മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലെ നാലാം മത്സരം മെല്‍ബണില്‍ ആരംഭിക്കാനിരിക്കെ പിച്ചിനെ ചൊല്ലി വിവാദം. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമും തുല്യതയിലാണ്. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം ഓസീസിനായിരുന്നു. ഗാബ ടെസ്റ്റ് സമനിലയിലും കലാശിച്ചതിനാല്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
ഒരു മത്സരത്തില്‍ക്കൂടി ജയിക്കാനായാല്‍ പരമ്പര ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കും. അതുകൊണ്ടുതന്നെ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി തിരിച്ചുപിടിക്കാന്‍ ഓസ്‌ട്രേലിയക്കും വിജയം അനിവാര്യമാണ്. മെല്‍ബണ്‍ ടെസ്റ്റ് ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണെന്നിരിക്കെ പിച്ച് വിവാദം പുകയുകയാണ്. ഓസ്‌ട്രേലിയന്‍ ടീമിന് പുതിയ പരിശീലന പിച്ച് നല്‍കിയപ്പോള്‍ ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത് ബിഗ് ബാഷ് ലീഗിലെ പിച്ചാണ്. ഇത് പഴയ പിച്ചാണെന്ന് മാത്രമല്ല ബാറ്റിങ്ങിന് അനുകൂലമായ പിച്ചുമാണ്.
എന്നാല്‍ മെല്‍ബണിലെ പിച്ചിന്റെ ശരിയായ സ്വഭാവം അങ്ങനെയല്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് ഈ പിച്ചില്‍ പരിശീലിക്കുന്നത് ഗുണം ചെയ്യുകയുമില്ല. ഇതോടെ വിവാദം പുകയുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം പരസ്യമായി അതൃപ്തി വ്യക്തമാക്കിയിരിക്കുകയാണ്.
ബൗണ്‍സില്ലാത്ത പിച്ച് ഗുണം ചെയ്യില്ല
മെല്‍ബണിലെ മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്ന പിച്ചില്‍ നല്ല ബൗണ്‍സുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യക്ക് പരിശീലനത്തിന് ലഭിച്ച പിച്ചില്‍ തീരെ ബൗണ്‍സില്ല. ആകാശ് ദീപ് പന്തെറിഞ്ഞപ്പോള്‍ ബൗണ്‍സ് കണ്ടെത്താനെ സാധിച്ചില്ല. ചില പന്തുകളില്‍ അപ്രതീക്ഷിതമായി ബൗണ്‍സുമുണ്ടാകുന്നു. ആകാശിന്റെ പന്തേറ്റ് രോഹിത്തിന് പരിക്കേല്‍ക്കുന്ന സാഹചര്യവും ഉണ്ടായി. വെള്ളബോളിന് അനുയോജ്യമായ പിച്ചാണിതെന്നാണ് ഇന്ത്യന്‍ താരങ്ങള്‍ പറയുന്നത്.
ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരത്തിന് ഉപയോഗിക്കുന്നതിനോട് സാദൃശ്യമുള്ള പിച്ച് നല്‍കണമെന്നാണ് ടീം മാനേജ്‌മെന്റിന്റെ ആവശ്യം. എന്നാല്‍ ഓസീസ് ടീം മാനേജ്‌മെന്റ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീം അതൃപ്തി പരസ്യമാക്കുകയായിരുന്നു. മെല്‍ബണ്‍ ടെസ്റ്റില്‍ എങ്ങനെയെങ്കിലും ജയിക്കാനുള്ള നീക്കമാണ് ഓസ്‌ട്രേലിയ നടത്തുന്നതും ഗാബയിലെ സമനില ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുവെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ വിമര്‍ശിക്കുന്നത്.

ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന്റെ പിടിയില്‍
മെല്‍ബണ്‍ ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ താരങ്ങളുടെ പരിക്കിന്റെ റിപ്പോര്‍ട്ടുകള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. കെ എല്‍ രാഹുലിന് പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനമാണ് രാഹുല്‍ കാഴ്ചവെക്കുന്നത്. ഓപ്പണര്‍ റോളിലേക്ക് തിരിച്ചെത്തിയ രാഹുല്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ രാഹുലിന്റെ പരിക്ക് വാര്‍ത്ത ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ നാലാം ടെസ്റ്റില്‍ രാഹുല്‍ കളിക്കുമെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
നായകന്‍ രോഹിത് ശര്‍മക്കും പന്തേറ്റ് പരിക്കേറ്റിരുന്നു. രോഹിത്തും നാലാം മത്സരം കളിക്കുമെന്ന് ഇപ്പോള്‍ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലനത്തിനിടെ പരിക്കേല്‍ക്കാന്‍ കാരണം പിച്ചിലെ പ്രശ്‌നമാണ്. ഇന്ത്യക്ക് മോശം പരിശീലന പിച്ച് നല്‍കി ഓസ്‌ട്രേലിയ വഞ്ചിച്ചുവെന്ന ആക്ഷേപം ശക്തമായി ഉയരുന്നുണ്ട്. ഇന്ത്യ തോല്‍വിയിലേക്ക് പോയാല്‍ ഈ വിവാദം കൂടുതല്‍ ശക്തമാവുമെന്നുറപ്പാണ്.
ഇന്ത്യയുടെ ബാറ്റിങ് നിര കരുത്തുകാട്ടണം
മെല്‍ബണ്‍ ടെസ്റ്റ് ഇന്ത്യ ജയിക്കാന്‍ ബാറ്റിങ് നിര കൂടുതല്‍ കരുത്തുകാട്ടേണ്ടതായുണ്ട്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് ടീമിനെ പിന്നോട്ടടിക്കുന്ന കാര്യം. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് ബോക്‌സിങ് ഡേ ടെസ്റ്റ് വളരെ നിര്‍ണ്ണായകമാണ്. ഇരുവരും മോശം ഫോമില്‍ തുടരവെ തിരിച്ചുവരവ് നടത്താന്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ സാധിക്കണം. അല്ലാത്ത പക്ഷം ടീമിലെ സ്ഥാനം പോലും തെറിക്കാന്‍ സാധ്യതയുണ്ടെന്ന് തന്നെ വിലയിരുത്താം.