ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ടീം ഇന്ത്യ നേരെ ഓസ്‌ട്രേലിയയിലേക്കു പറന്നിരിക്കുകയാണ്. വൈറ്റ് ബോള്‍ പരമ്പരള്‍ക്കായാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ നിന്നും വിമാനം കയറിയത്. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമടങ്ങിയതാണ് ഇന്ത്യയുടെ ഓസീസ് പര്യടനം.
ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ഈ ഞായറാഴ്ചയാണ്. ടി20 പരമ്പര ഈ മാസം 29നും തുടങ്ങും. പുതിയ നായകന്‍ ശുഭ്മന്‍ ഗില്ലാണ് ഏകദിനത്തില്‍ ടീമനെ നയിക്കുക. ടി20യിലാവട്ടെ പതിവുപോലെ സൂര്യകുമാര്‍ യാദവിനു കീഴിലും ഇന്ത്യന്‍ ടീം അങ്കത്തിനു ഇറങ്ങും.

Screenshot- BCCI (X)
ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി രോഹിത് ശര്‍മയെ പുറത്താക്കിയതിനെതിരേ വിമര്‍ശനങ്ങള്‍ ചൂടുപിടിക്കവെ ആദ്യമായി രോഹിത്തും ഗില്ലും നേരിട്ടു കണ്ടിരിക്കുകയാണ്. അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ബിസിസിഐയാണ് ഈ വീഡിയോ പങ്കുവച്ചത്.
രോഹത് പറഞ്ഞതെന്ത്?
ഓസ്‌ട്രേലിയയിലേക്കു യാത്ര തിരിക്കുന്നതിനായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രോഹിത് ശര്‍മയും പുതിയ ഏകദിന നായകന്‍ ശുഭ്മന്‍ ഗില്ലും ആദ്യമായി നേരില്‍ കണ്ടത്. കിറ്റുകളുമായി രോഹിത് നടക്കവെ പിറകിലൂടെ എത്തിയ ഗില്‍ അദ്ദേഹത്തിന്റെ തോളില്‍ കൈ വയ്ക്കുകയായിരുന്നു.
പിറകിലേക്കു നോക്കിയ രോഹിത് അരേ ഗില്‍, നിനക്കു സുഖമല്ലേ ഭായ് എന്നു ചോദിക്കുകയായിരുന്നു. പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുകയും ചെയ്തു. വളരെയധികം സന്തോഷത്തിലും റിലാക്‌സുമായാണ് ഇരുവരും കാണപ്പെട്ടത്.
രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും നേരില്‍ കണ്ടപ്പോള്‍. വീഡിയോ
തുടര്‍ന്നു പുത്തേക്കു വന്നപ്പോള്‍ ടീം ബസില്‍ വിരാട് കോലിയെ കണ്ട രോഹിത് സന്തോഷത്തോടെ തല കുനിച്ച് വണങ്ങുകയും ചെയ്തു. ടീം ബസിലേക്കു കയറിയപ്പോള്‍ പരസ്പരം ആശ്ലേഷിച്ചാണ് ഇരുവരും സൗഹൃദം പങ്കിട്ടത്. രോഹിത്തിനു പിറകെ ടീം ബസിലേക്കു കയറിയ ഗില്ലിനു കോലി കൈകൊടുത്ത് അഭിനന്ദിച്ചപ്പോള്‍ അതേ സീറ്റിലിരുന്ന പുതിയ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ഹസ്തദാനം നല്‍കി.
രോഹിത്തിനെ കൂടാതെ കോലിയും ഇതാദ്യമായാണ് ഏകദിന ക്യാപ്റ്റന്‍സിയേറ്റെടുത്ത ശേഷം ഗില്ലിനെ നേരിട്ടു കണ്ടത്. കഴിഞ്ഞ ഐപിഎല്ലിനു ശേഷം ഭാര്യ അനുഷ്‌ക ശര്‍മയ്ക്കു മക്കള്‍ക്കുമൊപ്പം ലണ്ടനിലായിരുന്നു കോലി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കായി യാത്ര തിരിക്കാനാണ് അദ്ദേഹം കഴിഞ്ഞ ദിവസം അവിടെ നിന്നും ഡല്‍ഹിയിലേക്കു വന്നത്.

നീണ്ട ഇടവളയ്ക്കു ശേഷമാണ് രോഹിത്തും കോലിയും ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം കളിക്കാനൊരുങ്ങുന്നത്. മാര്‍ച്ചില്‍ യുഎഇ വേദിയായ ഐസിസി ചാംപ്യന്‍സ് ട്രോഫിയുടെ ഫൈനലിലാണ് ഇരുവരെയും അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്.
രോഹിത്തിനു കീഴില്‍ കിവികളെ വീഴ്ത്തി ഇന്ത്യ ജേതാക്കളാവുകയും ചെയ്തു. അതിനു ശേഷം ഐപിഎല്ലിലാണ് രോഹിത്തിനെയും കോലിയെയും അവസാനമായി കളിക്കളത്തില്‍ കണ്ടത്. ടൂര്‍ണമെന്റിനു ശേഷം വിശ്രമത്തിലായിരുന്ന ഇരുവരും ഇപ്പോള്‍ വീണ്ടും നീലക്കുപ്പായത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ഓസീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ രോഹിത്തിന്റെയും കോലിയുടെയും പ്രകടനം എങ്ങനെയാവുമെന്നു ഉറ്റുനോക്കുകയാണ് സെലക്ടര്‍മാരും മുഖ്യ കോച്ച് ഗൗതം ഗംഭീറും.
ഇന്ത്യന്‍ ഏകദിന ടീം
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോ്‌ലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍.