ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ വിജയികളെ കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓസീസ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ മൈക്കല്‍ ക്ലാര്‍ക്ക്. കൂടാതെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുക ആരാണെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
നേരത്തേ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയെ കുറിച്ചുള്ള ക്ലാര്‍ക്കിന്റെ പ്രവചനം കൃത്യമായിരുന്നു. ഓസ്‌ട്രേലിയന്‍ ടീം 2-1നു പരമ്പര കൈക്കലാക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതു തന്നെ സംഭവിക്കുകയും ചെയ്തു.
ഇനി ടി20 പരമ്പരയിലും ക്ലാര്‍ക്കിന്റെ പ്രവചനം ശരിയായി വരുമയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ബിയോണ്ട് 23 ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം പുതിയ രണ്ടു പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്.

ആരാവും റണ്‍വേട്ടക്കാരന്‍?
ടി20 പരമ്പരയിലെ റണ്‍വേട്ടക്കാരനായി മാറുക ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മാവുമെന്നാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ പ്രവചനം. ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാന്‍ അഭിഷേക് ശര്‍മ തയ്യാറായി കഴിഞ്ഞുവെന്നാണ് എനിക്കു തോന്നുന്നത്. പക്ഷെ അതു വളരെ കടുപ്പമാണ്. 11 താരങ്ങളെ മാത്രമേ നിങ്ങള്‍ക്കു കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ ആറു പേര്‍ ബാറ്റര്‍മാരാവുകയും വേണം.
പക്ഷെ ഈ ഫോര്‍മാറ്റിലെ സൂപ്പര്‍ സ്റ്റാര്‍ തന്നെയാണ് അഭിഷേകെന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ടീമിനായി ഓപ്പണിങ് ബാറ്ററായി കളിക്കുകയാണ്. ഇടംകൈയന്‍ ബാറ്ററായ അഭിഷേകിന്റെ പക്കല്‍ എല്ലാ ഷോട്ടുകളുമുണ്ടെന്നും ക്ലാക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം തിരഞ്ഞെടുത്തത് ഓസീസ്സ്പിന്നര്‍ ആദം സാംപയെയാണ്.
ഈ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ ഗംഭീര പ്രകടനമാണ് അഭിഷേക് നടത്തിക്കൊണ്ടിരിക്കുന്നത്. 12 ടി20കളിലാണ് 2025ല്‍ താരം കളിച്ചത്. 50നടുത്ത് ശരാശരിയില്‍ 208.809 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശുകയും ചെയ്തു. യുഎഇ വേദിയായ കഴിഞ്ഞ ഏഷ്യാ കപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു അഭിഷേക്. ഏഴു കളിയില്‍ നിന്നും 200 സ്‌ട്രൈക്ക് റേറ്റില്‍ 300ന് മുകളില്‍ റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.
കഴിഞ്ഞ വര്‍ഷത്തെ സിംബാബ്‌വെ പര്യടനത്തിലൂടെ അന്താരാഷ്ട്ര ടി20യില്‍ അരങ്ങേറിയ അഭിഷേക് ഇതിനകം കളിച്ചത് 24 മല്‍സരങ്ങളിലാണ്. പക്ഷെ ഇതു വരെ അദ്ദേഹം ഓസ്‌ട്രേലിയക്കെതിരേ കളിച്ചിട്ടുമില്ല. കന്നി പരമ്പരയില്‍ തന്നെ ഓസീസിനെതിരേ അഭിഷേക് മിന്നിക്കുമോയെന്നതാണ് കാത്തിരുന്നു കാണേണ്ടത്.
പരമ്പര ആരു നേടും?
ഏകദിനത്തിനു പിറകെ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും ഓസ്‌ട്രേലിയ തന്നെ ജേതാക്കളാവുമെന്നാണ് മൈക്കല്‍ ക്ലാര്‍ക്ക് പ്രവചിക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പര ഓസീസ് 3-1നു കൈക്കലാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ശേഷിച്ച ഒരു മല്‍സരം മോശം കാലാവസ്ഥ കാരണം ഉപേക്ഷിച്ചേക്കുമെന്നും ക്ലാര്‍ക്ക് പ്രവചിച്ചിരിക്കുകയാണ്.

ടി20 ഫോര്‍മാറ്റില്‍ സമീപകാലത്തു തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും ഓസ്ട്രലിയയും. കഴിഞ്ഞ വര്‍ഷം സൗത്താഫ്രിക്കയെ ത്രില്ലറില്‍ വീഴ്ത്തി രണ്ടാം ടി20 ലോകകപ്പില്‍ മുത്തമിട്ട ശേഷം ഇന്ത്യ കളിച്ചത് 27 ടി20കളിലാണ്. ഇതില്‍ 24ലും ടീം വിജയം കൊയ്തിട്ടുമുണ്ട്.
ഓസ്‌ട്രേലിയയാവട്ടെ കഴിഞ്ഞ ടി20 ലോകപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. അതിനു ശേഷം ഈ ഫോര്‍മാറ്റില്‍ ഉജ്ജ്വല ഫോമിലാണ് കംഗാരുപ്പട. 18 ടി20കളില്‍ 16ലും ജദയിച്ചു കയറാന്‍ ഓസീസിനായിട്ടുണ്ട്.