മുംബൈ: ഏഷ്യാ കപ്പില്‍ രാജാക്കന്മാരായ ഇന്ത്യന്‍ ടീം ലോകകപ്പിന് മുമ്പായി ഓസ്‌ട്രേലിയന്‍ പരമ്പരക്ക് തയ്യാറെടുക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ കളിക്കുന്നത്. ആദ്യത്തെ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ടീമിനെ ഇറക്കുമ്പോള്‍ അവസാന ഏകദിനത്തില്‍ രോഹിത് ശര്‍മക്ക് കീഴിലാവും ഇറങ്ങുക. ഏഷ്യാ കപ്പ് ജയിച്ച ആത്മവിശ്വാസത്തിലാവും ഇന്ത്യ ഇറങ്ങുന്നത്.
എന്നാല്‍ ഓസ്‌ട്രേലിയ അതിശക്തരായ താരനിരയുമായാണ് ഇറങ്ങുന്നത്. ലോകകപ്പിന് മുമ്പ് ഓസീസിനെ തകര്‍ത്ത് കരുത്ത് കാട്ടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ എതിരാളികളും ഓസീസാണ്. എന്നാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യ ഓസീസിനെതിരേ കളിക്കുന്നത് മണ്ടന്‍ തീരുമാനമായിരിക്കും. മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യയെ തകര്‍ത്ത് ഓസീസ് തൂത്തുവാരും. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. പരിശോധിക്കാം.
ഒന്നാമത്തെ കാര്യം ഇന്ത്യയുടെ ടീം കരുത്താണ്. ആദ്യ രണ്ട് മത്സരത്തിലും വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ല. ഓസീസിനെപ്പോലെ കരുത്തരായ ടീമിനെതിരേ ഇറങ്ങുമ്പോള്‍ ഇവരുടെ അഭാവം ഇന്ത്യയെ ബാധിച്ചേക്കും. കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമല്ല രാഹുല്‍. ഓസീസിന്റെ തന്ത്രങ്ങളെ കടത്തിവെട്ടാന്‍ രാഹുലിന് സാധിച്ചേക്കില്ല.
രോഹിത്തിന്റേയും കോലിയുടേയും അഭാവത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിര ദുര്‍ബലമാണ്. സൂര്യകുമാര്‍ യാദവ് മോശം ഫോമില്‍ തുടരുമ്പോള്‍ ശ്രേയസ് അയ്യര്‍ പരിക്കിന് ശേഷം തിരിച്ചെത്തുകയാണ്. റുതുരാജ് ഗെയ്ക്‌വാദില്‍ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. ഇന്ത്യയുടെ ബൗളിങ് നിര ശക്തമാണെങ്കിലും ബാറ്റിങ് നിര ദുര്‍ബലമാണ്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയോട് ഇന്ത്യ തകര്‍ന്നടിയാനാണ് സാധ്യത. മൂന്നാം മത്സരത്തില്‍ രോഹിത്തും കോലിയും ഹാര്‍ദിക്കും തിരിച്ചെത്തിയാലും പെട്ടെന്ന് മാറ്റമുണ്ടാക്കാനായേക്കില്ല.

അതുകൊണ്ടുതന്നെ ഓസീസ് ടീം ഇന്ത്യക്ക് വലിയ ഭീഷണിയാണുയര്‍ത്തുന്നത്. രണ്ടാമത്തെ കാരണം ഓസീസിന്റെ സമീപകാലത്തെ ഫോമും തകര്‍പ്പന്‍ താരനിരയുമാണ്. ലോകകപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ താരങ്ങളേയും പരിഗണിച്ചാണ് ഓസീസ് ഇന്ത്യയിലേക്കെത്തുന്നത്. ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, ജോഷ് ഇന്‍ഗ്‌ലിസ്, അലക്‌സ് ക്യാരി എന്നിവരെല്ലാം ഓസീസിന് ബാറ്റിങ് കരുത്ത് പകരുന്നു.
ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്‌റ്റോയിണിസ് എന്നിവരെല്ലാം ഓള്‍റൗണ്ട് കരുത്ത് പകരുന്നു. പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംബ എന്നിവരെല്ലാം ഉള്‍പ്പെടുന്ന തകര്‍പ്പന്‍ ബൗളിങ് നിരയും ഓസീസിനുണ്ട്. ടീം കരുത്ത് ഇന്ത്യക്കെതിരേ ഓസീസിന് മുന്‍തൂക്കം നല്‍കുന്ന കാര്യമാണ്.
മൂന്നാമത്തെ കാര്യം ഓസീസ് താരങ്ങള്‍ക്ക് ഇന്ത്യന്‍ പിച്ചിലുള്ള അനുഭവസമ്പത്താണ്. ഓസീസിന്റെ ഒട്ടുമിക്ക താരങ്ങള്‍ക്കും ഇന്ത്യന്‍ പിച്ചില്‍ കളിച്ച് വലിയ അനുഭവസമ്പത്തുണ്ട്. ഇത് പരമ്പരയില്‍ അവരെ തുണച്ചേക്കും. സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ കംഗാരുക്കള്‍ക്ക് സാധിക്കുമെന്ന് നിസംശയം പറയാം. ഓസീസിനോട് പരമ്പര തോറ്റ് ലോകകപ്പില്‍ ഓസീസിനെതിരേ മത്സരത്തിനിറങ്ങുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കും.
ഇതിനിടെ സന്നാഹ മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്. നിലവില്‍ അമിത ജോലിഭാരം ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്നുണ്ടെന്നതാണ് വസ്തുത. ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം നല്‍കി ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാതിരുന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളേയും അത് പ്രതികൂലമായി ബാധിക്കും. ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ജസ്പ്രീത് ബുംറയുമെല്ലാം പരിക്കിന് ശേഷം മടങ്ങിയെത്തിയിട്ട് അധികനാള്‍ ആയിട്ടില്ല. അതുകൊണ്ടുതന്നെ പരിക്ക് ഇന്ത്യക്ക് വലിയ ഭീഷണിയാണ്.