Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ആദ്യം 40.82, പിന്നെ 184.85!! ഇതാ ശരിക്കുള്ള റിഷഭ്, കപിലിനു രക്ഷയില്ല, താഴേക്ക്

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ തീപ്പൊരി ഫിഫ്റ്റിയുമായി മിന്നിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ തന്റെ സ്ഥിരം ശൈലിക്കു വ്യത്യസ്തമായി ഡിഫന്‍സീവ് ബാറ്റിങ് കാഴ്ചവച്ച അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ തനിനിറം പുറത്തെടുത്തിരിക്കുകയാണ് റിഷഭ്.

ടി20 ശൈലയില്‍ ഓസീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അദ്ദേഹം അതിവേഗ ഫിഫ്റ്റി കുറിക്കുകയായിരുന്നു. ഈ പരമ്പരയിലെ ആദ്യത്തെ ഫിഫ്റ്റി കൂടിയാണ് രണ്ടാംദിനം മൂന്നാം സെഷനില്‍ റിഷഭ് കുറിച്ചത്. ബാറ്റിങ് അതീവ ദുഷ്‌കരമായിരുന്ന സിഡ്‌നിയിലെ പിച്ചില്‍ കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെയാണ് അദ്ദേഹം ആധിപത്യം സ്ഥാപിച്ചത്.

RISHABH PANT

റിഷഭിന്റെ തിരിച്ചുവരവ്

ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടു ദിവസത്തിനിടെ റിഷഭ് പന്തിന്റെ രണ്ടു വ്യത്യസ്ത മുഖങ്ങളാണ് ഓസ്‌ട്രേലിയന്‍ ടീം കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ 40 റണ്‍സോടെ അദ്ദേഹം ടീമിന്റെ അമരക്കാരനായെങ്കിലും വളരെ സ്ലോ ബാറ്റിങാണ് കാഴ്ചവച്ചത്. 98 ബോളുകളില്‍ നിന്നാണ് റിഷഭ് ഇത്രയും റണ്ണെടുത്തത്. മൂന്നു ഫോറും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. വെറും 40.82 മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.

എന്നാല്‍ രണ്ടാമിന്നിങ്‌സില്‍ റിഷഭ് ശരിക്കും ഹീറോയായി മാറി. വെറും 29 ബോളില്‍ ഫിഫ്റ്റി കുറിച്ച അദ്ദേഹം 61 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. 33 ബോളുകള്‍ മാത്രമേ ഇതിനായി വേണ്ടി വന്നുള്ളൂ. ആറു ഫോറുകളും നാലു സിക്‌സറും റിഷഭിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 184.85 എന്ന അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു.

റെക്കോര്‍ഡ് ലിസ്റ്റില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഫിഫ്റ്റിയെന്ന റെക്കോര്‍ഡും റിഷഭ് പന്ത് സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 29 ബോളുകളില്‍ നിന്നും ഫിഫ്റ്റി നേടിയതോടെയാണിത്. ടെസ്റ്റില്‍ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. 2022ല്‍ ശ്രീലങ്കയുമായുള്ള ടെസ്റ്റിലാണ് 28 ബോളില്‍ റിഷഭ് ഫിഫ്റ്റി കുറച്ചത്. ഈ നേട്ടത്തിന് തൊട്ടരികിലാണ് സിഡ്‌നിയില്‍ താരമെത്തിയത്.

നേരത്തേ എലൈറ്റ് ലിസ്റ്റില്‍ റിഷഭിനു പിന്നില്‍ രണ്ടാംസ്ഥാനത്തു മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓള്‍റൗണ്ടറുമായ കപില്‍ ദേവായിരുന്നു. 1982ല്‍ പാകിസ്താനെതിരേ 30 ബോളിലായിരുന്നു അദ്ദേഹത്തിന്റെ ഫിഫ്റ്റി. ഇപ്പോള്‍ കപിലിനു രണ്ടാംസ്ഥാനത്തു നിന്നും വീണ്ടും താഴേക്കു ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. ആദ്യ രണ്ടു സ്ഥാനങ്ങളും റിഷഭ് കൈയടക്കുകയും ചെയ്തു.

കപില്‍ കഴിഞ്ഞാല്‍ നാലാം സ്ഥാനത്തു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറാണ്. 2021ല്‍ ഇംഗ്ലണ്ടിനെതിരേ 31 ബോളില്‍ അദ്ദേഹം ഫിഫ്റ്റി കണ്ടെത്തിയിരുന്നു. യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് അഞ്ചാമത്. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ 31 ബോളില്‍ താരം ഫിഫ്റ്റി നേടിയിരുന്നു.

റിഷഭിന്റെ കടന്നാക്രമണം

സിഡ്‌നി ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ഒരു സമയത്തു 10 ബോളില്‍ 17 റണ്‍സെന്ന നിലയിലായിരുന്നു റിഷഭ് പന്ത്. അരങ്ങേറ്റക്കാരനായ ബ്യു വെബ്സ്റ്റര്‍ എറിഞ്ഞ 18ാം ഓവറിലാണ് താരം ശരിക്കും ഗിയര്‍ മാറ്റിയത്. ഈ ഓവറില്‍ തുടര്‍ച്ചയായി മൂന്നു ഫോറുകളടക്കം 12 റണ്‍സ് റിഷഭ് വാരിക്കൂട്ടി. രണ്ടു മുതല്‍ നാലു വരെയുള്ള ബോളുകളാണ് താരം അതിര്‍ത്തി കടത്തിയത്. വെബ്‌സ്റ്ററിന്റെ അടുത്ത ഓവറിലും റിഷഭ് തീയായി. ഓരോ സിക്‌സറും ഫോറുമാണ് താരം പറത്തിയത്.

ഇതോടെ 22ാം ഓവറില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചുവിളിക്കുകയായിരുന്നു. പക്ഷെ റിഷഭിനു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു. രണ്ടാമത്തെ ബോള്‍ ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെ താരം സിക്‌സറിലേക്കു അടിച്ചുപറത്തി. ഇതോടെ 29 ബോളില്‍ ഫിഫ്റ്റിയും റിഷഭ് പൂര്‍ത്തിയാക്കി. അടുത്ത ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. ഇത്തവണും ഡീപ്പ് മിഡ് വിക്കറ്റിനു മുകളിലൂടെയാണ് ബോള്‍ മൂളിപ്പറന്നത്.

Story first published: Saturday, January 4, 2025, 12:59 [IST]
Other articles published on Jan 4, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+