മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടെസ്റ്റ് വ്യാഴാഴ്ച തുടങ്ങാനിരിക്കെ പ്രതീക്ഷകള്‍ മുഴുവന്‍ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിലാണ്. കാരണം ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ ഭൂരിഭാഗം ബാറ്റര്‍മാര്‍ക്കും മുട്ടിടിച്ചപ്പോള്‍ ടീമിന്റെ രക്ഷയ്‌ക്കെത്തിയത് അദ്ദേഹമാണ്. മൂന്നു ടെസ്റ്റുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തുള്ളതും രാഹുല്‍ തന്നെ.
എന്നാല്‍ ബോക്‌സിങ് ഡേയെന്നറിയപ്പെടുന്ന ക്രിസ്മസിന്റെ അടുത്ത ദിവസമാരംഭിക്കുന്ന മെല്‍ബണിലെ നാലാം ടെസ്റ്റില്‍ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയേക്കും. ഇതിനൊരു കാരണം കൂടിയുണ്ട്. ഇതു എന്താണെന്നു നമുക്കു നോക്കാം

രാഹുലും ബോക്‌സിങ് ഡേ ടെസ്റ്റും
കെഎല്‍ രാഹുലും ബോക്‌സിങ് ഡേ ടെസ്റ്റുകളുമെടുത്താല്‍ രസകരമായ ഒരു സാമ്യം നമുക്കു കാണാന്‍ സാധിക്കും. ബോക്‌സിങ് ഡേയിലെ ഒരു ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ചാല്‍ അടുത്ത വര്‍ഷത്തെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അദ്ദേഹം ഫ്‌ളോപ്പാവുമെന്നാണ് ചരിത്രം പറയുന്നത്.
2021ലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് രാഹുല്‍ ഇന്ത്യക്കായി കളിച്ചത്. ഈ മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി അദ്ദേഹം മിന്നിക്കുകയും ചെയ്തു. 123 റണ്‍സാണ് താരം കുറിച്ചത്. എന്നാല്‍ 2022ലെ അടുത്ത ബോക്‌സിങ് ഡേ ടെസ്റ്റില്‍ രാഹുല്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറി.
2023ല്‍ വീണ്ടുമൊരു ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇറങ്ങിയ രാഹുല്‍ സെഞ്ച്വറിയുമായാണ് തിരിച്ചുവന്നത്. സൗത്താഫ്രക്കിക്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ വച്ചായിരുന്നു ഈ ടെസ്റ്റ്. ഈ മല്‍സരത്തില്‍ 101 റണ്‍സാണ് അദ്ദേഹം നേടിയത്. ഇപ്പോഴിതാ ഒരു വര്‍ഷത്തിനു ശേഷം വീണ്ടുമൊരു ബോക്‌സിങ് ഡേ ടെസ്റ്റിനു തയ്യാറെടുക്കുകയാണ് രാഹുല്‍.
2021 മുതല്‍ ഇതുവരെയുള്ള ഒരു പാറ്റേണ്‍ നോക്കുമ്പോള്‍ ഇത്തവണ അദ്ദേഹം ബാറ്റിങില്‍ ഫ്‌ളോപ്പായേക്കുമെന്ന ആശങ്കയാണുള്ളത്. ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ മെല്‍ബണില്‍ രാഹുല്‍ ബാറ്റിങില്‍ നിരാശപ്പെടുത്താനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ ചരിത്രം തിരുത്താന്‍ അദ്ദേഹത്തിനു ഇത്തവണ കഴിഞ്ഞാല്‍ അതു ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.
രാഹുലിന്റെ പ്രകടനം
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇത്തവണ ട്രാവിസ് ഹെഡ് (409 റണ്‍സ്) കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്ണെടുത്തിട്ടുള്ള രണ്ടാമത്തെയാള്‍ കൂടിയാണ് കെഎല്‍ രാഹുല്‍. മൂന്നു ടെസ്റ്റുകളിലെ ആറിന്നിങ്‌സുകളിലായി 47 ശരാശരിയില്‍ 235 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.

രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഇതിലുള്‍പ്പെടും. 85 റണ്‍സാണ് രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു അദ്ദേഹത്തിന്റെ കിടിലന്‍ പ്രകടനം. ഇന്ത്യയുടെ മറ്റാരും തന്നെ പരമ്പരയില്‍ ഇനിയും 200 റണ്‍സ് തികച്ചിട്ടില്ലെന്നു മനസ്സിലാക്കുമ്പോഴാണ് ബാറ്റിങില്‍ എത്രമാത്രം ഇംപാക്ടാണ് രാഹുല്‍ ഉണ്ടാക്കിയതെന്നു ബോധ്യമാവുക.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഈ ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യാന്‍ ലഭിച്ച അവസരം രാഹുല്‍ ശരിക്കും മുതലാക്കുകയായിരുന്നു. പെര്‍ത്തിലെ പ്രകടനം തുടര്‍ന്നുള്ള ടെസ്റ്റുകളിലും ഓപ്പണിങ് സ്ഥാനം നിലനിര്‍ത്താന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തിരുന്നു. രണ്ടാം ടെസ്റ്റില്‍ രോഹിത് ടീമിലേക്കു മടങ്ങിയെത്തിയിരുന്നെങ്കിലും രാഹുലിനു വേണ്ടി ഓപ്പണിങ് റോള്‍ വേണ്ടെന്നു വയ്ക്കുകയും ആറാം നമ്പറിലേക്കു മാറുകയുമായിരുന്നു.
അതേസമയം, നാലാം ടെസ്റ്റിനു തയ്യാറെടുക്കവെ നെറ്റ്‌സില്‍ വച്ച് ബാറ്റിങിനിടെ ബോള്‍ കൈയില്‍ തട്ടി രാഹുലിനു പരിക്കേറ്റതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പരിക്ക് അത്ര സാരമുള്ളതല്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അതുകൊണ്ടു തന്നെ അടുത്ത ടെസ്റ്റില്‍ രാഹുല്‍ തീര്‍ച്ചയായും കളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.