Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഓസീസിനെതിരായ ടി20 പരമ്പര നേടി, ഇന്ത്യക്ക് ആശ്വസിക്കാന്‍ 3 കാര്യം- 1 നിരാശയും

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. അഞ്ച് മത്സര പരമ്പര 4-1നാണ് ഇന്ത്യ നേടിയത്. മൂന്നാം മത്സരത്തില്‍ മാത്രമാണ് ഓസീസിന് ജയിക്കാനായത്. സൂര്യകുമാര്‍ യാദവിന് കീഴില്‍ യുവതാരങ്ങളുമായി ഇറങ്ങിയ ഇന്ത്യ ഓസീസിനെതിരേ സര്‍വാധിപത്യ ജയമാണ് നേടിയെടുത്തത്. ഇന്ത്യയുടെ പരമ്പര നേട്ടത്തിലുപരിയായി ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കുന്ന ചില കാര്യങ്ങള്‍ ഓസീസിനെതിരായ ടി20 പരമ്പരയിലൂടെ നടന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമത്തെ താരം ഇന്ത്യക്ക് മികച്ചൊരു ഫിനിഷറെ ലഭിച്ചുവെന്നതാണ്. സമ്മര്‍ദ്ദത്തില്‍ പതറാതെ ബാറ്റുചെയ്ത് വിജയത്തിലേക്കെത്തിക്കാന്‍ കെല്‍പ്പുള്ള മികച്ചൊരു ഫിനിഷറെ ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്. മറ്റാരുമല്ല റിങ്കു സിങ്ങാണത്. ഐപിഎല്ലിലൂടെ നേരത്തെ തന്നെ റിങ്കു മികവ് തെളിയിച്ചതാണ്. ഇപ്പോള്‍ ഇന്ത്യക്കായും കസറിയിരിക്കുന്നു. 4 ഇന്നിങ്‌സില്‍ നിന്ന് 105 റണ്‍സാണ് റിങ്കു നേടിയത്. 52ന് മുകളിലാണ് റിങ്കുവിന്റെ ശരാശരി. 175ന് മുകളിലാണ് സ്‌ട്രൈക്ക് റേറ്റ്.

ഇന്ത്യ ഏറെ നാളുകളായി തേടുന്ന മികച്ച ഫിനിഷറെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ പരമ്പരയിലൂടെ ലഭിച്ചിരിക്കുന്നു. എംഎസ് ധോണിക്ക് ശേഷം ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന വിശ്വസ്തനായ താരമായി റിങ്കു മാറിയെന്നതാണ് എടുത്തു പറയേണ്ടത്. മറ്റൊരു കാര്യം മധ്യനിരയില്‍ തകര്‍ത്തടിക്കുന്ന മികച്ചൊരു വിക്കറ്റ് കീപ്പറെ കണ്ടെത്താനായി എന്നതാണ്. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ടോപ് ഓഡര്‍ താരങ്ങളാണ്.

മധ്യനിരയില്‍ നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ ശേഷിയുള്ള മികച്ച ഒരു വിക്കറ്റ് കീപ്പറെ ഇന്ത്യ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ കൃത്യമായി ജിതേഷ് ശര്‍മയെ ഇന്ത്യക്ക് ലഭിച്ചിരിക്കുകയാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജിതേഷ്. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള ജിതേഷ് ഇന്ത്യയുടെ ടി20 ടീമിന് മുതല്‍ക്കൂട്ടാണെന്ന് തന്നെ പറയാം. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായെങ്കിലും ജിതേഷിന് സീറ്റ് ലഭിക്കുമെന്നുറപ്പാണ്.

mukesh kumar

മൂന്നാമത്തെ കാര്യം മുകേഷ് കുമാറിന്റെ ബൗളിങ് പ്രകടനമാണ്. ടി20യില്‍ തല്ലുകൊള്ളി ബൗളറെന്ന ഇമേജായിരുന്നു മുകേഷ് കുമാറിനുണ്ടായിരുന്നത്. എന്നാല്‍ ഈ പരമ്പരയിലൂടെ മുകേഷ് തന്റെ കരുത്തുതെളിയിച്ചു. അഞ്ചാം ടി20യില്‍ നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ അടുത്തടുത്ത പന്തുകളില്‍ വീഴ്ത്തിയ മുകേഷ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഡെത്തോവറിലടക്കം മികച്ച യോര്‍ക്കറുകളിലൂടെ കരുത്തുകാട്ടാന്‍ മുകേഷിന് സാധിക്കുന്നു.

മറ്റൊരു കാര്യം സൂര്യകുമാര്‍ യാദവിന്റെ നായക മികവാണ്. കേവലം വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന ലേബലിലേക്ക് മാത്രം ഒതുക്കപ്പെടേണ്ട താരമല്ല സൂര്യകുമാറെന്നും മികച്ച നായകനാണെന്നും വ്യക്തമായത് ഈ പരമ്പരയിലൂടെയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്. ഈ പരമ്പരയും നേടിക്കൊടുക്കാനായാല്‍ സൂര്യകുമാര്‍ യാദവിന്റെ കരിയറിലും അത് വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പ്.

ഓസീസ് പരമ്പരയില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യക്ക് സംഭവിച്ച ഒരു പിഴവ് പേസ് നിരയിലാണ്. പേസര്‍മാരുടെ ഇക്കോണമി ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. ശക്തമായ ബാറ്റിങ് നിരക്കെതിരേ ഇതേ ബൗളിങ് നിലവാരം കാട്ടിയാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ തല്ലുകൊണ്ടു കരയും. ഇന്ത്യയുടെ പേസ് ബൗളിങ് നിലവാരം മെച്ചപ്പെടേണ്ടത് അത്യാവശ്യമാണെന്ന് പറയാം.

Story first published: Monday, December 4, 2023, 15:17 [IST]
Other articles published on Dec 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+