മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഹീറോയായി മാറിയിരിക്കുകയാണ് ആന്ധ്രയില്‍ നിന്നുള്ള യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി. ഓസ്‌ട്രേലിയയുടെ മാരക പേസാക്രമണത്തിനു മുന്നില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റിങ് നിര മുട്ടിടിച്ചപ്പോള്‍ ചങ്കൂറ്റത്തോടെ പൊരുതിയാണ് ഈ 21 കാരന്‍ രക്ഷകനായി മാറിയത്. മല്‍സരത്തില്‍ ഫോളോഓണ്‍ ഭീഷണു നേരിടാന്‍ ഇന്ത്യയെ സഹായിച്ചതും കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്ന നിതീഷാണ്.
എട്ടാം നമ്പറില്‍ ഇറങ്ങിയ താരം 105 റണ്‍സുമായി മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ പുറത്താവാതെ ക്രീസില്‍ നില്‍ക്കുകയാണ്. 176 ബോളുകള്‍ നേരിട്ട നിതീഷിന്റെ ഇന്നിങ്‌സില്‍ 10 ഫോറും ഒരു സിക്‌സറുമുള്‍പ്പെടുന്നു. നിതീഷിനെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചതിനു കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ അച്ഛനായ മുത്യാല റെഡ്ഡിയോടാണ്. അദ്ദേഹത്തിന്റെ വലിയ ത്യാഗവും പിന്തുണയുമാണ് മകനെ ലോകമറിയുന്ന ക്രിക്കറ്റ് താരമാക്കി മാറ്റിയെടുത്തത്.

ജോലി ഉപേക്ഷിച്ചു
സര്‍ക്കാരിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു നിതീഷ് റെഡ്ഡിയുടെ അച്ഛനായ മുത്യാല റെഡ്ഡി. സ്ഥിരം ജോലിയും വരുമാനവുമുണ്ടായിരുന്നതിനാല്‍ തന്നെ ജോലിസ്ഥലമായ വിശാഖപട്ടണത്തു വളരെ നല്ല രീതിയില്‍ കുടുംബത്തോടെപ്പം താമസിച്ചു വരികയായിരുന്നു മുത്യാല. സാമ്പത്തിക പ്രശ്‌നങ്ങളൊന്നും തന്നെ ഈ സമയത്തു അദ്ദേഹത്തിനു ഇല്ലായിരുന്നു.
എന്നാല്‍ 2012ല്‍ വിശാഖപട്ടണത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ഹിന്ദുസ്ഥാന്‍ സിങ്ക് തീരുമാനിക്കുകയും അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോടു രാജസ്ഥാനിലെ ഉദയ്പൂരിലേക്കു മാറാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതു മുത്യാലയുടെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായിട്ടുള്ള സമയങ്ങളിലൊന്നായിരുന്നു.
റായ്പൂരിലേക്കു മാറിയാല്‍ അതു നിതീഷിന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്കു തിരിച്ചടിയായേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് 25 വര്‍ഷത്തോളം സര്‍വീസ് ബാക്കി നില്‍ക്കെ ജോലി ഉപേക്ഷിക്കാന്‍ മുത്യാല തീരുമാനിക്കുകയായിരുന്നു. നിതീഷ് ആ സമയത്തു ക്രിക്കറ്റിന്റെ അടിസ്ഥാന കാര്യങ്ങള്‍ പഠിച്ചു വരുന്നേയുണ്ടായിരുന്നൂള്ളൂ.
ഞാന്‍ ആ സമയത്തു ഉദയ്പൂരിലേക്കു മാറിയാല്‍ അതു അവന്റെ ക്രിക്കറ്റിനെയും ബാധിക്കുമെന്നു ഭയപ്പെട്ടു. ഭാഷയും നിതീഷിന് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കും. കൂടാതെ ക്രിക്കറ്റിനായി അവിടെയുള്ള സൗകര്യങ്ങളിലും എനിക്കു സംശയങ്ങളുണ്ടായിരുന്നു. അതിനാല്‍ സ്വന്തം നാട്ടില്‍ മകനോടൊപ്പം നിന്ന് അവന്റെ പാഷനെ പിന്തുടരാന്‍ സഹായിക്കുകയായിരുന്നുവെന്നും മുത്യാല റെഡ്ഡി വ്യക്തമാക്കി.
