Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മൂന്നാമങ്കം ഓസീസ് ജയിക്കും!! ടീം ഇന്ത്യയെ കാത്ത് വീണ്ടും തോല്‍വി, 3 കാരണങ്ങള്‍

ബ്രിസ്ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമങ്കത്തിന് ഗാബ തയ്യാറായിക്കഴിഞ്ഞു. വിജയ വഴിയില്‍ തിരിച്ചെത്താനുറച്ചാണ് രോഹിത് ശര്‍മയുടെ ടീം ഇന്ത്യയിറങ്ങുക. എന്നാല്‍ തുടരെ രണ്ടാം ജയമെന്ന ലക്ഷ്യത്തോടെയാണ് പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ കച്ചമുറുക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ ജയം വീതം നേടി 1-1ന് ഒപ്പമാണുള്ളത്. പെര്‍ത്തില്‍ ഇന്ത്യ 295 റണ്‍സിനു ജയിച്ചു കയറിയപ്പോള്‍ അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസീസ് പത്തു വിക്കറ്റിന്റെ വിജയമാഘോഷിക്കുകയും ചെയ്തു.

നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാബയിലെ ഇതേ മൈതാനത്താണ് ഓസ്‌ട്രേലിയയെ ഞെട്ടിച്ച് 2-1നു ഇന്ത്യന്‍ ടീം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയത്. ഈ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടിരിക്കും ഇത്തവണ ടീം ഇന്ത്യയിറങ്ങുക. പക്ഷെ ഈ മല്‍സരത്തില്‍ ഇന്ത്യക്കു തോല്‍വിയേറ്റു വാങ്ങേണ്ടി വന്നേക്കും. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കം.

ROHIT SHARMA VIRAT KOHLI

ഇന്ത്യന്‍ ബാറ്റിങ് ദുര്‍ബലം

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ദുര്‍ബലമാണെന്നതാണ് ആദ്യത്തെ കാരണം. ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള രണ്ടു താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും സമീപകാലത്തു അത്ര മികച്ച ഫോമിലല്ല കാണപ്പെടുന്നത്. പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കോലി സെഞ്ച്വറി നേടിയിരുന്നെങ്കിലും ബാക്കിയുള്ള മൂന്നു ഇന്നിങ്‌സുകളിലും ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടു.

രോഹിത്താവട്ടെ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. രണ്ടാമത്തെ ടെസ്റ്റിലാവട്ടെ രണ്ടിന്നിങ്‌സിലും വന്‍ ദുരന്തമായി മാറി. ഒറ്റയക്ക സ്‌കോറിനാണ് രണ്ടു തവണയും അദ്ദേഹം മടങ്ങിയത്. പാറ്റ് കമ്മിന്‍സിനെതിരേ എന്തു ചെയ്യണമന്നറിയാതെ രോഹിത് വിക്കറ്റ് കൈവിടുകയായിരുന്നു.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യ ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ കിടിലന്‍ സെഞ്ച്വറികള്‍ കുറിച്ചെങ്കിലും ബാക്കിയുള്ള രണ്ടിന്നിങ്‌സുകളിലും ഡെക്കായിരുന്നു. ഇതും ഇന്ത്യക്കു തലവേദനയാണ്. ഓസ്‌ട്രേലിയയില്‍ നേരത്തേ കളിച്ചപ്പോഴെല്ലാം കസറിയിട്ടുള്ള റിഷഭ് പന്തിനും കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും കാര്യമായ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. ഈ തരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് ഇപ്പോള്‍ ഒട്ടും തന്നെ ആത്മവിശ്വാസത്തിലല്ല കാണപ്പെടുന്നത്.

ബുംറയ്ക്കു പിന്തുണ

ഇന്ത്യന്‍ പേസ് ബൗളിങിന്റെ ഭാരം മുഴുവന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ചുമലിലായിരിക്കുകയാണ്. അദ്ദേഹത്തിനു മികച്ചൊരു പിന്തുണ നല്‍കാന്‍ ടീമിലെ മറ്റൊരു പേസര്‍ക്കും സാധിക്കുന്നില്ലെന്നതാണ് രണ്ടാമത്തെ കാരണം. ബുംറയ്ക്കു വിക്കറ്റില്ലെങ്കില്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് ഇന്ത്യ. ഇതു തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്.

മുഹമ്മദ് ഷമിയെപ്പോലെ ബുംറയ്‌ക്കൊപ്പം കട്ടയ്ക്കു നിന്നു പന്തെറിയാന്‍ സാധിക്കുന്ന ഒരു ഫാസ്റ്റ് ബൗളറില്ലെന്നതാണ് ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യം. കഴിഞ്ഞ ടെസ്റ്റില്‍ മുഹമ്മദ് സിറാജ് നാലു വിക്കറ്റെടുത്തിരുന്നെങ്കിലും നന്നായി തല്ലു വാങ്ങിയിരുന്നു. ഹര്‍ഷിത് റാണയാവട്ടെ 5.5 ഇക്കോണമി റേറ്റിലാണ് റണ്‍സ് വിട്ടുകൊടുത്തത്. വിക്കറ്റും ലഭിച്ചില്ല. ബുംറയെ അമിതമായി ആശ്രയിക്കുന്ന ഈ രീതി കാരണം ഇനിയുള്ള ടെസ്റ്റുകളില്‍ ഇന്ത്യക്കു വലിയ തിരിച്ചടികള്‍ നേരിട്ടേക്കും.

JASP RIT BUMRAH

മോശം ക്യാപ്റ്റന്‍സി

രോഹിത് ശര്‍മയുടെ മോശം ക്യാപ്റ്റന്‍സിയാണ് ഇന്ത്യക്കു തിരിച്ചടിയായി മാറുന്ന മൂന്നാമത്തെ കാര്യം. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഗംഭീര ക്യാപ്റ്റനാണെങ്കിലും ടെസ്റ്റില്‍ ഒട്ടും അഗ്രസീവായിട്ടല്ല കാണപ്പെടുന്നത്. എതിരാളികളെ ആക്രമിച്ചു സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കാതെ അവരുടെ പിഴവുകള്‍ക്കായി കാത്തിരിക്കുകയെന്ന ഡിഫന്‍സീവ് സമീപനമാണ് രോഹിത് സ്വീകരിക്കുന്നത്.

അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കാന്‍ പ്രധാന കാരണങ്ങളിലൊന്നും രോഹിത്തിന്റെ മോശം ക്യാപ്റ്റന്‍സി തന്നെയായിരുന്നു. ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യുന്ന കാര്യത്തില്‍ അദ്ദേഹം ചില പിഴവുകള്‍ വരുത്തി. മൂന്നാം ടെസ്റ്റിലും ഇതേ രീതിയിലുള്ള പിഴവുകള്‍ തുടര്‍ന്നാല്‍ വീണ്ടുമൊരു തോല്‍വിയാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്.

Story first published: Friday, December 13, 2024, 16:09 [IST]
Other articles published on Dec 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+