മുംബൈ: ഏകദിന ലോകകപ്പിന് ശേഷമുള്ള ആദ്യത്തെ പരമ്പരക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ മാസം 23നാണ് പരമ്പര ആരംഭിക്കുന്നത്. ഇതിനോടകം ഇന്ത്യ പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജു സാംസണ്‍, യുസ്‌വേന്ദ്ര ചഹാല്‍ തുടങ്ങിയ പല പ്രമുഖരേയും തഴഞ്ഞുകൊണ്ടുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.
ഓസ്‌ട്രേലിയ നേരത്തെ തന്നെ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഓസീസ് പരമ്പരയില്‍ ഇന്ത്യക്ക് കളത്തിലിറക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം. ഓപ്പണറായി യശ്വസി ജയ്‌സ്വാളും റുതുരാജ് ഗെയ്ക് വാദും ഇറങ്ങിയേക്കും. ആദ്യത്തെ മൂന്ന് മത്സരത്തില്‍ വൈസ് ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്‌വാദ് ടീമിലുണ്ട്. അവസാന രണ്ട് മത്സരത്തില്‍ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റന്‍. ജയ്‌സ്വാളില്‍ ഇന്ത്യ വലിയ പ്രതീക്ഷയാണ് വെക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ റുതുരാജും ജയ്‌സ്വാളും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.
അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി ജയ്‌സ്വാള്‍ മാറാന്‍ സാധ്യതയുണ്ട്. യുവതാരത്തിന് മിടുക്കുകാട്ടാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷന്‍ കളിച്ചേക്കും. ഇഷാന്‍ ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇഷാനെ സംബന്ധിച്ചും പരമ്പര വളരെ പ്രധാനപ്പെട്ടതാണ്.
നാലാം നമ്പറില്‍ നായകന്‍ സൂര്യകുമാര്‍ യാദവ് കളിച്ചേക്കും. ഏകദിന ലോകകപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ യാദവ് വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. ഈ ചീത്തപ്പേര് മാറ്റാന്‍ സൂര്യക്ക് മികച്ച പ്രകടനം തന്നെ ടി20 പരമ്പരയില്‍ കാഴ്ചവെക്കേണ്ടതായുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സൂര്യക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണുള്ളത്. നിലവില്‍ ഇന്ത്യയുടെ ബെസ്റ്റ് ടി20 താരമായാണ് സൂര്യയെ വിശേഷിപ്പിക്കുന്നത്.

അഞ്ചാം നമ്പറില്‍ തിലക് വര്‍മ കളിച്ചേക്കും. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ളവനാണ് തിലക്. ഇന്ത്യ ജിതേഷിനെ പ്ലേയിങ് 11ലെത്തിക്കാന്‍ സാധ്യത കുറവാണ്. മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞാണ് ഇന്ത്യ യുവ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയെ പരിഗണിച്ചത്. ഇഷാന്‍ വിക്കറ്റ് കീപ്പറാവുമ്പോള്‍ ജിതേഷ് ബാക്കപ്പാവും. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരമാണ് ജിതേഷ്. താരത്തെ ടീമിലെടുത്തത് അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ്. ഇതോടെ അടുത്ത ടി20 ലോകകപ്പില്‍ സഞ്ജു ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
ആറാം നമ്പറില്‍ ഫിനിഷറായി റിങ്കു സിങ്ങുണ്ടാവും. ഇന്ത്യയുടെ പരിമിത ഓവറില്‍ വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് റിങ്കു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള റിങ്കു ഇതിനോടകം സൂപ്പര്‍ ഫിനിഷിങ്ങിലൂടെ കൈയടി നേടിയിട്ടുണ്ട്. ഏഴാം നമ്പറില്‍ അക്ഷര്‍ പട്ടേല്‍ കളിക്കും. ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട അക്ഷറിന്റെ ഓള്‍റൗണ്ട് മികവ് ടി20 പരമ്പരയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ശിവം ദുബെ പുറത്തിരിക്കാനാണ് സാധ്യത. അര്‍ഷദീപ് സിങ് കളിച്ചേക്കും.
യുവ പേസറും ഇടം കൈയനുമായ അര്‍ഷദീപ് സിങ്ങിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒമ്പതാം നമ്പറില്‍ പ്രസിദ്ധ് കൃഷ്ണയുണ്ടാവും. ഏകദിന ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി പ്രസിദ്ധിനെ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 10ാം നമ്പറില്‍ പേസര്‍ ആവേശ് ഖാന്‍ കളിക്കുമ്പോള്‍ 11ാമനായി സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ രവി ബിഷ്‌നോയിയും കളിച്ചേക്കും.
സാധ്യതാ 11: യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, രവി ബിഷ്‌നോയ്