ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ വലിയ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ് ടീം ഇന്ത്യ. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 445 റണ്‍സിനു മറുപടിയില്‍ 50 റണ്‍സെടിക്കുമ്പോഴേക്കും ഇന്ത്യക്കു നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു.
യശസ്വി ജയ്‌സ്വാള്‍ (4), ശുഭ്മന്‍ ഗില്‍ (1), വിരാട് കോലി (3), റിഷഭ് പന്ത് (9) എന്നിവരാണ് പുറത്തായത്. ഇവരില്‍ ഗില്‍ ഫ്‌ളോപ്പായതില്‍ ഇന്ത്യന്‍ ആരാധകര്‍ പഴിക്കുന്നത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെയാണ്. ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ നേരത്തേ തന്നെ സജീവമാണ്. ഈ മല്‍സരം കാണാന്‍ സാറ ഗാബയിലെത്തുകയും ചെയ്തിരുന്നു.

സാറ വില്ലത്തി
ഗാബ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതിനു കാരണക്കാരി സാറ ടെണ്ടുല്‍ക്കറാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ പഴിക്കുന്നത്. ശുഭ്മന്‍ ഗില്‍ കഴിഞ്ഞ ടെസ്റ്റില്‍ മികച്ച ഫോമലിയിരുന്നു കാണപ്പെട്ടത്. കിടിലന്‍ ടൈമിങോടെ ഷോട്ടുകളും താരം കളിച്ചിരുന്നു.
പക്ഷെ ഗാബയില്‍ തീര്‍ത്തും അശ്രദ്ധമായാണ് നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ ഗില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇതിനു കാരണം സാറ ടെണ്ടുല്‍ക്കറാണ്. ഗില്ലിനെ പിന്തുണയ്ക്കുന്നതിനു അവര്‍ ഇവിടെയെത്തിയിരുന്നു. ഇതു കാരണം താരത്തിനു ബാറ്റിങിലെ ഏകാഗ്രത നഷ്ടപ്പെട്ടതായും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയാണ്.
സാറ ടെണ്ടുല്‍ക്കറിനൊപ്പം ശുഭ്മന്‍ ഗില്ലിനു ഓസ്‌ട്രേലിയയില്‍ കറങ്ങണം. ഇതിനു വേണ്ടിയാണ് ഗാബ ടെസ്റ്റില്‍ ഇത്രയും പെട്ടെന്നു വിക്കറ്റ് വലിച്ചെറിഞ്ഞിരിക്കുന്നത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം നോക്കിയാല്‍ വലിയൊരു ഇന്നിങ്‌സ് തന്നെ ഗാബയില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പക്ഷെ സാറ ഗാബയില്‍ കളി കാണാനെത്തിയതോടെ ഗില്‍ ഉഴപ്പുകയായിരുന്നെന്നും ആരാധകര്‍ തുറന്നടിക്കുകയാണ്.
സാറ ടെണ്ടുല്‍ക്കര്‍ ഓസ്‌ട്രേലിയയിലേക്കു വന്നിട്ടുണ്ട്. കളിക്കളത്തിനു പുറത്ത് അവര്‍ക്കൊപ്പം കറങ്ങി നടക്കാനാണ് ശുഭ്മന്‍ ഗില്ലിന്റെ ആഗ്രഹം. നേരത്തേ സാറ ഇവിടെയെത്തുന്നതിനു മുമ്പ് പിങ്ക് ബോള്‍ ടെസ്റ്റില്‍ താരം നല്ല ആത്മവിശ്വാസത്തിലാണ് കാണപ്പെട്ടത്. അങ്ങനെയാരൊള്‍ ഈ ടെസ്റ്റില്‍ ഇത്ര ചീപ്പായി വിക്കറ്റ് നഷ്ടപ്പെടുത്തിയത് സംശയകരമാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഗില്ലിന്റെ പുറത്താവല്‍
ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളില്‍ തന്നെ ശുഭ്മന്‍ ഗില്ലിനു ബാറ്റിങിനായി ക്രീസില്‍ എത്തേണ്ടി വന്നിരുന്നു. മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരായ ആദ്യ ഓവറിലെ ആദ്യ ബോളില്‍ ഫോറടിച്ചാണ് യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയതെങ്കിലും അടുത്ത ബോളില്‍ പുറത്താവുകയായിരുന്നു. തുടര്‍ന്ന് എത്തിയ ഗില്‍ തുടക്കം മുതല്‍ ഒട്ടും ആത്മവിശ്വാസത്തിലായിരുന്നില്ല കാണപ്പെട്ടത്.

മൂന്നാമത്തെ ഓവറിലെ ആദ്യ ബോളില്‍ അദ്ദേഹത്തെ സ്റ്റാര്‍ക്ക് പുറത്താക്കുകയും ചെയ്തു. 138.5 കിമി വേഗതയുള്ള ഓഫ്‌സ്റ്റംപിന് പുറത്തേക്കു പോയ ബോളില്‍ ഗില്‍ ഡ്രൈവിനു ശ്രമിക്കുകയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ ഗള്ളി ഏരിയില്‍ മിച്ചെല്‍ മാര്‍ഷ് തന്റെ ഇടതുഭാഗത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് അവിശ്വസനീയ ക്യാച്ചിലൂടെ വരുതിയിലാക്കുകയായിരുന്നു. ഇതോടെ ഗില്ലിനു ഞെട്ടലോടെ ക്രീസ് വിടേണ്ടി വരികയും ചെയ്തു.
ഗില്ലിന്റെ പ്രകടനം
കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഗാബ ടെസ്റ്റില്‍ 90 പ്ലസ് റണ്‍സുമായി ശുഭ്മന്‍ ഗില്‍ കസറിയിരുന്നു. പക്ഷെ അതിനു ശേഷം ഏഷ്യക്കു പുറത്തു കളിച്ചിട്ടുള്ള ടെസ്റ്റുകളില്‍ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കണക്കുകള്‍ പറയുന്നു.
ഒരു ഫിഫ്റ്റി പോലും പിന്നീട് കളിച്ച 17 ഇന്നിങ്‌സുകളില്‍ ഗില്ലിനു എടുത്തു കാണിക്കാനില്ല. 1, 28, 31, 10, 36, 26, 2, 29*, 10, 6, 18, 13, 4, 17, 0, 8, 28 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. 17.78 എന്ന മോശം ശരാശരിയാണ് ഏഷ്യക്കു പുറത്ത് ഗില്ലിനുള്ളത്.