വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇഷാന്‍ കിഷന്‍. 209 എന്ന വമ്പന്‍ ടോട്ടലിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി. 39 പന്തില്‍ 58 റണ്‍സാണ് ഇഷാന്‍ നേടിയത്. 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ഇഷാന്‍ മിന്നിച്ചത്. വിക്കറ്റ് കീപ്പറായ ഇഷാന്റെ രണ്ടാം ടി20 ഫിഫ്റ്റിയാണിത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരില്‍ കൂടുതല്‍ ടി20 അര്‍ധ സെഞ്ച്വറിയുള്ള താരങ്ങളില്‍ എംഎസ് ധോണിക്കും റിഷഭ് പന്തിനുമൊപ്പമെത്തിയിരിക്കുകയാണ് ഇഷാന്‍.
മൂന്ന് പേര്‍ക്കും 2 അര്‍ധ സെഞ്ച്വറികള്‍ വീതമാണുള്ളത്. 3 അര്‍ധ സെഞ്ച്വറികളുമായി കെ എല്‍ രാഹുലാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ ഇന്ത്യ ടി20യില്‍ പ്രധാന വിക്കറ്റ് കീപ്പറായി ഇഷാനെയാണ് പരിഗണിക്കുന്നത്. ഏകദിന ലോകകപ്പില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായിരുന്ന ഇഷാന്‍ ഒരു മത്സരം കളിച്ചിരുന്നു. ഇപ്പോള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ത്യക്കായി ഗംഭീര അര്‍ധ സെഞ്ച്വറിയോടെ മിന്നിക്കാനും ഇഷാനായി.
സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ടി20 നായകനായുള്ള അരങ്ങേറ്റം ആഘോഷമാക്കിയിരിക്കുകയാണ്. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ അപൂര്‍വ്വ നേട്ടത്തിലേക്കാണ് സൂര്യ എത്തിയത്. ടി20 നായകനായുള്ള അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടത്തിലേക്കാണ് സൂര്യ എത്തിയത്. കെ എല്‍ രാഹുലാണ് ഈ റെക്കോഡില്‍ പേരുചേര്‍ത്ത ആദ്യത്തെ ഇന്ത്യന്‍ താരം. നായകനായുള്ള അരങ്ങേറ്റത്തില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാനും സൂര്യക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
നായകനെന്ന നിലയില്‍ ടി20 അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററാവാനും സൂര്യകുമാറിനായി. 62 റണ്‍സ് നേടിയ കെ എല്‍ രാഹുലിന്റെ റെക്കോഡാണ് സൂര്യ തകര്‍ത്തത്. ഇന്ത്യയുടെ ടി20 ചരിത്രത്തില്‍ വിജയകരമായി മറികടക്കുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. ഈ നേട്ടത്തിലേക്കെത്തിച്ച നായകനെന്ന ബഹുമതിയും സൂര്യക്ക് സ്വന്തം. ടി20യില്‍ 200ന് മുകളില്‍ വിജയലക്ഷ്യം കൂടുതല്‍ തവണ മറികടക്കുന്ന ടീമാകാനും ഇന്ത്യക്ക് സാധിച്ചു.

ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നത്. നാല് തവണ ഈ നേട്ടം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ മറികടന്നത്. അവസാന പന്തിലേക്ക് നീണ്ട മത്സരത്തെ സിക്‌സറിലൂടെ ഫിനിഷ് ചെയ്യാന്‍ റിങ്കു സിങ്ങിനായി. ടി20യില്‍ സിക്‌സറിലൂടെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുന്നവരില്‍ നാലാം സ്ഥാനത്തേക്ക് റിങ്കുവെത്തി. 4 തവണ ഈ നേട്ടത്തിലെത്തിയ ഹാര്‍ദിക് പാണ്ഡ്യയും വിരാട് കോലിയും തലപ്പത്ത് നില്‍ക്കുമ്പോള്‍ എംഎസ് ധോണി മൂന്ന് തവണയും റിഷഭ് പന്ത് രണ്ട് തവണയും ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്.
മറ്റ് ചില വമ്പന്‍ റെക്കോഡുകളും സൂര്യകുമാര്‍ സ്വന്തം പേരിലാക്കി. മൂന്നാം സ്ഥാനത്തോ അതിന് താഴെയോ ബാറ്റ് ചെയ്ത് ടി20യില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങളില്‍ സൂര്യ നാലാം സ്ഥാനത്തേക്കെത്തി. കറെന്‍ പൊള്ളാര്‍ഡിന്റെ 99 സിക്‌സര്‍ റെക്കോഡിനെയാണ് സൂര്യകുമാര്‍ മറികടന്നത്. 105 സിക്‌സുകളുമായി ഡേവിഡ് മില്ലര്‍ മൂന്നാം സ്ഥാനത്തും 106 സിക്‌സുകളുമായി വിരാട് കോലി രണ്ടാം സ്ഥാനത്തും നില്‍ക്കുമ്പോള്‍ 120 സിക്‌സുകള്‍ പറത്തിയ ഓയിന്‍ മോര്‍ഗന്‍ തലപ്പത്താണുള്ളത്.
മൂന്ന് റണ്ണൗട്ടുകളാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുണ്ടായത്. ഇത് രണ്ടാം തവണയാണ് ഒരു ടി20 ഇന്നിങ്‌സില്‍ ഇന്ത്യയുടെ മൂന്നുപേര്‍ റണ്ണൗട്ടാവുന്നത്. ഇന്ത്യ ടി20യില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഉയര്‍ന്ന സ്‌കോറാണിത്. ഇതിന് മുമ്പ് 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് നേടിയ 208 റണ്‍സായിരുന്നു ഇന്ത്യ വിജയകരമായി മറികടന്ന ഉയര്‍ന്ന സ്‌കോര്‍.