Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 3 ബോളില്‍ റണ്ണില്ല, തുടരെ 3 വിക്കറ്റ്; സമ്മര്‍ദ്ദത്തിലായോ? തുറന്നുപറഞ്ഞ് റിങ്കു

വിശാഖപട്ടണം: തകര്‍പ്പന്‍ ഫിനിഷിങിലൂടെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഹീറോയായി മാറിയിരിക്കുകയാണ് യുവതാരം റിങ്കു സിങ്. ഒരു ഘട്ടത്തില്‍ അനായാസം ജയിക്കുമെന്നു കരുതിയ മല്‍സരത്തില്‍ അവസാന ഓവറുകളിലെ ഡോട്ട് ബോളുകളും തുടര്‍ച്ചയായ വിക്കറ്റ് വീഴ്ചയും തന്നെ സമ്മര്‍ദ്ദത്തിലാക്കിയോ എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് റിങ്കു. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറാം നമ്പറില്‍ ഇറങ്ങിയ റിങ്കു 14 ബോളില്‍ നാലു ഫോറുകളടക്കം പുറത്താവാതെ 22 റണ്‍സുമായി ഇന്ത്യക്കു ത്രില്ലിങ് വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ അവസാന ബോളില്‍ ജയിക്കാന്‍ ഒരു റണ്‍സാണ് വേണ്ടിയിരുന്നത്. കൈല്‍ അബോട്ടിനെതിരേ ലോങ് ഓണിലൂടെ റിങ്കു സിക്സര്‍ പറത്തിയെങ്കിലും താരത്തിന്റേത് നോ ബോളാണെന്നു വ്യക്തമായതോടെ സിക്‌സര്‍ അനുവദിക്കപ്പെട്ടില്ല. എക്‌സ്ട്രായായി ലഭിച്ച റണ്ണില്‍ ഇന്ത്യ രണ്ടു വിക്കറ്റിനു ജയിക്കുകയും ചെയ്തു.

RINKU SINGH

18ാം ഓവര്‍ വരെ ഇന്ത്യ എളുപ്പം ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. 18 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 195 റണ്‍സെന്ന നിലയിലായിരുന്നു. അഞ്ചു വിക്കറ്റ് കൈയിലിരിക്കെ അവസാന രണ്ടോവറില്‍ ജയിക്കാന്‍ 14 റണ്‍സ് മാത്രം മതിയായിരുന്നു.

പക്ഷെ നതാന്‍ എല്ലിസ് എറിഞ്ഞ 19ാം ഓവറില്‍ സ്‌ട്രൈക്ക് നേരിട്ട അക്ഷര്‍ പട്ടേല്‍ തുടരെ ഡോട്ട് ബോളുകള്‍ കളിച്ചതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. ഓവറിലെ ആദ്യ ബോള്‍ വൈഡായിരുന്നെങ്കിലും അടുത്ത മൂന്നു ബോളിലും റണ്ണൊന്നുമില്ല. നാലാമത്തെ ബോളില്‍ അക്ഷര്‍ സിംഗിളെടുത്തു. അഞ്ചാമത്തെ ബോളില്‍ റിങ്കു ബൗണ്ടറിയടിച്ചതോടെ ഇന്ത്യക്കു ആശ്വാസമായി. അടുത്ത ബോളില്‍ സിംഗിള്‍. ഈ ഓവറില്‍ ലഭിച്ചത് ഏഴു റണ്‍സ് മാത്രം.

അവസാന ഓവറില്‍ അഞ്ചു വിക്കറ്റ് കൈയിരിക്കെ ജയിക്കാന്‍ വേണ്ടത് ഏഴു റണ്‍സ്. അബോട്ടിനെതിരേ ആദ്യ ബോളില്‍ റിങ്കു ബൗണ്ടറിയടിച്ചതോടെ ഇന്ത്യ ജയത്തിനു തൊട്ടരികെ. തുടര്‍ന്നായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. രണ്ടാമത്തെ ബോളില്‍ ബൈയായി ഒരു റണ്‍സ്. അടുത്ത ബോളില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച അക്ഷറിനെ (2) അബോട്ട് സ്വന്തം ബൗളിങില്‍ പിടികൂടി.

പുതുതായെത്തിയ രവി ബിഷ്‌നോയ്ക്കു ആദ്യ ബോള്‍ കണക്ട് ചെയ്യാനായില്ലെങ്കിലും സിംഗിളിനു ശ്രമിച്ച് റണ്ണൗട്ടായി. ജയിക്കാന്‍ രണ്ടു ബോളില്‍ രണ്ടു റണ്‍സ്. സ്‌ട്രൈക്ക് നേരിട്ട റിങ്കു ഡബിളിനു ശ്രമിച്ചെങ്കിലും രണ്ടാമത്തെ റണ്‍സ് തികയ്ക്കും മുമ്പ് നോണ്‍ സ്‌ടൈക്കറായ അര്‍ഷ്ദീപ് റണ്ണൗട്ട്. സ്‌കോര്‍ ഇതോടെ തുല്യം. അവസാന ബോളില്‍ ജയിക്കാന്‍ ഒരു റണ്‍സ്. റിങ്കു സിക്‌സറടിച്ചെങ്കിലും നോ ബോളിലൂടെ ലഭിച്ച റണ്‍സില്‍ ഇന്ത്യ നാടകീയമായി ജയിച്ചു കയറുകയും ചെയ്തു.

RINKU MUKESH

ഡോട്ട് ബോളുകള്‍ വന്നപ്പോഴും വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോഴും മല്‍സരം ജയിക്കാന്‍ കഴിയുമെന്നു തനിക്കു ആത്മവിശ്വാസമുണ്ടായിരുന്നതായി റിങ്കു വ്യക്തമാക്കി. എനിക്കു എന്നില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ഒരുപാട് തവണ ഞാന്‍ ഇതു ചെയ്തിട്ടുള്ളതാണ്. എന്നെക്കൊണ്ട് ഇതു കഴിയുമെന്ന വിശ്വാസമുണ്ടായിരുന്നതായും റിങ്കു പറഞ്ഞു.

അക്ഷര്‍ പട്ടേല്‍ ചില ഡോട്ട് ബോളുകള്‍ കളിച്ചപ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നോയെന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആറാം നമ്പറില്‍ കളിച്ച് എനിക്കു ശീലമായിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലും ഞാന്‍ ഈ പൊസിഷനില്‍ കളിച്ചിട്ടുള്ളതാണ്. ഈ മല്‍സരത്തിലും എന്നെക്കണ്ടു അതു കഴിയുമെന്നു ഞാന്‍ എന്നെത്തന്നെ പിന്തുണയ്ക്കുകയായിരുന്നു. ഞാന്‍ എന്നെത്തെന്നെ ഒരുപാട് പിന്തുണയ്ക്കാറുണ്ടെന്നും റിങ്കു കൂട്ടിച്ചേര്‍ത്തു.

ഈ മല്‍സരത്തിലെ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 നു മുന്നിലെത്തിയിരിക്കുകയാണ്. അടുത്ത മല്‍സരം ഞായറാഴ്ച രാത്രി തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും.

Story first published: Friday, November 24, 2023, 5:47 [IST]
Other articles published on Nov 24, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+