മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര 1-1 സമനിലയാക്കി. ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റാണ് കാത്തിരിക്കുന്നത്. ഈ പരമ്പരക്ക് ഇന്ത്യയാണ് വേദിയാവുന്നത്. ഇതിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന വലിയ ടെസ്റ്റ് പരമ്പര ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. ഇത്തവണ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പര്യടനം നടത്താന്‍ പോവുകയാണ്.
ഓസ്‌ട്രേലിയയില്‍ രണ്ട് ടെസ്റ്റ് പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതിന്റെ പ്രതികാരം വീട്ടാന്‍ ടീം കാത്തിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേടിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ ഇത്തവണ ഓസ്‌ട്രേലിയയില്‍ പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചേക്കില്ല.
ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാരണം ഓസ്‌ട്രേലിയന്‍ പേസ് ആക്രമണത്തിന്റെ സമീപകാലത്തെ ഫോമാണ്. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിലും ഓസീസിന്റെ പേസ് ത്രയം എല്ലാവരേയും ഞെട്ടിപ്പിക്കുന്ന ബൗളിങ്ങാണ് കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ബാറ്റിങ് നിരക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ പകരം വീട്ടിക്കഴിഞ്ഞു. ഇനി ടെസ്റ്റ് പരമ്പര നേടി വിറപ്പിക്കുകയെന്നതാവും ടീമിന് മുന്നിലുള്ള വെല്ലുവിളി. നിലവിലെ ഓസ്‌ട്രേലിയയുടെ പേസ് നിര ഇന്ത്യയെക്കാള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്ക് ഇന്ത്യക്കെതിരേ ആധിപത്യം സ്ഥാപിച്ചെടുക്കാന്‍ സാധിച്ചേക്കും. രണ്ടാമത്തെ കാരണം ഇന്ത്യയെ പരിക്ക് വേട്ടയാടുന്നുവെന്നതാണ്. ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ നിര്‍ണ്ണായകമായത് റിഷഭ് പന്തിന്റെ പ്രകടനമായിരുന്നു.

ഭയമില്ലാതെ തല്ലിത്തകര്‍ത്ത് വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ റിഷഭ് പന്തിന് സാധിച്ചിരുന്നു. ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചത് റിഷഭാണ്. എന്നാല്‍ ഇത്തവണ പരിക്കിന്റെ പിടിയിലുള്ള റിഷഭ് വരുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കളിക്കാന്‍ സാധ്യതയില്ല. ഇത് ഇന്ത്യക്ക് വലിയ ക്ഷീണമാവും. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ രണ്ട് സീനിയര്‍ ബാറ്റ്‌സ്മാന്‍മാരേയും ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
ഇവരുടെ മികവിന് പകരം വെക്കാന്‍ സാധിക്കുന്ന ഉത്തമ പകരക്കാരെ ഇന്ത്യ കണ്ടെത്തിയിട്ടില്ല. പുജാരക്ക് പകരം ശുബ്മാന്‍ ഗില്ലിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. ക്ഷമയില്ലാത്ത ബാറ്റ്‌സ്മാനാണ് ശുബ്മാന്‍. അതുകൊണ്ടുതന്നെ വിദേശത്ത് എങ്ങനെ മികവ് കാട്ടുമെന്നതാണ് കണ്ടറിയേണ്ടത്. ദക്ഷിണാഫ്രിക്കയില്‍ കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയിലും മികവ് കാട്ടാന്‍ ഗില്ലിന് സാധിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
അജിന്‍ക്യ രഹാനെക്ക് പകരം ഇന്ത്യ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെയാണ്. ഷോര്‍ട്ട് ബോളുകളില്‍ പതറുന്ന ശ്രേയസിന് രഹാനെയുടെ അഭാവം നികത്താനാവുമെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയിലും ശ്രേയസ് കാര്യമായി പ്രകടനം കാഴ്ചവെച്ചേക്കില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വലിയ ദൗര്‍ബല്യങ്ങള്‍ ഇത്തവണയുണ്ട്. ഇതിനെ ഓസ്‌ട്രേലിയ കൃത്യമായി മുതലാക്കാനാണ് സാധ്യത കൂടുതല്‍.
ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിരയില്‍ ഡേവിഡ് വാര്‍ണറുടെ അഭാവമുണ്ട്. എന്നാല്‍ വാര്‍ണറുടെ വിടവ് നികത്താന്‍ ഓപ്പണിങ്ങിലേക്ക് സ്റ്റീവ് സ്മിത്തെത്തും. ട്രാവിസ് ഹെഡ്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഓസ്‌ട്രേലിയയുടെ ബാറ്റിങ് നിര എല്ലാ എതിരാളികള്‍ക്കും വലിയ വെല്ലുവിളിയാണ്. ഇന്ത്യയുടെ പേസ് നിരക്ക് അവസാന സീസണുകളിലെ മികവ് ആവര്‍ത്തിക്കുക എളുപ്പമാവില്ല. എന്തായാലും പോരാട്ടം തീപാറുമെന്നുറപ്പ്.