അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ആവേശകരമായി പുരോഗമിക്കുകയാണ്. പെര്‍ത്തില്‍ ജയിച്ച ഇന്ത്യ അഡ്‌ലെയ്ഡില്‍ 10 വിക്കറ്റിന് തോറ്റു. ഗാബ ടെസ്റ്റിലും ഇന്ത്യ പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. ന്യൂസീലന്‍ഡിനോട് നാട്ടില്‍ വൈറ്റ് വാഷ് നേരിട്ട ഇന്ത്യ ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേയും പതറുകയാണ്. ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിയിരിക്കുന്ന സാഹചര്യത്തില്‍ വലിയ വിമര്‍ശനമാണ് നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ ഗൗതം ഗംഭീറിനുമെതിരേ ഉയരുന്നത്.
രണ്ട് പേരുടേയും ടെസ്റ്റിലെ ഭാവി തന്നെ ചോദ്യം ഉയര്‍ത്തുകയാണ്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റാന്‍ സാധ്യത കൂടുതലാണ്. സമീപകാലത്തായി രോഹിത്തിന്റെ ബാറ്റിങ് പ്രകടനങ്ങളും മോശമാണ്. ഗൗതം ഗംഭീറിന്റെ പരിശീലകനെന്ന നിലയിലെ സീറ്റും തെറിച്ചേക്കും. ആദ്യ മത്സരത്തില്‍ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യക്ക് ജയിക്കാനായി എന്നതാണ് എടുത്തു പറയേണ്ടത്.
സമീപകാലത്തെ ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണമായതിന് പിന്നില്‍ ടീമില്‍ വരുത്തിയ ചില പരിഷ്‌കാരങ്ങളാണെന്ന് തന്നെ പറയാം. ഇത്തരത്തില്‍ രോഹിത്തും ഗംഭീറും ചേര്‍ന്ന ശേഷം ഇന്ത്യയെ പിന്നോട്ടടിച്ച പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.
ബാറ്റിങ് ഓഡറിലെ അനാവശ്യ മാറ്റങ്ങള്‍
ഇന്ത്യയുടെ തകര്‍ച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റങ്ങളാണ്. രോഹിത് ശര്‍മയെ മധ്യനിരയില്‍ കളിപ്പിക്കുന്നത് മണ്ടത്തരമാണ്. രാഹുലിന് മധ്യനിരയില്‍ ഉള്‍പ്പെടെ എവിടെ വേണമെങ്കിലും തിളങ്ങാനാവും. അത്തരമൊരു ബാറ്റിങ് ശൈലിയാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ രോഹിത് ശര്‍മക്ക് ഇത്തരമൊരു കഴിവുണ്ടെന്ന് ഇപ്പോള്‍ കരുതാനാവില്ല. അതുകൊണ്ടുതന്നെ രോഹിത്തിന്റെ ബാറ്റിങ് ഓഡറില്‍ വരുത്തിയ മാറ്റം തിരിച്ചടിയായെന്ന് പറയാം.
മധ്യനിരയില്‍ ബാറ്റ് ചെയ്യുന്ന രോഹിത് ആത്മവിശ്വാസമില്ലാതെ പ്രയാസപ്പെടുകയാണ്. രണ്ടാം ടെസ്റ്റില്‍ രോഹിത് മധ്യനിരയില്‍ ഫ്‌ളോപ്പായിട്ടും മൂന്നാം മത്സരത്തിലും ഇന്ത്യ ഇതേ പിഴവ് ആവര്‍ത്തിച്ചുവെന്നതാണ് ശ്രദ്ധേയം. എന്നാല്‍ രാഹുല്‍ ഓപ്പണര്‍ റോളില്‍ മിന്നിക്കുന്നുണ്ട്. എന്നാല്‍ രോഹിത്തിന് പ്രതീക്ഷിച്ച നിലവാരം കാട്ടാനാവുന്നില്ല.

ഇന്ത്യ നിരന്തരം താരങ്ങളെ മാറ്റുന്നു
ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിരന്തരം താരങ്ങളെ മാറ്റുന്നു. ഒരു താരത്തെ വിശ്വാസം അര്‍പ്പിച്ച് വളരാനുള്ള തുടര്‍ അവസരം ഇപ്പോള്‍ നല്‍കുന്നില്ല. ദേവ്ദത്ത് പടിക്കല്‍, ദ്രുവ് ജുറേല്‍, സര്‍ഫറാസ് ഖാന്‍ എന്നിവര്‍ക്കെല്ലാം തുടര്‍ അവസരങ്ങള്‍ നല്‍കിയാല്‍ മികവ് കാട്ടാന്‍ സാധിച്ചേക്കും. എന്നാല്‍ ഇതിന് തയ്യാറാവുന്നില്ലെന്നതാണ് വസ്തുത. നിരന്തരം താരങ്ങളെ മാറ്റി പരീക്ഷണം തുടരുന്നത് പ്ലേയിങ് 11നെ പിന്നോട്ടടിക്കുകയാണ്.
സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ വാഷിങ്ടണ്‍ സുന്ദര്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ മാറ്റി മാറ്റി പരീക്ഷിക്കുന്നു. സുന്ദര്‍ ആദ്യ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നാല്‍ തുടര്‍ അവസരം ലഭിച്ചില്ല. അശ്വിന്‍ നിലവാരം കാട്ടിയില്ല. ഗാബയില്‍ ജഡേജ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടി. എന്നാല്‍ ഇന്ത്യ ഈ റോളിലേക്ക് ഒരു താരത്തെ സ്ഥിരപ്പെടുത്തി മുന്നോട്ട് പോകണം. അടുത്ത മത്സരത്തില്‍ വീണ്ടും മാറ്റമുണ്ടായാല്‍ തിളങ്ങുക പ്രയാസമായിരിക്കുമെന്ന് പറയാം.
അമിത ആക്രമണോത്സക ശൈലി
ടെസ്റ്റില്‍ ആക്രമണോത്സകത കാട്ടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബാറ്റിങ് നിര പിച്ചിനെ മനസിലാക്കാതെ ആക്രമണോത്സകത കാട്ടുന്നത് മണ്ടത്തരമാണ്. യശ്വസി ജയ്‌സ്വാള്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളാണ്. എന്നാല്‍ ഇവര്‍ തുടര്‍ച്ചയായി മോശം ഷോട്ട് കളിച്ചാണ് വിക്കറ്റ് തുലക്കുന്നത്. പിടിച്ച് നിന്ന് നിലയുറപ്പിച്ച ശേഷം വലിയ ഷോട്ടുകളിലേക്ക് കടക്കാന്‍ ഈ താരങ്ങള്‍ തയ്യാറാവുന്നില്ല. ഇക്കാര്യത്തില്‍ പരിശീലകന്റെ ഇടപെടല്‍ ഉണ്ടാവുന്നില്ല.
വിരാട് കോലി ഓഫ് സൈഡ് കെണിയില്‍ തുടര്‍ച്ചയായി പുറത്താവുന്നു. ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കാന്‍ പരിശീലക സംഘത്തിനാവുന്നില്ല. വരുന്ന മത്സരങ്ങളിലെങ്കിലും ഇക്കാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.