മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരം നാളെ ആരംഭിക്കാന്‍ പപോവുകയാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഗംഭീര ജയത്തോടെ ഓസ്‌ട്രേലിയ തിരിച്ചുവരവ് നടത്തി. ഗാബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയിലാണ് കലാശിച്ചത്. ഇതോടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വളരെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ഇന്ത്യക്ക് ഒരു ജയം അകലെ പരമ്പര ട്രോഫി നിലനിര്‍ത്താനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
മെല്‍ബണില്‍ ഭേദപ്പെട്ട റെക്കോഡ് ഇന്ത്യക്ക് അവകാശപ്പെടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ബോക്‌സിങ് ഡേ ടെസ്റ്റില്‍ പ്രതീക്ഷകളേറെയാണ്. അജിന്‍ക്യ രഹാനെക്ക് കീഴില്‍ ബോക്‌സിങ് ഡേയില്‍ ഓസീസിനെ ഞെട്ടിച്ച ഇന്ത്യന്‍ മാജിക് വീണ്ടും ആവര്‍ത്തിക്കാമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ആദ്യ മൂന്ന് മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ വലിയ പൊളിച്ചെഴുത്താണ് നാലാം ടെസ്റ്റില്‍ ഇന്ത്യ ലക്ഷ്യമിടുന്നത്.
സര്‍പ്രൈസ് അഴിച്ചുപണികള്‍ക്ക് ഇന്ത്യന്‍ ടീം മുതിരുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യയുടെ മെല്‍ബണിലെ പ്ലേയിങ് 11 എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കാനാവുക? പരിശോധിക്കാം.
രോഹിത് ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തും
ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയെ സംബന്ധിച്ച് മെല്‍ബണ്‍ ടെസ്റ്റ് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായ രോഹിത് രണ്ടും മൂന്നും ടെസ്റ്റില്‍ മധ്യനിരയിലാണ് കളിച്ചത്. ഓപ്പണര്‍ സ്ഥാനം വിട്ട് മധ്യനിരയിലേക്കെത്തിയ രോഹിത്തിന് പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ നാലാം ടെസ്റ്റില്‍ രോഹിത് ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം.
യശ്വസി ജയ്‌സ്വാളിനൊപ്പം രോഹിത് ശര്‍മ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുലിന് മധ്യനിരയിലേക്ക് തിരിച്ചുപോകേണ്ടി വരും. രാഹുലിനായി ഇനിയും ഓപ്പണര്‍ റോള്‍ വിട്ടുകൊടുത്താല്‍ രോഹിത്തിന്റെ കരിയര്‍ തന്നെ പ്രതിസന്ധിയിലേക്ക് പോയേക്കും. ഈ സാഹചര്യത്തില്‍ രോഹിത് ഓപ്പണര്‍ റോളില്‍ ശക്തമായി തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. കഠിന പരിശീലനം നടത്തിയ രോഹിത് ശക്തമായി തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

ഗില്ലും നിതീഷ് കുമാറും പുറത്താവും
ശുബ്മാന്‍ ഗില്‍ നേരത്തെ ഓസ്‌ട്രേലിയയില്‍ കളിക്കുകയും മികവ് കാട്ടുകയും ചെയ്തിട്ടുള്ള താരമാണ്. എന്നാല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ് ഗില്‍. ഈ സാഹചര്യത്തില്‍ ഗില്ലിനെ മെല്‍ബണില്‍ മാറ്റിനിര്‍ത്താന്‍ ടീം മാനേജ്‌മെന്റ് പദ്ധതിയിടുകയാണ്. ഗില്ലിന്റെ ഏവേ മത്സരത്തിലെ ശരാശരി 30.80 മാത്രമാണ്. സമീപകാലത്തെ ഫോമും മോശമായതിനാല്‍ ഗില്ലിനെ ഇന്ത്യ മാറ്റിനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. പകരം ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാളെ കൊണ്ടുവരാമെന്നാണ് ടീം കണക്കുകൂട്ടുന്നത്.
ജുറേലിന് മധ്യനിരയില്‍ കൂടുതല്‍ അവസരം നല്‍കാവുന്നതാണ്. ഗില്ലിനെ പുറത്തിരുത്തിയാല്‍ മൂന്നാം നമ്പറില്‍ രാഹുലിന് കളിക്കാം. നാലാം നമ്പറില്‍ വിരാട് കോലിയും അഞ്ചാം നമ്പറില്‍ റിഷഭ് പന്തും തുടരുമ്പോള്‍ ആറാം നമ്പറില്‍ കളിക്കാന്‍ ജുറേലാണ് ഏറ്റവും അനുയോജ്യനായ താരം. മെല്‍ബണില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കാനും നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. എന്തായാലും ഗില്ലിനെ ഇന്ത്യ മാറ്റി നിര്‍ത്തിയാല്‍ അത് വമ്പന്‍ നീക്കമാവും.
നിതീഷ് കുമാറിനും സീറ്റ് നഷ്ടമായേക്കും
പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനത്തോടെ മിന്നിക്കാന്‍ നിതീഷ് കുമാറിന് സാധിച്ചിരുന്നു. യുവ പേസ് ഓള്‍റൗണ്ടര്‍ പന്തുകൊണ്ട് വലിയ മികവ് കാട്ടുന്നില്ലെങ്കിലും ബാറ്റിങ്ങില്‍ നിര്‍ണ്ണായക സംഭാവന ചെയ്യുന്നുണ്ട്. എന്നാല്‍ പന്തുകൊണ്ട് കാര്യമായ ഇംപാക്ട് താരം സൃഷ്ടിക്കുന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യ നിതീഷ് കുമാറിനെ മാറ്റി പകരം രവീന്ദ്ര ജഡേജക്കൊപ്പം വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചേക്കുമെന്നാണ് വിവരം. സുന്ദര്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു.