ കപ്പിലേക്ക് വിളിയെത്തി. അപ്പോഴും സഞ്ജു ടീമിന് പുറത്താണ്. റിസര്‍വ് താരമായി സഞ്ജു ടീമിലുണ്ടായിരുന്നെങ്കിലും രാഹുല്‍ തിരിച്ചെത്തിയതോടെ സഞ്ജുവിനെ പൂര്‍ണ്ണമായും ഒഴിവാക്കി. മുംബൈ താരങ്ങളോട് ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രത്യേക താല്‍പര്യം കാട്ടുന്നു. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെല്ലാം മുംബൈ താരങ്ങളാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുംബൈക്കാരനാണ്.
ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ മുംബെയുടെ മുന്‍ സെലക്ടറാണ്. അതുകൊണ്ടുതന്നെ മുംബൈ താരങ്ങള്‍ക്ക് പ്രത്യേക പരിഗണനയും ലഭിക്കുന്നുണ്ട്. ഇതും സഞ്ജു ആരാധകരെ ചൊടിപ്പിക്കുന്ന കാര്യമാണ്. ഏഷ്യന്‍ ഗെയിംസിലെങ്കിലും സഞ്ജുവിനെ ഇന്ത്യക്ക് പരിഗണിക്കാമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞപ്പോള്‍ ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളിലേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.
എന്നാല്‍ മൂന്ന് ടൂര്‍ണമെന്റിലും സഞ്ജുവിന് ഇടമില്ലാതെ പോയതാണ് ആരാധകരെ ഇത്രയും വൈകാരികമായി പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ഓസീസ് പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കാതെ പോയത് സഞ്ജുവിനോട് കാട്ടിയ കടുത്ത അനീതിയാണ്. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. ഇതും ഇത്തവണത്തെ സഞ്ജുവിനെ തഴഞ്ഞത് വലിയ വിവാദമായി മാറാന്‍ കാരണമായിട്ടുണ്ട്.