അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റിനു വെള്ളിയാഴ്ച മുതല്‍ അഡ്‌ലെയ്ഡ് ഓവലില്‍ തുടക്കമാവുകയാണ്. പെര്‍ത്തിലെ ഒന്നാം ടെസ്റ്റില്‍ ഓസീസിനെ 295 റണ്‍സിനു നിഷ്പ്രഭരാക്കിയ ഇന്ത്യ ഇനി രണ്ടാമങ്കലും ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ പിടിമുറുക്കാമെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ പെര്‍ത്തിലേറ്റ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനാണ് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നത്.
പകലും രാത്രിയുമായി നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ച് ഓസ്‌ട്രേലിയ പരമ്പരയില്‍ 1-1നു ഒപ്പമെത്തുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരും ചില മുന്‍ താരങ്ങളുമെല്ലാം ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇതു സംഭവിക്കാനുള്ള സാധ്യത കുറവാണ്. അടുത്ത ടെസ്റ്റിലും ജയിച്ച് ഇന്ത്യ 2-0നു പരമ്പരയില്‍ ലീഡ് നേടിയേക്കും. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

നല്ല തയ്യാറെടുപ്പ്
വളരെ നല്ല തയ്യാറെടുപ്പ് നടത്തിയാണ് അഡ്‌ലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിനായി ഇന്ത്യ ഇറങ്ങുന്നത് എന്നതാണ് ആദ്യത്തെ കാരണം. പെര്‍ത്തിലെ ആദ്യ ടെസ്റ്റിനു ശേഷം ഈ മല്‍സത്തിനു വേണ്ടി തയ്യാറെടുക്കാന്‍ ഇന്ത്യക്കു വേണ്ടത്ര സമയം ലഭിച്ചിട്ടുണ്ട്്. പിങ്ക് ബോള്‍ ഉപയോഗിച്ച് പരിശീലനം നടത്താന്‍ മാത്രമല്ല, ഒരു പരിശീലന മല്‍സരം കളിക്കാനും ഇന്ത്യക്കു സാധിച്ചിരുന്നു.
പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനുമായിട്ടാണ് ദ്വിദിന പിങ്ക് ബോള്‍ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം ഏറ്റുമുട്ടിയത്. ഈ കളിയില്‍ ആറു വിക്കറ്റിന്റെ വിജയം കൊയ്യാനും ഇന്ത്യക്കായിരുന്നു. ഈ മല്‍സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഇതു തീര്‍ച്ചയായും ടീമിന്റെ ആത്മവിശ്വാസവും വാനോളമുര്‍ത്തുന്നുണ്ട്. 2020-21ലെ പര്യടനത്തില്‍ ഇതേ മൈതാനത്തു 36 റണ്‍സിനു പുറത്തായതിന്റെ നാണക്കേട് മറന്നാണ് ഇന്ത്യ ഇത്തവണയിറങ്ങുക.
ഓസീസ് സമ്മര്‍ദ്ദത്തില്‍
ഓസ്‌ട്രേലിയന്‍ ടീം കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും രണ്ടാം ടെസ്റ്റില്‍ പാഡണിയുന്നത് എന്നതാണ് ഇന്ത്യയെ ഫേവറിറ്റാക്കുന്ന രണ്ടാമത്തെ കാരണം. പിങ്ക് ബോള്‍ ടെസ്റ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് കംഗാരുപ്പടയ്ക്കുള്ളത്. എങ്കിലും അവസാനമായി കളിച്ച പിങ്ക് ബോള്‍ ടെസ്റ്റിലേറ്റ തോല്‍വി ഓസീസിനെ ആശങ്കയിലാക്കുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസാണ് നാട്ടുകാര്‍ക്കു മുന്നില്‍ ഓസീസിനെ മലര്‍ത്തിയടിച്ചത്.
അന്നു തോറ്റത് അഡ്‌ലെയ്ഡില്‍ അല്ലെങ്കിലും അത്ര കരുത്തരാത്ത വിന്‍ഡീസിനോടു പോലും നാട്ടില്‍ തോല്‍ക്കേണ്ടി വന്നത് ഓസ്‌ട്രേലിയന്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കും. എട്ടു റണ്‍സിന്റെ നേരിയ പരാജയമായിരുന്നു വിന്‍ഡീസിനെതിരേ ഓസീസ് ടീമിനു നേരിടേണ്ടി വന്നത്. ഇതു മാത്രമല്ല, പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയോടേറ്റ തോല്‍വിയും അവരെ പ്രതികൂലമായി ബാധിച്ചേക്കും.

ഫോമും പരിക്കും
ചില ഓസ്‌ട്രേലിയന്‍ താരങ്ങളുടെ മോശം ഫോമും പരിക്കുകളുമാണ് ഇന്ത്യക്കു സന്തോഷിക്കാന്‍ വക നല്‍കുന്ന മൂന്നാമത്തെ കാര്യം. പരിക്കു കാരണം പേസ് നിരയിലെ നിര്‍ണാക താരമായ ജോഷ് ഹേസല്‍വുഡ് പിങ്ക് ബോള്‍ ടെസ്റ്റില്‍ നിന്നും പിന്‍മാറിക്കഴിഞ്ഞു. പകരക്കാരനായി സ്‌കോട്ട് ബോളണ്ടിനെയാണ് ഓസീസ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ സീനിയര്‍ താരങ്ങളും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളുമായ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബ്യുഷെയ്ന്‍ എന്നിവരുടെ മോശം ഫോമും ഓസ്‌ട്രേലിയക്കു ക്ഷീണമാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഓസീസ് ബാറ്റിങിലെ നെടുംതൂണുകളെന്നു വിളിക്കാവുന്ന താരങ്ങളാണ് ഇരുവരും. അതുകൊണ്ടു തന്നെ ഇവര്‍ ഫോമിലല്ലെങ്കില്‍ അതു പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു ജയം എളുപ്പമാക്കി മാറ്റുകയും ചെയ്യും.