മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിമിത ഓവര്‍ നായകനായി കൂടുതല്‍ പരിഗണന ലഭിക്കുന്ന താരം ഹാര്‍ദിക് പാണ്ഡ്യയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കിരീടം ചൂടിച്ച നായകനാണ് ഹാര്‍ദിക്. അവസാന സീസണില്‍ ടീമിനെ റണ്ണറപ്പുകളുമാക്കി. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുവരവും ഹാര്‍ദിക് നടത്തിയിരിക്കുകയാണ്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള താരം അടുത്ത ഐപിഎല്ലിന് മുന്നോടിയായി തിരിച്ചുവരാനൊരുങ്ങുകയാണ്.
അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ ഹാര്‍ദിക്കിനെ നായകനാക്കുമോ അതോ രോഹിത് ശര്‍മയെ തുടരാന്‍ അനുവദിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഹാര്‍ദിക്കിനെ നായകനാക്കിയാല്‍ മുന്നിലുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് ടൈറ്റന്‍സ് മുഖ്യ പരിശീലകനുമായ ആശിഷ് നെഹ്‌റ. 'രോഹിത് ശര്‍മ, വിരാട് കോലി എന്നിവരെപ്പോലെയുള്ള താരങ്ങള്‍ക്ക് ഫിറ്റ്‌നസുണ്ടെങ്കില്‍ അവരുടെ ഫോമിനെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യേണ്ട.
ഇരുവരും തീര്‍ച്ചയായും ടി20 ലോകകപ്പ് കളിക്കാനുണ്ടാവും. ക്യാപ്റ്റന്‍സിയിലെ മാറ്റത്തെക്കുറിച്ച് എനിക്ക് അറിയില്ല. കാരണം അതിന് ഇനിയും സമയമുണ്ട്. അത് സെലക്ടര്‍മാരുടെ തീരുമാനമാണ്. ഹാര്‍ദിക് നിലവില്‍ പരിക്കിന്റെ പിടിയിവാണ്. ഐപിഎല്ലിലൂടെ കളിച്ച് ഹാര്‍ദിക് തിരിച്ചുവരാനാണ് പദ്ധതിയിടുന്നതെങ്കില്‍ അത് സെലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാന്‍ പ്രയാസമാവും. അവനെ നായകനാക്കുന്നത് ബുദ്ധിമുട്ടാവും'- നെഹ്‌റ പറഞ്ഞു. ഇടക്കിടെ പരിക്ക് വേട്ടയാടുന്ന താരമാണ് ഹാര്‍ദിക്.
അതുകൊണ്ടുതന്നെ ടി20 നായകനാക്കുക ഇപ്പോള്‍ പ്രയാസമാണ്. ആറ് മാസമാണ് ടി20 ലോകകപ്പിലേക്കുള്ളത്. ഏപ്രിലിലായിരിക്കും ഹാര്‍ദിക് തിരിച്ചെത്തുകയെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ ടി20 ലോകകപ്പില്‍ നായകനാക്കിയാല്‍ മികച്ച മുന്നൊരുക്കം നടത്തുക പ്രയാസമായിരിക്കും. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ അനുഭവസമ്പത്തിന് പ്രാധാന്യമേറെ. രോഹിത് ശര്‍മ നായകനായി തുടരുന്നതാണ് ഇന്ത്യക്ക് നല്‍കുന്നത്.

രോഹിത്തും കോലിയും ഒപ്പമുണ്ടെങ്കില്‍ സഹതാരങ്ങള്‍ക്കും അത് ആത്മവിശ്വാസം നല്‍കും. യുവതാരങ്ങള്‍ക്ക് ഇന്ത്യ ടി20 ലോകകപ്പില്‍ കൂടുതല്‍ അവസരം നല്‍കുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ അനുഭവസമ്പന്നരായ താരങ്ങള്‍ ഇല്ലാതെ വന്നാല്‍ ടീം കൂട്ടത്തകര്‍ച്ചയിലേക്ക് പോയേക്കും. ഹാര്‍ദിക് പാണ്ഡ്യ ഭാഗ്യവാനായ നായകനാണ്. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് ടി20 ലോകകപ്പ് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവുമെന്നുറപ്പ്.
എന്നാല്‍ നായകസ്ഥാനത്തേക്ക് ഇപ്പോള്‍ ഹാര്‍ദിക്കിനെ പരിഗണിച്ചാല്‍ ഇന്ത്യയുടെ പദ്ധതികളെല്ലാം പാളിയേക്കും. രോഹിത് ശര്‍മയോട് ഇന്ത്യയുടെ നായകനായി തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ രോഹിത് ഇതിനോട് പ്രതികരിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച നായകനാണ് രോഹിത് ശര്‍മ. അതുകൊണ്ടുതന്നെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയെ ഇനിയും മുന്നോട്ട് നയിക്കാന്‍ രോഹിത് യോഗ്യനാണ്.
രാഹുല്‍ ദ്രാവിഡിനെ പരിശീലകസ്ഥാനത്ത് ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെ നിലനിര്‍ത്തുന്നതില്‍ അന്തിമ തീരുമാനം ഇനിയും വരാനിരിക്കുന്നു. ഹാര്‍ദിക്കിനെ നായകനാക്കുന്നത് ഇപ്പോള്‍ സാഹസമാണ്. സൂര്യകുമാര്‍ യാദവാണ് ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയെ നയിച്ചത്. പരമ്പര നേടിക്കൊടുക്കാനും സൂര്യകുമാറിന് സാധിച്ചു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ നായകനാക്കാന്‍ ഇന്ത്യക്ക് വിശ്വാസമില്ല.
വരാനിരിക്കുന്ന ടി20 ലോകകപ്പിലും മികച്ച ടീമിനെ കളത്തിലിറക്കാന്‍ ഇന്ത്യക്കാവും. എന്നാല്‍ ഭാഗ്യം ടീമിനെ തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. യശ്വസി ജയ്‌സ്വാള്‍, റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവരെല്ലാം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളാണ്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നിവടങ്ങളിലെ സാഹചര്യത്തില്‍ ഇവര്‍ക്കൊന്നും അനുഭവസമ്പത്തില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായേക്കും. 2013ന് ശേഷം ഒരു തവണ പോലും കിരീടം നേടാത്ത ഇന്ത്യക്ക് ടി20 ലോകകപ്പ് സ്വന്തമാക്കേണ്ടത് അഭിമാന പ്രശ്‌നമാണ്.