ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യ ജയം നേടിയിരിക്കുകയാണ്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 160 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടാനായത്. പൊതുവേ റണ്ണൊഴുകുന്ന പിച്ചാണ് ബംഗളൂരുവിലേത്. എന്നാല്‍ ഇന്നലെ ബാറ്റിങ് ദുഷ്‌കരമായ പിച്ചാണ് ബംഗളൂരുവില്‍ കണ്ടത്.
നേരത്തെ പരമ്പര കൈവിട്ട ഓസ്‌ട്രേലിയ അവസാന മത്സരത്തില്‍ ജയം നേടി നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പൊരുതി വീണു. ഓസ്‌ട്രേലിയയുടെ തോല്‍വി ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഓസീസിന്റെ തോല്‍വിക്ക് കാരണം അംപയര്‍മാരുടെ പിഴവാണെന്ന ആരോപണം ഇപ്പോള്‍ ശക്തമാവുകയാണ്. രണ്ട് അബദ്ധം അംപയര്‍മാര്‍ക്ക് സംഭവിച്ചതാണ് ഓസീസ് തോല്‍ക്കാന്‍ കാരണമായതെന്നാണ് ആരാധകര്‍ പറയുന്നത്.
ഒന്നാമത്തെ കാര്യം അവസാന ഓവറിലെ വൈഡാണ്. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഈ സമയത്ത് ഓസീസ് നായകന്‍ മാത്യു വേഡ് ക്രീസിലുണ്ടായിരുന്നു. അവസാന ഓവര്‍ എറിയാനെത്തിയത് അര്‍ഷ്ദീപ് സിങ്ങായിരുന്നു. ആദ്യ പന്ത് തന്നെ താരം ബൗണ്‍സറാണ് എറിഞ്ഞത്. എന്നാല്‍ ഇത് വേഡിന്റെ തലക്ക് മുകളിലൂടെയാണ് പോയത്. ഏണിവെച്ച് കയറി അടിച്ചാല്‍ പോലും എത്താത്ത പന്താണെങ്കിലും അംപയര്‍ വൈഡ് വിളിച്ചില്ല.
ഒരു ബൗണ്‍സായി മാത്രമാണ് ഇത് പരിഗണിച്ചത്. ഇതില്‍ വേഡ് അതൃപ്തി പരസ്യമാക്കുകയും ചെയ്തു. വേഡിന്റെ എല്ലാ ശ്രദ്ധയും തകര്‍ത്തുകളഞ്ഞത് ഈ വൈഡാണ്. അംപയറുടെ തെറ്റായ തീരുമാനത്തില്‍ വേഡ് അസ്വസ്തനായതോടെ അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു. പുറത്തായപ്പോഴും കടുത്ത നിരാശ പ്രകടമാക്കിയാണ് വേഡ് കളം വിട്ടത്. അംപയറുടെ തെറ്റായ തീരുമാനമായിരുന്നു ഇതെന്ന് വീഡിയോകളില്‍ നിന്ന് വ്യക്തം.

അവസാന ഓവറിലെ അഞ്ചാം പന്തില്‍ നതാന്‍ എല്ലിസിന്റെ സ്‌ട്രെയ്റ്റ് ഷോട്ട് അര്‍ഷ്ദീപിന്റെ കൈയില്‍കൊണ്ട് അംപയര്‍ വീരേന്ദര്‍ ശര്‍മയുടെ കാലില്‍ക്കൊണ്ടു. ഇത് ബൗണ്ടറിയായിരുന്നെങ്കില്‍ മത്സരഫലം ചിലപ്പോള്‍ മാറാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ അംപയറുടെ ശരീരത്തില്‍ പന്ത് കൊണ്ടതോടെ ഒരു റണ്‍സിലേക്ക് ഒതുങ്ങി. അംപയര്‍ കൃത്യമായ ദിശയിലേക്കാണ് മാറിയതെങ്കിലും അക്ഷര്‍ പട്ടേലിന്റെ കൈയില്‍ കൊണ്ടതോടെ അപ്രതീക്ഷിതമായി പന്തിന്റെ ദിശ മാറുകയായിരുന്നു.
ആ പന്ത് ബൗണ്ടറി പോയിരുന്നെങ്കില്‍ മത്സരഫലത്തില്‍ വലിയ മാറ്റം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അംപയര്‍ക്കെതിരേ ഓസീസ് ആരാധകര്‍ രംഗത്തെത്തുകയാണ്. രൂക്ഷ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉയര്‍ത്തുന്നത്. ബംഗളൂരുവിലെ പിച്ചില്‍ 160 റണ്‍സില്‍ ഇന്ത്യ ഒതുങ്ങിയപ്പോള്‍ ഓസീസ് വലിയ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് എടുത്തു പറയേണ്ടത്.
17ാം ഓവര്‍ എറിഞ്ഞ മുകേഷ് കുമാറിന്റെ ഓവര്‍ മത്സരത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് സൃഷ്ടിച്ചു. മാത്യു ഷോര്‍ട്ടിനേയും ബെന്‍ ദൗര്‍ഷ്യൂയിസിനെയും അടുത്തടുത്ത പന്തുകളില്‍ മുകേഷ് കുമാര്‍ പുറത്താക്കി. ഇതാണ് മത്സരഫലത്തില്‍ വലിയ വഴിത്തിരിവ് സൃഷ്ടിച്ചത്. അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ് ഗംഭീരമായി പന്തെറിയുകയും ചെയ്തു. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനവും നിര്‍ണ്ണായകമായി. രവി ബിഷ്‌നോയ് പരമ്പരയിലുടെനീളം മികച്ച ഫോമിലാണ്.
നാല് ഓവറില്‍ 29 റണ്‍സ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 14 റണ്‍സിനാണ് ഒരു വിക്കറ്റ് നേടിയത്. അക്ഷര്‍ പട്ടേല്‍ 21 പന്ത് നേരിട്ട് 31 റണ്‍സും നേടി. ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത് ഈ പ്രകടനമാണ്. അവസാന രണ്ട് മത്സരത്തിലും കളിയിലെ താരമായത് അക്ഷറാണ്. രവി ബിഷ്‌നോയ് പരമ്പരയിലെ താരവുമായി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നന്നായി കൈയടി നേടി.