അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ ആരംഭിക്കാന്‍ പോവുകയാണ്. പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചതോടെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങിയാണ് ഇന്ത്യ തകര്‍പ്പന്‍ ജയം നേടിയത്. നായകന്‍ രോഹിത് ശര്‍മ ആദ്യ മത്സരം കളിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ രണ്ടാം മത്സരത്തിലൂടെ രോഹിത് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ഓപ്പണറായ രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അതുകൊണ്ടുതന്നെ രോഹിത്തിനെ എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. ആദ്യ മത്സരത്തില്‍ യശ്വസി ജയ്‌സ്വാളും കെ എല്‍ രാഹുലും ചേര്‍ന്നാണ് ഓപ്പണിങ്ങിലിറങ്ങിയത്. ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ റെക്കോഡ് കൂട്ടുകെട്ടാണ് ഇവര്‍ പെര്‍ത്തില്‍ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ രോഹിത്തിന്റെ വരവോടെ ടീം പ്ലേയിങ് 11 എങ്ങനെ വേണമെന്നത് വലിയ ആശങ്കയായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ രോഹിത് ശര്‍മയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ രവി ശാസ്ത്രി തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഓസീസിന് രോഹിത് എവിടെ ബാറ്റ് ചെയ്താലും പേടി
രോഹിത് ശര്‍മ പ്രതിഭാശാലിയായ അനുഭവസമ്പന്നനായ താരമാണ്. അതുകൊണ്ടുതന്നെ എവിടെ കളിച്ചാലും ടീമിന് ഗുണകരമാണെന്നും ഓസീസിന് രോഹിത് കളിക്കുന്നത് ഭയമാണെന്നുമാണ് രവി ശാസ്ത്രി പറയുന്നത്. 'ഓസ്‌ട്രേലിയന്‍ സാഹചര്യത്തില്‍ ഏറ്റവും അപകടകാരിയായ അനുഭവസമ്പന്നനായ താരമാണ് രോഹിത്. ഓസ്‌ട്രേലിയക്ക് രോഹിത് കളിക്കാന്‍ ആഗ്രഹമില്ലാത്ത പൊസിഷനില്‍ത്തന്നെ രോഹിത് ബാറ്റ് ചെയ്യണം. ഈ ടീമിന്റെ നായകനമാണ് രോഹിത്. അതുകൊണ്ടുതന്നെ അവന് കാര്യങ്ങള്‍ തീരുമാനിക്കാനാവും.
രോഹിത്തിന്റെ വരവ് ടീമിന്റെ കരുത്തുയര്‍ത്തിയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഓസീസിലും അനുഭവസമ്പന്നനായ രോഹിത്തിന്റെ സേവനം ഇപ്പോള്‍ മധ്യനിരയിലാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. അനുഭവസമ്പത്തും യുവത്വവും ചേര്‍ന്ന ടീമിനെയാണ് ആവശ്യം. എവിടെയാണ് എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്നത് ടീം സാഹചര്യത്തിനനുസരിച്ചെടുക്കേണ്ട തീരുമാനമാണ്. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ ഇന്ത്യക്കായി മധ്യനിരയില്‍ കളിച്ച് രാഹുലും ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണറായി ഇറങ്ങണം.
കാരണം രോഹിത്തിന് ഓസ്‌ട്രേലിയയില്‍ മുന്നൊരുക്കത്തിന് അധികം സമയം ലഭിച്ചിട്ടില്ല. പ്രൈം മിനിസ്റ്റേഴ്‌സ് 11നെതിരേയും അവന് തിളങ്ങാനായില്ല. രോഹിത് അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റ് ചെയ്യുമെന്നുമാണ് കരുതുന്നത്' രവി ശാസ്ത്രി പറഞ്ഞു.

രോഹിത്തിന് മധ്യനിരയില്‍ തിളങ്ങാനാവുമോ?
കരിയറിന്റെ തുടക്ക കാലത്ത് മധ്യനിരയിലാണ് രോഹിത് ശര്‍മ കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഓപ്പണറായി എത്തിയ ശേഷം അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ അദ്ദേഹം ഓപ്പണര്‍ റോള്‍ വിടുമെന്ന് കരുതാനാവില്ല. രോഹിത്തിന് മധ്യനിരയില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനാവുമോയെന്ന ആശങ്കയുണ്ട്. ഓപ്പണറെന്ന നിലയില്‍ ഗംഭീര റെക്കോഡ് രോഹിത്തിനുണ്ട്. എന്നാല്‍ ബാറ്റിങ് പൊസിഷന്‍ മാറിയാല്‍ അത് പ്രകടനത്തെ കൂടുതല്‍ ബാധിച്ചേക്കും.
രാഹുല്‍ ഏത് ബാറ്റിങ് പൊസിഷനിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ളവനാണ്. ഈ സാഹചര്യത്തില്‍ രോഹിത്തിനെ ഓപ്പണറായി ഇറക്കി രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതാണ് നല്ലത്. മധ്യനിരയില്‍ രോഹിത്തിന് കാര്യമായ പ്രകടനം നടത്താനാവാതെ പോയാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ രോഹിത് ബാറ്റിങ് പൊസിഷന്‍ മാറ്റി ഇറങ്ങാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.
ഇന്ത്യയുടെ ബാറ്റിങ് ശക്തമെന്ന് ശാസ്ത്രി
ഇന്ത്യയുടെ ബാറ്റിങ് നിര സമീപകാലത്തൊന്നും കാണാത്ത അത്ര ശക്തമാണെന്നാണ് രവി ശാസ്ത്രി പറയുന്നത്. രോഹിത്തും ശുബ്മാന്‍ ഗില്ലും തിരിച്ചെത്തുന്നത് ഇന്ത്യയെ കൂടുതല്‍ ശക്തമാക്കുമെന്നാണ് ശാസ്ത്രി വിലയിരുത്തുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് നിരയാണ് ഇതെന്നാണ് ശാസ്ത്രിയുടെ വിലയിരുത്തല്‍. 'ശുബ്മാന്‍ ഗില്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെ തിരിച്ചെത്തുകയാണ്. ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് നിരയാണ് ഇതെന്നാണ് കരുതുന്നത്. ബാക്കപ്പ് താരങ്ങളും പ്രതിഭാശാലികളാണ്' രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.