റായ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ടി20യിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ കൈയടി നേടിയിരിക്കുകയാണ് ജിതേഷ് ശര്‍മ. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലൂടെ ശ്രദ്ധ നേടിയെടുത്ത താരം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം മത്സരത്തിലൂടെ ആദ്യത്തെ വലിയ മത്സരവും താരം കളിച്ചിരിക്കുകയാണ്. ഈ മത്സരത്തിലൂടെത്തന്നെ എല്ലാവരും ശ്രദ്ധ നേടിയെടുക്കാന്‍ ജിതേഷിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
ആറാമനായി ക്രീസിലെത്തിയ ജിതേഷ് 19 പന്തില്‍ 35 റണ്‍സാണ് അടിച്ചെടുത്തത്. 1 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ജിതേഷിന്റെ തകര്‍പ്പന്‍ പ്രകടനം. 184ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഈ പ്രകടനം ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള വിക്കറ്റ് കീപ്പറെ ഇന്ത്യ തേടി നടക്കുകയായിരുന്നു. മധ്യനിരയില്‍ ബാറ്റുചെയ്ത് ജിതേഷ് മിടുക്കുകാട്ടുന്നതോടെ ഇന്ത്യ ടി20 ലോകകപ്പിലേക്കും താരത്തെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.
ജിതേഷിന്റെ തകര്‍പ്പന്‍ പ്രകടനം ചര്‍ച്ചയാകവെ ഇന്ത്യയുടെ താല്‍ക്കാലിക പരിശീലകനായ വിവിഎസ് ലക്ഷ്മണ്‍ തന്റെ മികച്ച പ്രകടനത്തിന് കാരണമായത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജിതേഷ് ശര്‍മ. 'റിങ്കു സിങ്ങുമായി ഞാന്‍ അധികം സംസാരിച്ചിരുന്നില്ല. ലക്ഷ്മണ്‍ സാര്‍ എന്റെ ശൈലിയെ പിന്തുണച്ചിരുന്നു. സ്വാഭാവിക ശൈലിയില്‍ കളിക്കാനും സാഹചര്യം മനസിലാക്കി ബാറ്റുചെയ്യാനും ലക്ഷ്മണ്‍ സാറാണ് പറഞ്ഞത്. എന്റെ മുന്നൊരുക്കത്തില്‍ അദ്ദേഹം വളരെയധികം സഹായിച്ചു.
മികച്ച മുന്നൊരുക്കം നടത്തിയാല്‍ ഫലം താനെ വരുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. പിന്നീട് റിങ്കുവിനോട് സംസാരിച്ചു. മത്സരത്തെ ആഴത്തില്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നാണ് റിങ്കു പറഞ്ഞത്. ഓഫ് സ്പിന്നറെത്തിയാല്‍ കടന്നാക്രമിക്കുമെന്ന് ഞാന്‍ റിങ്കുവിനോട് പറഞ്ഞു. എന്നാല്‍ ലെഗ് സ്പിന്നറെത്തിയാല്‍ റിങ്കുവിനോട് കൈകാര്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഇതായിരുന്നു മത്സരത്തിനിടെയിലെ ഞങ്ങളുടെ ഗെയിം പ്ലാന്‍'-ജിതേഷ് പറഞ്ഞു.

ഭയമില്ലാതെ ബാറ്റുചെയ്യുന്ന താരമാണ് ജിതേഷ്. പേസിനേയും സ്പിന്നിനേയും കടന്നാക്രമിക്കാന്‍ കഴിവുണ്ട്. എന്നാല്‍ സ്ഥിരത എങ്ങനെയാണെന്ന് കണ്ടറിയണം. ഇതേ മികവ് തുടരാനായാല്‍ ജിതേഷിന് അധികം വൈകാതെ ടി20 ടീമില്‍ സീറ്റുറപ്പിക്കാനാവും. സഞ്ജു സാംസണിന് ടി20യില്‍ ഇന്ത്യ നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും അതൊന്നും മുതലാക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. ഇഷാന്‍ കിഷന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ്.
റിഷഭ് പന്ത് അടുത്ത ഐപിഎല്ലിലൂടെ തിരിച്ചെത്തിയാലും നേരിട്ട് ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യത വളരെ കുറവാണ്. താരത്തിന്റെ ഫിറ്റ്‌നസും ഫോമുമെല്ലാം വിലയിരുത്തിയാവും അവസരം ലഭിക്കുക. അതുകൊണ്ടുതന്നെ ജിതേഷ് ശര്‍ക്ക് മുന്നിലുള്ളത് സുവര്‍ണ്ണാവസരമാണ്. ഇതേ മികവ് തുടര്‍ന്നാല്‍ അനായാസം ടി20 ലോകകപ്പ് ടീമില്‍ ഇടം നേടിയെടുക്കാന്‍ ജിതേഷിന് സാധിക്കും. വരവറിയിക്കാന്‍ ജിതേഷിന് സാധിച്ചുവെങ്കിലും ഇതേ മികവ് വരുന്ന മത്സരങ്ങളിലും തുടരാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഓസ്‌ട്രേലിയക്കെതിരായി കളിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും ജിതേഷ് തുറന്ന് പറഞ്ഞു. 'വലിയ കൗതുകവും ആവേശവുമാണുണ്ടായത്. ഈ അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇന്ത്യയില്‍ കളിക്കുമ്പോള്‍ പ്രത്യേകമായ ആവേശവും അധിക സമ്മര്‍ദ്ദവും ഉണ്ടാവും. എന്നാല്‍ എനിക്ക് സമ്മര്‍ദ്ദം തോന്നിയില്ല. കാരണം മികച്ച പ്രകടനം നടത്താന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിങ്ങളുടെ മുന്നൊരുക്കങ്ങളില്‍ വിശ്വാസം അര്‍പ്പിക്കണം.
പരിശീലനത്തില്‍ ചെയ്യുന്നതാണ് നമ്മള്‍ മത്സരത്തിലും ആവര്‍ത്തിക്കുന്നത്. എന്നാല്‍ കൂടുതല്‍ സിക്‌സുകള്‍ നേടാനാവാത്തതില്‍ എനിക്ക് നിരാശയുണ്ട്'-ജിതേഷ് കൂട്ടിച്ചേര്‍ത്തു. എന്തായാലും ജിതേഷിന്റെ പ്രകടനം ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തുന്നതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ജിതേഷും റിങ്കുവും ഡെത്തോവറില്‍ ബാറ്റുചെയ്താല്‍ എതിര്‍ ബൗളര്‍മാരെ തല്ലിപ്പറത്താന്‍ സാധിക്കുകയും മികച്ച സ്‌കോറിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുകയും ചെയ്യും.