അഡ്‌ലെയ്ഡ്: ട്രാവിസ് ഹെഡിന്റെ ഇടിവെട്ട് സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആധിപത്യം നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയ. രണ്ടാംദിനം രണ്ടാം സെഷനില്‍ 75 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഓസീസിന്റെ ലീഡ് 93 റണ്‍സിലെത്തിയിരിക്കുകയാണ്. അഞ്ചു വിക്കറ്റിനു 273 റണ്‍സെന്ന നിലയിലാണ് ഇപ്പോള്‍ കംഗാരുപ്പട. 114 റണ്‍സുമായി ഹെഡും 12 റണ്‍സെടുത്ത അലെക്‌സ് ക്യാരിയുമാണ് ക്രീസിലുള്ളത്.
യഥാര്‍ഥത്തില്‍ ഹെഡിനെ സെഞ്ച്വറിക്കു മുമ്പ് തന്നെ ഇന്ത്യക്കു പുറത്താക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വിക്കറ്റിനു പിന്നില്‍ റിഷഭ് പന്ത് വരുത്തിയ വലിയൊരു പിഴവ് കാരണം താരം രക്ഷപ്പെടുകയായിരുന്നു. റിഷഭ് ആയുസ് നീട്ടിക്കൊടുത്തതോടെ ഹെഡ് ഇതു സെഞ്ച്വറിയാക്കി മാറ്റിയെടുക്കുകയും ചെയ്തു. എപ്പോഴായിരുന്നു കളിയിലെ ടേണിങ് പോയിന്റായി മാറേണ്ടിയിരുന്ന സംഭവമെന്നറിയാം.

78 റണ്‍സില്‍ പുറത്തായേനെ
പിങ്ക് ബോള്‍ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 78 റണ്‍സില്‍ നില്‍ക്കെ ട്രാവിസ് ഹെഡ് തീര്‍ച്ചയായും പുറത്താവേണ്ടതായിരുന്നു. എന്നാല്‍ റിഷഭ് പന്ത് ഓസ്‌ട്രേലിയന്‍ താരത്തിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഹര്‍ഷിത് റാണയെറിഞ്ഞ 69ാമത്തെ ഓവറിലായിരുന്നു സംഭവം. ഓസ്‌ട്രേലിയ അപ്പോള്‍ അഞ്ചിന് 230 റണ്‍സെന്ന നിലയിലായിരുന്നു. 78 റണ്‍സോടെ ഹെഡും അഞ്ചു റണ്ണുമായി അലെക്‌സ് ക്യാരിയുമായിരുന്നു അപ്പോള്‍ ക്രീസില്‍.
69ാമത്തെ ഓവറിലെ ആദ്യത്തെ ബോളില്‍ ക്യാരി സിംഗിളെടുത്തു. അടുത്ത രണ്ടു ബോളിലും ഹെഡിനു റണ്ണൊന്നുമെടുക്കാനായില്ല. നാലാമത്തേത് ഓഫ്സ്റ്റംപിന് പുറത്തൊരു ബോളാണ് ഹര്‍ഷിത് പരീക്ഷിച്ചത്. ബാക്ക്ഫൂട്ടില്‍ ഹെഡ് ഷോാട്ടിനു ശ്രമിച്ചെങ്കിലും എഡ്ജായ ബോള്‍ നേരെ വിക്കറ്റിനു പിന്നിലേക്കാണ് പോയത്. റിഷഭ് പന്തിനു തന്റെ ഇടതു ഭാഗത്തേക്കു ചാടിയ ശേഷം പിടിയിലൊതുക്കാമായിരുന്ന ക്യാച്ചായിരുന്നു അത്.
പക്ഷെ ക്യാച്ചിനായി ഡൈവ് ചെയ്യണോ, വേണ്ടയോ എന്ന ആശയക്കുഴപ്പം കാരണം റിഷഭ് നോക്കുകുത്തിയായികാല്‍മുട്ടിലൂന്നി നിന്നു. ഇതോടെ റിഷഭിനും സ്ലിപ്പിലുണ്ടായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കുമിടയിലൂടെ പോയ ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു.
റിഷഭ് കുറേക്കൂടി ജാഗ്രത പുലര്‍ത്തി ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഹെഡ് 78 റണ്‍സിനു പുറത്താവുമായിരുന്നു. ഇതോടെ ഓസീസ് ആറിന് 230 റണ്‍സെന്ന നിലയിലാവുകയും ചെയ്തേനെ. ഓസ്‌ട്രേലിയയുടെ ലീഡ് കുറയ്ക്കാനും ഇതു ഇന്ത്യയെ സഹായിക്കുമായിരുന്നു.

ആദ്യദിനവും ക്യാച്ച് നഷ്ടം
ടെസ്റ്റ് മല്‍സരങ്ങളില്‍ റിഷഭ് പന്ത് ക്യാച്ച് പാഴാക്കുന്നത് പതിവു സംഭവമായി മാറിയിരിക്കുകയാണ്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യദിനവും അദ്ദേഹമൊരു ക്യാച്ച് താഴെയിട്ടിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ നതാന്‍ മക്‌സ്വീനിയാണ് റിഷഭിന്റെ പിഴവ് കാരണം പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്.
ജസ്പ്രീത് ബുംറയെറിഞ്ഞ എഴാമത്തെ ഓവറിലായിരുന്നു ഇത്. ഈ ഓവറിലെ മൂന്നാമത്തെ ബോളില്‍ ബുംറയുടെ ബോളില്‍ മക്‌സ്വീനി എഡ്ജാവുകയായിരുന്നു. പക്ഷെ ക്യാച്ചിനു തുനിയാതെ റിഷഭ് ശങ്കിച്ചു നിന്നു. വളരെ വൈകിയാണ് ക്യാച്ചിനായി അദ്ദേഹം ഡൈവ് ചെയ്തു നോക്കിയത്. പക്ഷെ റിഷഭിന്റെ ഗ്ലൗസില്‍ തട്ടിയ ബോള്‍ തെറിക്കുകയായിരുന്നു.
റിഷഭ് ഈ ക്യാച്ചെടുത്തിരുന്നെങ്കില്‍ മക്‌സ്വീനി വെറും മൂന്നു റണ്‍സിന് ക്രീസ് വിടേണ്ടതായിരുന്നു. പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട താരം പിന്നീട് 39 റണ്‍സ് നേടിയാണ് രണ്ടാംദിനം ആദ്യ സെഷനില്‍ മടങ്ങിയത്. 36 റണ്‍സ് കൂടി അദ്ദേഹം സ്വന്തം പേരിലേക്കും ഓസ്‌ട്രേലിയന്‍ സ്‌കോര്‍ ബോര്‍ഡിലേക്കും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
അതേസമയം, ഓസ്‌ട്രേലിയക്കു ഇതിനകം നഷ്ടമായത് ഉസ്മാന്‍ ഖവാജ (13), നതാന്‍ മക്‌സ്വീനി (39), മാര്‍നസ് ലബ്യഷെയ്ന്‍ (64), സ്റ്റീവ് സ്മിത്ത് (2), മിച്ചെല്‍ മാര്‍ഷ് (9) എന്നിവരുടെ വിക്കറ്റുകളാണ്. ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റുകളെടുത്തു.