ഭാര്യയുടെ പിന്തുണ
സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചപ്പോഴും ഭാര്യ ഇതിനെ പിന്തുണയ്ക്കുകയും എല്ലാവിധ പിന്തുണയും നല്‍കിയതും കാരണമാണ് ജീവിതത്തിലെ ഈ മോശം ഘട്ടത്തെ മറികടക്കാന്‍ സാധിച്ചതെന്നും മുത്യാല റെഡ്ഡി വെളിപ്പെടുത്തുന്നു.
ആ സയത്തു എന്റെ ഒരേയൊരു കടമ ദിവസം മുഴുവന്‍ നിതീഷിന്റെ കൂടെയുണ്ടാവുക എന്നതായിരുന്നു. ഗ്രൗണ്ടിലേക്കും ജിമ്മിലേക്കും അവന്റെ യാത്രയ്ക്കായി എല്ലാം ചെയ്തുവെന്നു ഉറപ്പ് വരുത്തുകയാണ് താന്‍ ചെയ്തിട്ടുള്ളതെന്നും മുത്യാല പറഞ്ഞു. ഈ സമയത്തു സാമ്പത്തികമായി ഒരുപാട് പ്രതിസന്ധികള്‍ അദ്ദേഹത്തിനു നേരിടേണ്ടി വന്നിരുന്നു.

മകനു വേണ്ടി ജോലി ഉപേക്ഷിച്ചതിന്റെ പേരില്‍ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമെല്ലാം ഒരുപാട് കുറ്റപ്പെടുത്തലുകളും മുത്യാല ഏറ്റുവാങ്ങിയിരുന്നു. പക്ഷെ ഇവയൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. മകനെ മികച്ചൊരു ക്രിക്കറ്ററാക്കി വളര്‍ത്തിയെടുക്കുകയെന്ന വലിയ സ്വപ്‌നം മുത്യാലയെ എല്ലാ പ്രതിസന്ധികളെയും മറികടന്നു മുന്നേറാന്‍ സഹായിക്കുകയായിരുന്നു.
ഭാര്യ മാനസ നല്‍കിയ വലിയ പിന്തുണയാണ് തന്നെ താങ്ങി നിര്‍ത്തിയതെന്നാണ് മുത്യാല പറയുന്നത്. എനിക്കു ആശങ്കയും അതോടൊപ്പം ഉത്തരവാദിത്വലുമുണ്ടായിരുന്ന ഒരേയൊരാള്‍ ഭാര്യയായിരുന്നു. എല്ലാ അനാവശ്യ ചെലവുകളും വെട്ടിച്ചുരുക്കണമെന്നും ലളിതമായ ജീവിതം നയിക്കാമെന്നും ഞാന്‍ അവളോടു പറയുകയും ചെയ്തു. അവള്‍ അതിനോടു എതിര്‍ത്തൊന്നും തന്നെ പറഞ്ഞില്ല, അതിനെ പിന്തുണച്ചു കൊണ്ട് തലയാട്ടുകയാണ് ചെയ്തത്. ഇന്നു വരെ എന്റെ ഏറ്റവും വലിയ ശക്തിയും അവള്‍ തന്നെയാണെന്നും മുത്യാല കൂട്ടിച്ചേര്‍ത്തു.
നിതീഷിന്റെ കരിയര്‍
മുത്യാല റെഡ്ഡിയുടെയും മാനസയുടെയും ത്യാഗവും കഠിനാധ്വാനവും വെറുതെയായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ആന്ധ്രാ പ്രദേശ് ടീമിനായി നടത്തിയ പ്രകടനങ്ങള്‍ നിതീഷ് റെഡ്ഡിക്കു ഐപിഎല്ലിലേക്കും വഴി തുറന്നു. ഹോം ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് 2023ലെ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ താരത്തെ വാങ്ങിയത്. 2023ല്‍ കാര്യമായി അവസരം കിട്ടിയില്ലെങ്കിലും കഴിഞ്ഞ സീസൺ നിതീഷിന്റെ കരിയറിലെ ബ്രേക്ക്ത്രൂയായി മാറി.
13 മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റിയടക്കം 303 റണ്‍സ് നേടിയ താരം മൂന്നു വിക്കറ്റുമെടുത്തു. ഐപിഎല്ലിലെ എമേര്‍ജിങ് പ്ലെയര്‍ പുരസ്‌കാരവും ഇതോടെ നിതീഷിനെ തേടിയെത്തി. ഇതാണ് ഈ വര്‍ഷം ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഫിഫ്റ്റിയോടെ നിതീഷ് പരമ്പരയില്‍ വരവറിയിക്കുകയും ചെയ്തു. ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് സെഞ്ച്വറിയും നേടി ടീമില്‍ സ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ് യുവതാരം.