പെര്‍ത്ത്: ഇന്ത്യന്‍ ഏകദിന ക്യാപ്റ്റന്റെ റോളില്‍ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്‍. ഓസ്‌ട്രേലിയക്കെതിരേ ഞായറാഴ്ച തുടങ്ങാനിരിക്കുന്ന മൂന്നു മല്‍സരങ്ങഴുടെ ഏകദിന പരമ്പരയില്‍ വിജയത്തോടെ തുടങ്ങാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ഗില്ലിനെ സഹായിക്കാന്‍ രണ്ടു മുന്‍ നായകരും ഇതിഹാസ താരങ്ങളുമായ രോഹിത് ശര്‍മയും വിരാട് കോലിയും ഇത്തവണ കൂടെയുണ്ട്.
ഗില്ലിനു കീഴില്‍ രോക്കോ ആദ്യമായി കളിക്കാനിറങ്ങുന്നുവെന്നതും പരമ്പരയെ സ്‌പെഷ്യലാക്കി മാറ്റുന്നു. അതിനിടെ ആദ്യ കളിക്കു മുന്നോടിയായുള്ള ടീമിന്റെ അവസാനത്തെ നെറ്റ് സെഷനില്‍ പുതിയ നായകനെ രോഹിത്തും കോലിയും രണ്ടു തരത്തില്‍ സഹായിച്ചിരിക്കുകയാണ്. ഇതു എങ്ങനെയാണെന്നു നമുക്കു നോക്കാം.

ഗില്ലിനെ ഉപദേശിച്ച് കോലി
ക്രിക്കറ്ററെന്ന നിലയില്‍ തന്റെ ആരാധനാ പാത്രം വിരാട് കോലിയാണെന്നു ശുഭ്മന്‍ ഗില്‍ നേരത്തേ പല തവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ബാറ്റിങില്‍ ഗില്‍ മാതൃകയക്കുന്നതും അദ്ദേഹത്തെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനില്‍ കോലിക്കു തൊട്ടടുത്തു തന്നെയാണ് ഗില്ലും ബാറ്റിങ് പരിശീലനം നടത്തിയത്.
ഇടയ്ക്കിടെ കോലിക്കു അരികിലേക്കു വന്ന ഗില്‍ പല കാര്യങ്ങളിലും ഉപദേശങ്ങള്‍ തേടുകയും ചെയ്തു. വ്യത്യസ്ത ആംഗിളുകളെ കുറിച്ചും ടൈമിങിനെപ്പറ്റിയും ഷോട്ട് അഡ്ജസ്റ്റ്‌മെന്റിനെ കുറിച്ചുമെല്ലാം പുതിയ നായകനു കോലി കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ഇതൊക്കെ ശ്രദ്ധയോടെ കേട്ടുനിന്ന ഗില്‍ ഇടയ്ക്കിടെ സംശയങ്ങളുമായി കോലിയെ സമീപിക്കാനും മടിച്ചില്ല.
ഓസ്‌ട്രേലിയയില്‍ വിവിധ ഫോര്‍മാറ്റുകളിലായി ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ളയാളാണ് അദ്ദേഹം. ഓസീസിനെതിരേ വളരെ മികച്ച റെക്കോര്‍ഡും കോലിക്കുണ്ട്. അതുകൊണ്ടു തന്നെ കംഗാരുക്കള്‍ക്കു മേല്‍ ആധിപത്യം പുലര്‍ത്താന്‍ കോലിയേക്കാള്‍ നന്നായി ഗില്ലിനെ സഹായിക്കാന്‍ പറ്റുന്ന ആരും നിലവിലെ ടീമിലുമില്ല. ബാറ്റിങില്‍ അദ്ദേഹം നല്‍കിയ ടിപ്‌സുകള്‍ മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തെ സഹായിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
തന്ത്രമുപദേശിച്ച് രോഹിത്
ശുഭ്മന്‍ ഗില്ലിന്റെ ബാറ്റിങ് ടെക്‌നിക്ക് കൂടുതല്‍ മെച്ചപ്പെടുത്താനാണ് വിരാട് കോലി സഹായിച്ചതെങ്കില്‍ മറ്റൊരു മുന്‍ നായകന്‍ രോഹിത് ശര്‍മ അതിലൊന്നും ഇടപെട്ടില്ല. ക്യാപ്്റ്റനെന്ന നിലയില്‍ ഓസ്‌ട്രേലിയയെ തീര്‍ക്കാനുള്ള തന്ത്രങ്ങളാണ് അദ്ദേഹം ഉപദേശിച്ചത്. ബാറ്റിങ് പ്രാക്ടീസിനു ശേഷമാണ് രോഹിത്തിനെ ഗില്‍ സമീപിച്ചത്.

തുടര്‍ന്ന് ഗെയിം പ്ലാനുമായി ബന്ധപ്പെട്ട് രണ്ടു പേരും ഗ്രൗണ്ടില്‍ വച്ച് ഏറെ നേരം സംസാരിക്കുകയും ചെയ്തു. ഗ്രൗണ്ടിന്റെ വ്യത്യസ്ത ഭാഗങ്ങളിലേക്കു കൈ ചൂണ്ടി രോഹിത് കാണിച്ചുകൊടുക്കുന്നതും പലതും ഉപദേശിക്കുന്നതും കാണാമായിരുന്നു. ഫീല്‍ഡ് വിന്യാസത്തെ കുറിച്ചും ബാറ്റിങ് സ്ട്രാറ്റെജിയെ പറ്റിയുമാവും അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കിയതെന്നു ഇതില്‍ നിന്നും വ്യക്തവുമാണ്.
വെറുമൊരു സാധാരണ രീതിയിലുള്ള സംസാരത്തേക്കാള്‍ ഏറെ ഗൗരവമേറിയ ചര്‍ച്ചയാണ് ഇവര്‍ക്കിടയിലുണ്ടായതെന്നു സംഭവ സ്ഥലത്തുണ്ടായിരുന്ന റെവ്‌സ്‌പോര്‍ട്‌സിന്റെ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. പിന്നീട് ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും താരങ്ങളുടെ പ്രകടനം സൂക്ഷ്മായി വീക്ഷിച്ച് അവിടെ നിലയുറപ്പിക്കുകയും ചെയ്തു. തുടര്‍ന്നു ഗില്ലുമായും അദ്ദേഹം കുറച്ചു സമയം ചര്‍ച്ച നടത്തി.