സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തുടര്‍ച്ചയായി ഫ്‌ളോപ്പാവുന്ന റിഷഭ് പന്തിനെ അവസാന ടെസ്റ്റില്‍ ഇന്ത്യ ഒഴിവാക്കിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഒരു ഫിഫ്റ്റി പോലും നേടാനാവാതെ വലയുന്ന അദ്ദേഹത്തിനെ സിഡ്‌നി ടെസ്റ്റില്‍ നിന്നൊഴിവാക്കി പകരം ഈ റോള്‍ ധ്രുവ് ജുറേലിനു നല്‍കാനാണ് ഇന്ത്യ ആലോചിക്കുന്നത്. പക്ഷെ ഈ റോള്‍ യഥാര്‍ഥത്തില്‍ ജുറേല്‍ അര്‍ഹിക്കുന്നുണ്ടോയെന്നതാണ് ചോദ്യം.
നേരത്തേ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ കളിച്ചപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് റിഷഭ്. അതുകൊണ്ടു തന്നെ ഇത്തവണത്തെ പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി താരം മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പക്ഷെ ഇപ്പോള്‍ ഓസീസുമായുള്ള നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ നനഞ്ഞ പടക്കമായി മാറിയിരിക്കുകയാണ് അദ്ദേഹം.

റിഷഭിന്റെ പ്രകടം
നാലു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ റിഷഭ് പന്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ലെന്നു കാണാം. നാലിന്നിങ്‌സുകളിലായി താരത്തിനു നേടാനായത് വെറും 154 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റി പോലും ഈ പര്യടനത്തില്‍ അദ്ദേഹം നേടിയിട്ടില്ല. 37, 1, 21, 28, 9, 28, 30 എന്നിങ്ങനെയാണ് റിഷഭിന്റെ സ്‌കോറുകള്‍. പലപ്പോഴും നന്നായി തുടങ്ങിയതിനു ശേഷം അശ്രദ്ധമായ ഷോട്ടുകള്‍ കളിച്ചാണ് അദ്ദേഹം വിക്കറ്റ് വലിച്ചെറിയുന്നത്.
റിഷഭിന്റെ ഷോട്ട് സെലക്ഷനില്‍ ടീം മാനേജ്‌മെന്റിനു കടുത്ത അതൃപ്തിയുമുണ്ട്. മല്‍സരത്തിലെ സാഹചര്യം പോലും നോക്കാതെ അദ്ദേഹം ഈ തരത്തില്‍ അനാവശ്യ റിസ്‌കുകളെടുത്ത് വിക്കറ്റ് വലിച്ചെറിയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് അവര്‍. ഇതേ തുടര്‍ന്നാണ് സിഡ്‌നിയിലെ നിര്‍ണായകമായ അവസാന ടെസ്റ്റില്‍ റിഷഭിനെ പുറത്തിരുത്താന്‍ ആലോചിക്കുന്നത്.
ജുറേലിനു സാധിക്കുമോ?
റിഷഭ് പന്തിനെപ്പോലെയൊരു അനുഭവസമ്പത്തുള്ള താരത്തിന്റെ അഭാവം നികത്താന്‍ കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനം കളിക്കുന്ന ധ്രുവ് ജുറേലിനു സാധിക്കുമോയെന്നയാണ് നിര്‍ണായക ചോദ്യം. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ട് പര്യടനത്തിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ ജുറേല്‍ ഈ പരമ്പരയില്‍ കാഴ്ചവയ്ക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു മാസത്തിലേറെയായി അദ്ദേഹം ഓസ്‌ട്രേലിയയിലുണ്ട്. നേരത്തേ ഇവിടെ ഓസ്‌ട്രേലിയ എ ടീമുമായി അനൗദ്യോഗിക ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യന്‍ എ ടീമിന്റെയും ഭാഗമായിരുന്നു താരം. ഫിഫ്റ്റി പ്ലസ് സ്‌കോറുകളടക്കം പരമ്പരയില്‍ താരം നേടുകയും ചെയ്തു. മെല്‍ബണില്‍ നടന്ന കളിയില്‍ 80, 68 എന്നിങ്ങനെ സ്‌കോറുകളുമായാണ് താരം കസറിയത്. അതിനു മുമ്പ് ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി 93 റണ്‍സും ജുറേല്‍ നേടിയിരുന്നു.

പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ജുറേലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ ഈ മല്‍സരത്തില്‍ ബാറ്റിങില്‍ തിളങ്ങാന്‍ അദ്ദേഹത്തിനായില്ല. 11, 1 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇതോടെ ശേഷിച്ച മൂന്നു ടെസ്റ്റുകളിലും ജുറേലിനെ ഇന്ത്യ ഒഴിവാക്കുകയും ചെയ്തു.
എന്നാല്‍ റിഷഭ് പന്തിന്റെ സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ ഇപ്പോള്‍ ജുറേലിനെ തിരികെ വിളിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്ത്യന്‍ മധ്യനിരയ്ക്കു കൂടുതല്‍ സ്ഥിരതയും നല്‍കാന്‍ സഹായിച്ചേക്കും.
ബാറ്റിങില്‍ റിഷഭിനേക്കാള്‍ ജുറേലിനെ വിശ്വസിക്കുകയും ചെയ്യാം. നാലു ടെസ്റ്റുകളിലാണ് താരം ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ 40 ശരാശരിയില്‍ 202 റണ്‍സ് നേടുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള കന്നി പരമ്പരയില്‍ നേടിയ 90 റണ്‍സാണ് ഏറ്റവും മികച്ച പ്രകടനം.