അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ സര്‍പ്രൈസ് തുടക്കം ലഭിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ. പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഒരു ദിവസം ബാക്കിനില്‍ക്കെ കംഗാരുപ്പടയെ 295 റണ്‍സിനാണ് ഇന്ത്യ വാരിക്കളഞ്ഞത്. നാട്ടില്‍ നടന്ന തൊട്ടുമുമ്പത്തെ പരമ്പരയില്‍ ന്യൂസിലാന്‍ഡിനു മുന്നില്‍ തൂത്തുവാരപ്പെട്ട ഇന്ത്യയില്‍ നിന്നും ഇത്ര ഗംഭീരമായൊരു തിരിച്ചുവരവ് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇനി രണ്ടാം ടെസ്റ്റിലും ജയിച്ച് അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ പിടിമുറുക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
പകലും രാത്രിയുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റിലാണ് ഇനി ഇന്ത്യയും ഓസീസും കൊമ്പുകോര്‍ക്കുക. അടുത്ത മാസം ആറു മുതല്‍ അഡ്‌ലെയ്ഡ് ഓവലിലാണ് ഈ പോരാട്ടം. ആദ്യ ടെസ്റ്റിലെ വിന്നിങ് കോമ്പിനേഷനെ ഈ മല്‍സരത്തില്‍ നിലനിര്‍ത്താന്‍ ഇന്ത്യ തയ്യാറായേക്കില്ല. രണ്ടു മാറ്റങ്ങളോടെയാവും ഇന്ത്യ ഈ മല്‍സരത്തില്‍ കളിക്കാനിറങ്ങുക. ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

ഓപ്പണിങ് മാറും
പെര്‍ത്തിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. ആദ്യ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായെങ്കിലും രണ്ടാമിന്നിങ്‌സില്‍ ഈ ജോടി ക്ലിക്കായിരുന്നു. 161 റണ്‍സുമായി ജയ്‌സ്വാള്‍ ഓസ്‌ട്രേലിയയില്‍ തന്റെ ആദ്യത്തെ സെഞ്ച്വറി കുറിച്ചപ്പോള്‍ 77 റണ്‍സെടുത്ത രാഹുലും നിര്‍ണായക സംഭാവന നല്‍കി. ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടതും ആദ്യ വിക്കറ്റില്‍ രാഹുല്‍- ജയ്‌സ്വാള്‍ സഖ്യം ചേര്‍ന്നെടുത്ത 201 റണ്‍സാണ്.
എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഈ ജോടിയെ മാറ്റുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ മറ്റു വഴികളില്ല. കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം സ്വാഭാവികമായും ഓപ്പണിങിലേക്കു വരികയും നായകസ്ഥാനം വീണ്ടെടുക്കുകയും ചെയ്യും. രാഹുലും ജയ്‌സ്വാളും ചേര്‍ന്ന് ഓപ്പണ്‍ ചെയ്യുമ്പോള്‍ രാഹുലിനു മധ്യനിരയിലേക്കു മാറേണ്ടി വരും.
മധ്യനിര ഇങ്ങനെ
മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു ആദ്യ ടെസ്റ്റില്‍ ഇന്ത്യക്കായി മൂന്നാം നമ്പറില്‍ കളിച്ചത്. 0, 25 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. മൂന്നാം നമ്പറിലെ സ്ഥിരം സാന്നിധ്യമായ ശുഭ്മന്‍ ഗില്ലിനു പരിക്കേറ്റ് പുറത്തു പോവേണ്ടി വന്നതാണ് ദേവ്ദത്തിനു നറുക്കുവീഴാന്‍ കാരണം. എന്നാല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത ഗില്‍ അടുത്ത ടെസ്റ്റില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ഗില്‍ മടങ്ങിയെത്തിയാല്‍ ദേവ്ദത്ത് ടീമിനു പുറത്താവുകയും ചെയ്യും.
നാലാം നമ്പറില്‍ പതിവു പോലെ വിരാട് കോലി തന്നെ തുടരും. അഞ്ചാം നമ്പറിലും മാറ്റമുണ്ടാവില്ല. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തന്നെ ഈ റോളില്‍ ബാറ്റ് ചെയ്യും. എന്നാല്‍ ആറാം നമ്പറില്‍ മാറ്റമുണ്ടാവും. ധ്രുവ് ജുറേലായിരുന്നു കഴിഞ്ഞ ടെസ്റ്റില്‍ ഈ പൊസിഷനില്‍ കളിച്ചത്. പക്ഷെ ജുറേലിനു അടുത്ത ടെസ്റ്റില്‍ സ്ഥാനമുണ്ടാവില്ല. പകരം കെഎല്‍ രാഹുലാണ് ഈ റോള്‍ ഏറ്റെടുക്കുക.

ലോവര്‍ ഓര്‍ഡര്‍, ബൗളിങ്
ഇന്ത്യന്‍ ലോവര്‍ ഓര്‍ഡറിലേക്കു വന്നാല്‍ അവിടെ മാറ്റങ്ങളൊന്നും വരുത്താന്‍ ഇന്ത്യ തയ്യാറാവില്ല. ഓള്‍റൗണ്ടര്‍മാരായ നിതീഷ് റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറും തന്നെ ഈ റോളില്‍ തുടര്‍ന്നു കളിക്കും. കഴിഞ്ഞ ടെസ്റ്റിലൂടെ അരങ്ങേറിയ നിതീഷ് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
41, 38* എന്നിങ്ങനെ സ്‌കോര്‍ ചെയ്ത താരം ഒരു വിക്കറ്റുമെടുത്തിരുന്നു. ഇവര്‍ക്കു ശേഷം മൂന്നു ഫാസ്റ്റ് ബൗളര്‍മാരായി ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, വൈസ് ക്യാപ്റ്റന്‍ കൂടിയായ ജസ്പ്രീത് ബുംറ എന്നിവര്‍ തന്നെ തുടരുകയും ചെയ്യും.
ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് 11
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, നിതീഷ് റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.