ഹൊബാര്‍ട്ട്: മെല്‍ബണിലെ രണ്ടാം ടി20യിലേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കലും ഓസ്‌ട്രേലിയക്കെതിരായ മൂന്നാമങ്കത്തിനു ഇന്ത്യ കച്ചമുറുക്കുക. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-1നു പിന്നിലായതിനാല്‍ ഹൊബാര്‍ട്ടില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല.
ബാറ്റിങ് നിര ദയനീയമായി പരാജയപ്പെട്ടതാണ് മെല്‍ബണില്‍ ഇന്ത്യയെ നാലു വിക്കറ്റിന്റെ തോല്‍വിയിലേക്കു തള്ളിയിട്ടത്. ബാറ്റിങ് ക്ലിക്കായാല്‍ മാത്രമേ ഹൊബാര്‍ല്‍ ഇന്ത്യക്കു ശക്തമായ തിരിച്ചുരവരവ് സാധ്യമാവുകയുള്ളൂ. ടോസ് കൈവിടുന്നത് ഇന്ത്യ ഇപ്പോള്‍ പതിവാക്കിയതിനാല്‍ അടുത്ത കളിയിലും ആദ്യം ബാറ്റിങിനു ഇറങ്ങിയേക്കും.

ഹൊബാര്‍ട്ടില്‍ ഇന്ത്യക്കു ആദ്യം ബാറ്റിങാണെങ്കില്‍ ജയത്തിനായി എത്ര റണ്‍സാണ് സ്‌കോര്‍ ചെയ്യേണ്ടതെന്നും, ഈ ഗ്രൗണ്ടില്‍ ഇന്ത്യയുടെ ടി20 റെക്കോര്‍ഡ്
എങ്ങനെയാണെന്നും നമുക്കു വിശദമായി പരിശോധിക്കാം.
റണ്ണൊഴുകുന്ന ഹൊബാര്‍ട്ട്
ഒാസ്‌ട്രേലിയയിലെ മറ്റു വേദികളെ അപേക്ഷിച്ച് റണ്ണൊഴുകാറുള്ള പിച്ചുകളിലൊന്നാണ് ഹൊബാര്‍ട്ടിലെ ബെല്ലെറിവ് ഓവലിലേതെന്നു കണക്കുകള്‍ പറയുന്നു. ഇവിടെ നടക്കുന്ന ടി20കളില്‍ വലിയ സ്‌കോറുകള്‍ പിറക്കുന്നതു പതിവു കാഴ്ചയുമാണ്. നാലു തവണ ഈ ഗ്രൗണ്ടില്‍ 200 പ്ലസ് സ്‌കോര്‍ പിറന്നിട്ടുണ്ട്.
170നു മുകൡ സ്‌കോറും നാലു തവണ കണ്ടു കഴിഞ്ഞു. ബൗളര്‍മാരെ മാത്രമല്ല, ബാറ്റര്‍മാരെയും കൂടി തുണയ്ക്കുന്ന പിച്ചാണ് ഇവിടുത്തേതെന്നു ഇതില്‍ നിന്നുമുറപ്പിക്കാം. ഈ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ ഓസ്‌ട്രേലിയന്‍ ടീമിനു അവകാശപ്പെട്ടതാണ്. 213 റണ്‍സാണ് ഹൊബാര്‍ട്ടിലെ ഏറ്റവും വലിയ സ്‌കോര്‍.
രണ്ടു തവണ ഇതേ സ്‌കോര്‍ ഈ ഗ്രൗണ്ടില്‍ ഓസീസ് അടിച്ചെടുത്തിട്ടുണ്ട്. ആദ്യത്തേത് 2014ല്‍ ഇംഗ്ലണ്ടിനെതിരേ ആയിരുന്നെങ്കില്‍ രണ്ടാമത്തേതും ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരേയുമായിരുന്നു. ഈ രണ്ടു കളിയിലും റണ്‍ചേസില്‍ ഇംഗ്ലണ്ടും 200-200ന് മുകളില്‍ റണ്‍സും അടിച്ചെടുത്തു. പക്ഷെ കളി ജയിക്കാന്‍ അവര്‍ക്കു സാധിച്ചില്ല.
അതേസമയം, ഹൊബാര്‍ട്ടിലെ ഏറ്റവുമുയര്‍ന്ന റണ്‍ചേസിന്റെ അവകാശികള്‍ അയര്‍ലാന്‍ഡാണ്. 2022ല്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരേ അവര്‍ 177 റണ്‍സ് ചേസ് ചെയ്തു ജയിച്ചതാണ് ഈ ഗ്രൗണ്ടിലെ ഓള്‍ടൈം റെക്കോര്‍ഡ്. അന്നു നാലു വിക്കറ്റുകള്‍ മാത്രം നഷ്ടത്തിലാണ് ഐറിഷ് പട ഈ ടോട്ടല്‍ മറികടന്നത്.

രണ്ടാമത്തെ ഉയര്‍ന്ന റണ്‍ചേസ കുറിട്ടതാവട്ടെ ഓസ്‌ട്രേലിയയുമാണ്. 2018ല്‍ ഇംഗ്ലണ്ടിനെതിരേ 156 റണ്‍സാണ് അവര്‍ പിന്തുടര്‍ന്നു ജയിച്ചത്. അതുകൊണ്ടു നാളെ നാളെ ആദ്യം ബാറ്റിങിനു അയക്കപ്പെടുകയാണെങ്കില്‍ 180ന് മുകൡ റണ്‍സായിരിക്കണം സൂര്യകുമാര്‍ യാദവും സംഘവും ലക്ഷ്യം വയ്‌ക്കേണ്ടത്. 200ന് പ്ലസ് റണ്‍സുണ്ടെങ്കില്‍ ഇന്ത്യക്കു വിജയം ഉറപ്പാണെന്നു തന്നെ പറയാം.
ഇന്ത്യയുടെ റെക്കോര്‍ഡ്
ഹൊബാര്‍ട്ടില്‍ ഇന്ത്യയുടെ ടി20 റെക്കോര്‍ഡ് നോക്കിയാല്‍ അതു അത്ര മികച്ചതല്ലെന്നു പറയേണ്ടി വരും. ഇവിടെ ഇതുവരെ അഞ്ചു ടി20കളിലാണ് ഇന്ത്യന്‍ ടീം കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തില്‍ വിജയം കൊയ്തപ്പോള്‍ ശേഷിച്ച മൂന്നിലും പരാജയം നേരിടുകയായിരുന്നു.
അവസാനമായി ഹൊബാര്‍ട്ടില്‍ ഇന്ത്യ ഒരു ടി20യില്‍ വിജയം കൊയ്തത് 12 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അന്നു ആറു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയയത്. ഇവിടെ വീണ്ടുമൊരു ടി20 ജയത്തിനായുള്ള കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.