ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകളായ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയെ വളരെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. കാരണം ഇരുവരും തമ്മിലുള്ള കൊമ്പുകോര്‍ക്കലുകള്‍ ഒരിക്കലും നിരാശപ്പെടാറില്ല. എല്ലായ്‌പ്പോഴും ത്രില്ലിങ് മുഹൂര്‍ത്തങ്ങള്‍ ഈ മല്‍സരങ്ങളില്‍ കാണാറുണ്ട്.
പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇത്തവണയിറങ്ങുക,. അദ്ദേഹത്തിനു തന്ത്രങ്ങളോതാന്‍ രണ്ടു മുന്‍ നായകരും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മയും വിരാട് കോലിയും ഒപ്പമുണ്ടാവും. മറുഭാഗത്തു മിച്ചെല്‍ മാര്‍ഷിന്റെ കംഗാരുപ്പടയും ശക്തമായ ടീമുമായാണ് അങ്കത്തിനിറങ്ങുക.
നീണ്ട ഗ്യാപ്പിനു ശേഷമാണ് രോഹിത്തും കോലിയും ഈ പരമ്പരയിലൂടെ ദേശീയ ടീമില്‍ മടങ്ങിയെത്തുന്നത്. അതുകൊണ്ടു തന്നെ ഇരുവരുടെയും പ്രകടനത്തിന്റെ കാര്യത്തിലും ആശങ്കകളുണ്ട്. നിലവില്‍ ഒരു ടീമിനും പരമ്പരയില്‍ മുന്‍തൂക്കമില്ല.

കാരണം ഇരുടീമുകളും ഒരുപോലെ ശക്തരും മാച്ച് വിന്നര്‍മാരാല്‍ സമ്പന്നവുമാണ്. ഇന്ത്യന്‍ സംഘത്തിലെ ചില താരങ്ങള്‍ അവസരം ലഭിക്കുകയാണെങ്കില്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ കംഗാരുപ്പടയെ ഞെട്ടിച്ചേക്കും. ഈ തരത്തില്‍ എക്‌സ് ഫാക്ടറായേക്കാവുന്ന കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.
നിതീഷ് കുമാര്‍ റെഡ്ഡി
യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ ഹീറോ ആയി മാറിയേക്കാവുന്ന ഒരു താരം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഈ പരമ്പയില്‍ നിര്‍ണായക റോളാണ് അദ്ദേഹത്തിനുള്ളത്.
പരിക്കു കാരണമാണ് ഹാര്‍ദിക്കിനു ഈ പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ടീമിലെ ഏക സീം ബൗളിങ് ഓള്‍റൗണ്ടറാണ് നിതീഷ്. ഓസ്‌ട്രേലിയയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകളില്‍ അദ്ദേഹത്തിനു ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചേക്കും.
കഴിഞ്ഞ വര്‍ഷമവസാനത്തോടെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ സംഘത്തില്‍ നിതീഷുമുണ്ടായിരുന്നു. കന്നി ഓസീസ് പര്യടനത്തില്‍ തന്നെ മിന്നുന്ന ബാറ്റിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. ആദ്യ ടെസ്റ്റ് സെഞ്ച്വറിയും നിതീഷ് അന്നു കുറിച്ചു. പരമ്പര കൈവിട്ടെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്നായിരുന്നു താരം.
നേരത്തേ ഇവിടെ കളിച്ചതിനാല്‍ തന്നെ ഓസ്‌ട്രേലിയന്‍ പിച്ചുകളും സാഹചര്യവുമായെല്ലാം നിതീഷ് പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇതു ഏകദിന പരമ്പരയിലും അദ്ദേഹത്തിനു ഗുണം ചെയ്യും. ഹാര്‍ദിക് ടീമില്‍ ഇല്ലാത്തതിനാല്‍ പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും നിതീഷിനു അവസരം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 15 ഇന്നിങ്‌സുകളില്‍ താരം കളിച്ചിട്ടുണ്ട്. 36.63 ശരാശരിയില്‍ 95.27 സ്‌ട്രൈക്ക് റേറ്റോടെ 403 റണ്‍സും സ്‌കോര്‍ ചെയ്തു. ബൗളിങെടുത്താല്‍ 4.17 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളും നിതീഷ് വീഴ്ത്തി.
വാഷിങ്ടണ്‍ സുന്ദര്‍
ഇടംകൈയന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറാണ് ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ കഥ കഴിച്ചേക്കാവുന്ന മറ്റൊരു എക്‌സ് ഫാക്ടര്‍. അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനു നല്‍കുന്ന ബാലന്‍സ് വളരെ വലുതായിരിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ വാഷി തന്റെ ക്ലാസ് ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്.

അക്ഷര്‍ പട്ടേല്‍ ടീമിലുള്ളതിനാല്‍ ഏകദിന പരന്വരയില്‍ അദ്ദേഹത്തിനു ടീമില്‍ അവസരം ലഭിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍ കളിപ്പിക്കുകയാണെങ്കില്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ വാഷി കൈയടി നേടിയേക്കും.
പവര്‍പ്ലേയിലും മധ്യ ഓവറുകളിലുമെല്ലാം നന്നായി ബൗള്‍ ചെയ്യാനും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനും അദ്ദേഹത്തിനു കഴിയും. കൂടാതെ നിര്‍ണായക ബ്രേക്ക്ത്രൂകളും താരം നല്‍കിയേക്കും. ഓസീസ് ടീമിലെ ഇടംകൈയന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ വാഷിയുടെ ബൗളിങിനു സാധിക്കും. ഇതു തീര്‍ച്ചയായും ടീമിനു മുതല്‍ക്കൂട്ടുമാണ്.
ബാറ്റിങിലും അദ്ദേഹത്തെ ടീമിനു ആശ്രയിക്കാം. സാഹചര്യമനുസരിച്ച് ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടുപോവാന്‍ താരത്തിനാവും. ഏകദിനത്തില്‍ ഇതുവരെ 23 മല്‍സരങ്ങളിലാണ് വാഷി കളിച്ചത്. 329 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനൊപ്പം 24 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.