ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ വിക്കറ്റിനു പിന്നില്‍ നിരാശപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍. മൊഹാലിയില്‍ നടക്കുന്ന മല്‍സരത്തില്‍ പലപ്പോഴും വിക്കറ്റിനു പിന്നില്‍ അദ്ദേഹത്തിന്റെ കൈകള്‍ പല തവണ ചോര്‍ന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്.
കാരണം റിഷഭ് പന്തിന്റെ അഭാവത്തില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ രാഹുലാണ് ടീമിനായി വിക്കറ്റ് കാക്കുന്നത്. സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനും ടീമിലുണ്ടെങ്കിലും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുടെ റോളില്‍ രാഹുലിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്.

പക്ഷെ വിക്കറ്റ് കീപ്പിങില്‍ രാഹുല്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഓസ്‌ട്രേലിയയുമായുള്ള ആദ്യത്തെ ഏകദിനം തെളിയിക്കുന്നത്. സ്വിങ് ചെയ്യുന്ന ബോളുകള്‍ ഒന്നിലേറെ തവണ രാഹുലിന്റെ കൈകളില്‍ നിന്നും വഴുതിപ്പോയതായി കാണാം. ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെയും ഓവറുകളിലായിരുന്നു ഇതു സംഭവിച്ചത്. ഒരു തവണ രാഹുലിന്റെ കൈപ്പിടിയില്‍ നിന്നും വഴുതിയ ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഏറ്റവും വലിയ പിഴവ് സംഭവിച്ചത് രവീന്ദ്ര ജഡേജയെറിഞ്ഞ 23ാമത്തെ ഓവറിലായിരുന്നു. മാര്‍നസ് ലബ്യുഷെയ്‌നെ റണ്ണൗട്ട് ചെയ്യാനുള്ള സുവര്‍ണാവസരമാണ് അദ്ദേഹം കളഞ്ഞുകുളിച്ചത്. സ്‌ട്രൈക്ക് നേരിട്ട ശേഷം പകുതി വരെ ഓടിയ ശേഷം ലബ്യുഷെയ്ന്‍ ക്രീസിലേക്കു തിരികെ വരികയായിരുന്നു.
ഇതിനിടെയാണ് സൂര്യകുമാര്‍ യാദവിന്റെ ത്രോ രാഹുലിന്റെ പക്കലേക്കു വരുന്നത്. ലബ്യുഷെയ്ന്‍ അപ്പോള്‍ ചിത്രത്തില്‍ പോലുമില്ലായിരുന്നു. പക്ഷെ സൂര്യയുടെ ത്രോ രാഹുലിനു പിടിക്കാനായില്ല. കൈകള്‍ക്കിടയിലൂടെ അതു പിറകിലേക്കു പോവുകയും ഇതിനിടെ ലബ്യുഷെയ്ന്‍ ക്രീസില്‍ തിരികെയെത്തുകയും ചെയ്തു.
രാഹുലിന്റെ വിക്കറ്റ് കീപ്പിങിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്നുമുയരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമെല്ലാം രംഗത്തുവന്നിട്ടുണ്ട്. ലോകകപ്പില്‍ വിക്കറ്റ് കീപ്പറായി രാഹുല്‍ വേണ്ടെന്നും പകരം ഇഷാനെ ഈ റോള്‍ ഏല്‍പ്പിക്കൂയെന്നുമാണ് പലരും ആവശ്യപ്പെടുന്നത്.

കെഎല്‍ രാഹുല്‍ ഇന്ത്യക്കു വേണ്ടി വിക്കറ്റ് കീപ്പിങ് ചെയ്യാന്‍ പാടില്ല. ഏഷ്യാ കപ്പിലും അദ്ദേഹത്തിനു ചില പിഴവുകള്‍ സംഭവിച്ചിരുന്നു. ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു പലപ്പോഴും ബോള്‍ കാണാന്‍ പോലുമായില്ല. രാഹുലിനെ മാറ്റി വിക്കറ്റ് കീപ്പിങ് ഇഷാന്‍ കിഷനെ ഏല്‍പ്പിക്കൂയെന്നും ആരാധകര്‍ പറയുന്നു. എത്ര അനായാസമായ സ്റ്റംപിങ് അവസരമാണ് കെഎല്‍ രാഹുല്‍ പാഴാക്കിയിരിക്കുന്നത്. സ്‌കൂള്‍ കുട്ടി പോലും ഇതിനേക്കാള്‍ നന്നായി വിക്കറ്റ് കാക്കുമെന്നും ആരാധകര്‍ ആഞ്ഞടിച്ചു.
അംഗീകൃത വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമിലുള്ളപ്പോള്‍ കെഎല്‍ രാഹുലിനോടു വിക്കറ്റ് കാക്കാന്‍ ആവശ്യപ്പെട്ടത് ആരാണ്. പല തവണ ബോളുകള്‍ കൈകളില്‍ നിന്നും വഴുതിപ്പോയി, അനായാസ റണ്ണൗട്ട് അവസരവും നഷ്ടപ്പെടുത്തിയെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, മൊഹാലിയില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസ്‌ട്രേലിയ 26 ഓവറുകള്‍ കഴിയുമ്പോള്‍ മൂന്നു വിക്കറ്റിനു 126 റണ്‍സെടുത്തിട്ടുണ്ട്. മിച്ചെല്‍ മാര്‍ഷ് (4), ഡേവിഡ് വാര്‍ണ്‍ (52), സ്റ്റീവ് സ്മിത്ത് (41) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷമി രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ ജഡേജയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ ആബട്ട്, ആദം സാംപ.