മുംബൈ: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് ടീമുകളില്‍ നിന്ന് തഴയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിന് ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്. പുതിയ യുവ വിക്കറ്റ് കീപ്പര്‍മാര്‍ വളര്‍ന്നുവരുന്നതും ടീം മാനേജ്‌മെന്റിന് സഞ്ജുവിനെ വിശ്വാസമില്ലാത്തതും അദ്ദേഹത്തിന് അവസരം കുറയാനുള്ള കാരണമാണ്.
ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു തഴയപ്പെടാന്‍ പല കാരണങ്ങളും ചൂണ്ടിക്കാട്ടാനാവും. എന്നാല്‍ സഞ്ജുവിന്റെ കരിയര്‍ തകര്‍ത്തതിന് പിന്നില്‍ ആരാധകര്‍ക്ക് വലിയ പങ്കുണ്ട്. സഞ്ജു സാംസണിന്റെ ബാല്യകാല പരിശീലകനായ ബിജു ജോര്‍ജ് നേരത്തെ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഇപ്പോള്‍ സത്യമായി മാറിയിരിക്കുകയാണ്. സഞ്ജു സാംസണെ സ്‌നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വലിയൊരു ആരാധക സമൂഹമുണ്ട്.
സഞ്ജു തഴയപ്പെടുമ്പോള്‍ സ്വാഭാവികമായുമുണ്ടാകുന്ന വിമര്‍ശനങ്ങള്‍ക്കപ്പുറമുള്ള ആരാധക പ്രതിഷേധങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്. ഇത് ടീം മാനേജ്‌മെന്റിനും ബിസിസിഐക്കും നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആരാധകരുടെ ശല്യം സഹിക്കാത്തതിനാലാണ് പലപ്പോളും സഞ്ജുവിനെ ടീമിലേക്ക് പരിഗണിച്ചതെന്ന് മുന്‍ ഇന്ത്യന്‍ സെലക്ടറായ ചേതന്‍ ശര്‍മ തുറന്ന് പറഞ്ഞിട്ടുണ്ട്. അത്രത്തോളം സമ്മര്‍ദ്ദം ചെലുത്താന്‍ സഞ്ജു ആരാധകര്‍ക്ക് സാധിച്ചിരുന്നു.
സഞ്ജുവും ബിസിസിഐയും തമ്മിലുള്ള ബന്ധം വഷളാക്കിയത് ആരാധകരാണ്. സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ ആരാധകര്‍ ബിസിസിഐയെ വിമര്‍ശിച്ച് രംഗത്തെത്തും. ഇത് സഞ്ജുവും ബിസിസി ഐയും തമ്മിലുള്ള ബന്ധം വഷളാക്കി. സഞ്ജുവിനെ ശത്രുപക്ഷത്തേക്ക് ബിസിസിഐ നിര്‍ത്താന്‍ കാരണങ്ങളിലൊന്ന് ഇതാണ്. സഞ്ജുവിനെക്കാള്‍ മോശം കണക്കുള്ളവര്‍ ടീമിലേക്കെത്തുകയും സഞ്ജു തഴയപ്പെടുകയും ചെയ്യാന്‍ കാരണം ബിസിസിഐക്ക് സഞ്ജുവില്‍ താല്‍പര്യമില്ലാത്തതിനാലാണ്.

രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന് സഞ്ജുവിന്റെ പ്രതിഭ നന്നായി അറിയാം. എന്നാല്‍ അദ്ദേഹം പോലും സഞ്ജുവിനെ പിന്തുണക്കാത്തതിന് കാരണം ബിസിസിഐയുടെ അതൃപ്തിയാണ്. ബിസിസിഐയോട് എതിരിട്ട് ദേശീയ ടീമില്‍ തുടരുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ചരിത്രം പരിശോധിക്കുമ്പോള്‍ ഇത് വ്യക്തമാവും. ശ്രീശാന്തിന് സംഭവിച്ചതിന് പിന്നില്‍ പോലും ബിസിസിഐയുമായുള്ള അഭിപ്രായ ഭിന്നതയാണ് കാരണം.
സഞ്ജുവിനെ പിന്തുണക്കുന്നു എന്നതിന്റെ പേരില്‍ ആരാധകര്‍ നടത്തിയ വിമര്‍ശനങ്ങള്‍ ബിസിസിഐയില്‍ താരത്തിലുള്ള താല്‍പര്യം കുറച്ചു. ഇതോടെയാണ് സഞ്ജു പ്രധാന ടൂര്‍ണമെന്റില്‍ നിന്നെല്ലാം ഒതുക്കപ്പെട്ടത്. ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് എന്നിവയില്‍ നിന്ന് തഴഞ്ഞതിനെ പല കാരണങ്ങളാല്‍ ന്യായീകരിക്കാമെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ സഞ്ജുവിനെ കളിപ്പിക്കാമായിരുന്നു. ഇത് ചെയ്യാത്തതിന് കാരണം ബിസിസിഐയുടെ താല്‍പര്യകുറവാണ്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. ഏഷ്യന്‍ ഗെയിംസിലില്‍ റുതുരാജ് ഗെയ്ക്‌വാദിനെ ക്യാപ്റ്റനാക്കുന്നതിന് പകരം സഞ്ജുവിനെ നായകനാക്കാമായിരുന്നു. റുതുരാജിനെക്കാളും നായകനെന്ന നിലയില്‍ അനുഭവസമ്പന്നനായ താരം സഞ്ജുവായിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിനെ പൂര്‍ണ്ണമായും തഴയുകയാണ് ചെയ്തിരിക്കുന്നത്. സഞ്ജുവിനെ യാതൊരു പിന്തുണയും ടീം മാനേജ്‌മെന്റ് നല്‍കുന്നില്ല.
അതിന് കാരണം ആരാധകര്‍ കാട്ടിയ അമിത ആവേശമാണ്. ഇനി സഞ്ജുവിന് ദേശീയ ടീമിലേക്ക് തിരിച്ചുവരവ് പ്രയാസമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇതിലും സഞ്ജുവിന് ഇടം പ്രതീക്ഷിക്കാനാവില്ല. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് ഇനി പിന്തുണക്കാന്‍ യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ തന്നെ സഞ്ജുവിന് ഇനി ഒതുങ്ങേണ്ടി വരും.
ആരാധകര്‍ ബിസിസിഐക്കെതിരേ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തുമ്പോള്‍ സഞ്ജു നിശബ്ദത പാലിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ആരാധകരെ വിലക്കാന്‍ സഞ്ജു ഒരിക്കല്‍ പോലും തയ്യാറായില്ല. ബാല്യകാല പരിശീലകന്‍ പറഞ്ഞിട്ടുപോലും സഞ്ജു ഇക്കാര്യം ശ്രദ്ധിച്ചില്ല. അതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് പറയാം. എന്തായാലും സഞ്ജുവിന്റെ കരിയര്‍ തകര്‍ച്ചക്ക് പിന്നില്‍ ആരാധകരുടെ അമിത ആവേശം പ്രധാന കാരണമാണെന്ന് നിസംശയം പറയാം.