മൊഹാലി: ഏഷ്യാ കപ്പിലെ കിരീട വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ടീം ഇന്ത്യക്കു ഓസ്‌ട്രേലിയക്കെതിരേ വിജയത്തുടക്കം. ആദ്യ ഏകദിനത്തില്‍ കംഗാരുപ്പടയെ അഞ്ചു വിക്കറ്റിനാണ് കെഎല്‍ രാഹുലും സംഘവും കെട്ടുകെട്ടിച്ചത്. മുഹമ്മദ് ഷമിയുടെ ഫൈഫര്‍ ഓസീസ് ഇന്നിങ്‌സിനു മൂക്കുകയറിയപ്പോള്‍ ശുഭ്ന്‍ ഗില്ലിന്റെയും റുതുരാജ് ഗെയ്ക്വാദിന്റെയും ഇന്നിങ്‌സുകള്‍ ഇന്ത്യന്‍ വിജയത്തിനു അടിത്തറയിടുകയും ചെയ്തു. പിന്നാലെ നായകന്‍ കെഎല്‍ രാഹുലിന്റെയും സൂര്യകുമാര്‍ യാദവിന്റെയും ഫിഫ്റ്റികള്‍ ഇന്ത്യയുടെ വിജയം ഗംഭീരമാക്കി.
277 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് ഇന്ത്യക്കു മുന്നില്‍ വച്ചത്. റണ്‍ചേസില്‍ ഗില്‍- റുതുരാജ് ജോടി ഓപ്പണിങ് വിക്കറ്റില്‍ 142 റണ്‍സ് അടിച്ചെടുത്തതോടെ ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമായി. എട്ടു ബോളുകളും അഞ്ചു വിക്കറ്റും ബാക്കിനില്‍ക്കെ ഇന്ത്യ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (58*), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച രാഹുല്‍ 63 ബോളില്‍ നാലു ഫോറും ഒരു സിക്‌സറും നേടി. ഏകദിനത്തില്‍ മോശം ഫോമിലൂടെ കടന്നു പോവുകയായിരുന്ന സൂര്യ 49 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കമാണ് 50 റണ്‍സുമായി മിന്നിച്ചത്.
സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഇറങ്ങിയ ഗില്‍ തകര്‍പ്പന്‍ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. 74 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 63 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു ഫോറും രണ്ടു സിക്‌സറുമടിച്ചു. റുതുരാജ് 71 റണ്‍സുമായി കസറി. 77 ബോളില്‍ താരം 10 ഫോറുകളടിച്ചു. റുതുരാജ്, ശ്രേയസ് അയ്യര്‍ (3), ഗില്‍ എന്നിവരെ ഒമ്പതു റണ്‍സിനിടെയാണ് ഇന്ത്യക്കു നഷ്ടമായത് (151/3).
എന്നാല്‍ നാലാം വിക്കറ്റില്‍ രാഹുല്‍- ഇഷാന്‍ കിഷന്‍ (18) ജോടി 34ഉം അഞ്ചാം വിക്കറ്റില്‍ രാഹുല്‍- സൂര്യ സഖ്യം 85ഉം റണ്‍സെടുത്തതോടെ ഇന്ത്യയുടെ വിജയം എളുപ്പമായി തീര്‍ന്നു. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തു. അടുത്ത മല്‍സരം ഞായറാഴ്ച നടക്കും.
നേരത്തേ ഓസ്‌ട്രേലിയയെ 300നു താഴെ സ്‌കോറില്‍ പിടിച്ചുനിര്‍ത്തിയത് ഷമിയുടെ മാജിക്കല്‍ ബൗളിങ് പ്രകടനമായിരുന്നു. 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 51 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. ഓസീസ് ബാറ്റിങില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ഡേവിഡ് വാര്‍ണറായിരുന്നു.
52 റണ്‍സുമായി അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 53 ബോളുകള്‍ നേരിട്ട വാര്‍ണര്‍ ആറു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു. ജോഷ്് ഇംഗ്ലിസ് (45), സ്റ്റീവ് സ്മിത്ത് (41), മാര്‍നസ് ലബ്യുഷെയ്ന്‍ (39), കാമറൂണ്‍ ഗ്രീന്‍ (31) എന്നിവരും ഓസീസ് ബാറ്റിങ് നിരയില്‍ നിര്‍ണായക സംഭാവന നല്‍കി.

ഓസീസിന്റെ തുടക്കം പാളിയിരുന്നു. അപകടകാരിയായ മിച്ചെല്‍ മാര്‍ഷിനെ (4) നാലാമത്തെ ബോളില്‍ തന്നെ ഷമി മടക്കി. സ്ലിപ്പില്‍ ഗില്ലായിരുന്നു ക്യാച്ചെടുത്തത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍- സ്മിത്ത് സഖ്യം 94 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഓസീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. വാര്‍ണറെ പുറത്താക്കി ജഡേജയായിരുന്നു ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്.
പിന്നീട് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ആറാം വിക്കറ്റില്‍ ഗ്രീന്‍- സ്റ്റോയ്‌നിസ് സഖ്യം 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് സ്‌കോര്‍ 250 കടന്നു. ഒരു ഘട്ടത്തില്‍ ഓസീസ് ഒമ്പതിനു 256 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ 21* (9 ബോള്‍, 2 ഫോര്‍, 1 സിക്‌സ്) അഗ്രസീവ് ഇന്നിങ്‌സ് ഓസീസിനെ 276ലേക്കു ഉയര്‍ത്തുകയും ചെയ്തു.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരെല്ലാം ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ യുവ താരം തിലക് വര്‍മയെ ഇന്ത്യ കളിപ്പിച്ചില്ല. സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം ചില സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇറങ്ങുന്നത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, മാത്യു ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ ആബട്ട്, ആദം സാംപ.