ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അതിലൊരു സര്‍പ്രൈസുണ്ടായിരുന്നു. അത് ആര്‍ അശ്വിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചതാണ്. സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറായ അശ്വിനെ തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഏഷ്യാ കപ്പിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് ശര്‍മ അശ്വിന്‍ ലോകകപ്പ് കളിക്കാനുള്ള സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഓസീസ് പരമ്പരയ്ക്കുള്ള ടീമിലേക്ക് അശ്വിന് വിളി നല്‍കിയത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ വലം കൈയന്‍ സ്പിന്നര്‍മാരില്ലെന്നത് വലിയ ചര്‍ച്ചയായിരുന്നു. മിക്ക ടീമുകളിലും ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുണ്ട്. അതുകൊണ്ടുതന്നെ വലം കൈയന്‍ സ്പിന്നര്‍ ഒപ്പം വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ആ സ്ഥാനത്തേക്ക് അശ്വിന്‍ വേണോ? വാഷിങ്ടണ്‍ സുന്ദര്‍ ഉള്ളപ്പോള്‍ അശ്വിനെ തിരികെ കൊണ്ടുവരേണ്ട ആവശ്യമുണ്ടായിരുന്നോ?
ഇല്ല എന്ന് തന്നെ വിലയിരുത്താം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം അവസാന നിമിഷത്തില്‍ ഇത്തരമൊരു തീരുമാനം വേണ്ടായിരുന്നു. അശ്വിനെ ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമാകാക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കില്‍ നേരത്തെ തന്നെ അദ്ദേഹത്തിന് അവസരം നല്‍കണമായിരുന്നു. നിലവിലെ ടീമിലേക്ക് അശ്വിന്റെ കടന്ന് വരവ് അധികപ്പറ്റാണ്. അനുഭവസമ്പന്നനായ അശ്വിന് പെട്ടെന്ന് സാഹചര്യത്തോട് പൊരുത്തപ്പെടാനായേക്കും.
എന്നാല്‍ ടീമിലേക്കുള്ള അശ്വിന്റെ കടന്നുവരവ് ടീമിന്റെ പദ്ധതികളെ തകര്‍ക്കുന്നതാണ്. ഇപ്പോള്‍ അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയാലും പ്ലേയിങ് 11ലേക്ക് കൊണ്ടുവരിക പ്രയാസമാവും. സുന്ദറിനെപ്പോലെയുള്ള യുവതാരങ്ങളുടെ വഴിയടക്കാം എന്നല്ലാതെ അശ്വിന്റെ വരവ് ടീമിന് കാര്യമായി ഗുണം ചെയ്‌തേക്കില്ല. രണ്ടാമത്തെ കാര്യം അശ്വിന്റെ ബാറ്റിങ്ങും ഫീല്‍ഡിങ്ങും മോശമാണ്. ഫിറ്റ്‌നസ് അശ്വിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്.

അശ്വിന്റെ സ്പിന്‍ ബൗളിങ്ങിലെ മികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിങ്ങും ഫീല്‍ഡിങ്ങും പ്രശ്‌നമാണ്. അശ്വിനെ ഇന്ത്യ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം മോശം ബാറ്റിങ്ങും ഫീല്‍ഡിങ്ങുമായിരുന്നു. 16.44 ശരാശരിയും 86 സ്‌ട്രൈക്ക് റേറ്റുമാണ് അശ്വിനുള്ളത്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന തലവേദനകളിലൊന്ന് വാലറ്റത്തിന്റെ മോശം ബാറ്റിങ്ങും ഫീല്‍ഡിങ്ങുമാണ്. ഈ സാഹചര്യത്തില്‍ 37 വയസുള്ള അശ്വിനെ ഇപ്പോള്‍ പരിഗണിക്കുന്നത് മണ്ടത്തരമാണ്.
അശ്വിന്റെ അവസാന ഏകദിനങ്ങളിലെ കണക്കുകളൊന്നും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. 2016-17 കാലയളവില്‍ 11 മത്സരം കളിച്ച് 10 വിക്കറ്റാണ് അശ്വിന്‍ ആകെ നേടിയത്. അതും 6ന് മുകളില്‍ ഇക്കോണമിയില്‍. 2022ല്‍ 2 ഏകദിനമാണ് അശ്വിന്‍ കളിച്ചത്. നേടിയത് 2 വിക്കറ്റാണ്. വലിയ ടീമുകള്‍ക്കെതിരായ അശ്വിന്റെ ഏകദിനത്തിലെ പ്രകടനങ്ങളെല്ലാം മോശമാണ്. ഇക്കാരണങ്ങളെല്ലാം പരിഗണിക്കുമ്പോള്‍ അശ്വിനെ പരിഗണിച്ചത് മോശം തീരുമാനമാണെന്ന് വിലയിരുത്താം.
അതേ സമയം സുന്ദറാവുമ്പോള്‍ ഭാവിയിലേക്കും ഇന്ത്യക്കത് ഗുണം ചെയ്യും. ലോകകപ്പില്‍ അക്ഷര്‍ പട്ടേലിന് പരിക്ക് കാരണം കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരം അശ്വിനെ പരിഗണിച്ചാല്‍ അത് വലിയ തിരിച്ചടിയായി മാറിയേക്കും. ഇന്ത്യ സുന്ദറിന് കൂടുതല്‍ പിന്തുണ നല്‍കുന്നതാണ് നല്ലത്. വലം കൈയന്‍ സ്പിന്നറായ സുന്ദര്‍ ഇടം കൈ ബാറ്റ്‌സ്മാനാണെന്നതും എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെ രണ്ട് തരത്തില്‍ സുന്ദര്‍ ടീമിന് ഉപകാരിയാണ്.
അതേ സമയം അനുഭവസമ്പത്ത് മാത്രം പരിഗണിച്ച് അശ്വിനെ കളിപ്പിക്കുന്നത് തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍. ഓസീസ് പരമ്പര കളിപ്പിച്ചാലും അശ്വിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാതിരിക്കുന്നതാവും ടീമിന് ഗുണം ചെയ്യുക. അവസാന നിമിഷത്തെ അതിബുദ്ധി ടീമിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ക്കുന്ന രീതിയിലേക്ക് മാറുമോയെന്നത് കണ്ടറിയാം.