ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ ഓസീസിന്റെ ടോപ് ഓഡറിനെ പൂട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഓസീസിന്റെ ക്ലാസിക് താരം മാര്‍നസ് ലബ്യുഷെയ്‌നെ 12 റണ്‍സിലാണ് പുറത്താക്കിയത്. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തിലാണ് ലബ്യുഷെയ്ന്‍ മടങ്ങിയത്. 55 പന്ത് നേരിട്ട ലബ്യുഷെയ്‌നെ സ്ലിപ്പില്‍ വിരാട് കോലിയാണ് ക്യാച്ചിലൂടെ പുറത്താക്കിയത്.
ലബ്യുഷെയ്ന്‍ ഒരുവശത്ത് പതിയെ നിലയുറപ്പിച്ച് വരികെ താരത്തെ പുറത്താക്കാന്‍ നിതീഷിനായി. എന്നാല്‍ യുവതാരത്തെ വിക്കറ്റ് നേട്ടത്തിലേക്ക് നയിച്ചതിന് പിന്നില്‍ മുഹമ്മദ് സിറാജിന്റെ തന്ത്രമായിരുന്നു. ലബ്യുഷെയ്‌ന്റെ ശ്രദ്ധ തിരിക്കാന്‍ സിറാജ് പയറ്റിയ ബെയ്ല്‍ ട്രിക്കാണ് ലബ്യുഷെയ്‌ന്റെ വിക്കറ്റിലേക്കെത്തിച്ചത്. ശ്രദ്ധയോടെ കളിച്ചിരുന്ന ലബ്യുഷെയ്‌ന്റെ ശ്രദ്ധ മാറ്റാന്‍ സിറാജ് ചെയ്ത തന്ത്രം ഇന്ത്യക്ക് ഗുണകരമായി മാറുകയായിരുന്നു.
സിറാജ് തന്ത്രം പയറ്റിയത് 33ാം ഓവറില്‍
ഓസീസിന്റെ ക്ലാസിക് താരമായ ലബ്യുഷെയ്ന്‍ കരുതലോടെയാണ് കളിച്ചത്. ഇത് മനസിലാക്കിയ മുഹമ്മദ് സിറാജ് ലബ്യുഷെയ്‌നെ പ്രകോപിപ്പിച്ചു. വാക്കുകള്‍ക്കൊണ്ട് പ്രകോപിപ്പിച്ചാല്‍ സിറാജിന് പണികിട്ടുമെന്നുറപ്പാണ്. ഇതിനോടകം ഐസിസി നടപടി നേരിട്ട സിറാജ് ലബ്യുഷെയ്‌ന്റെ ശ്രദ്ധ തിരിച്ചത് മറ്റൊരു വഴിയിലൂടെയായിരുന്നു. സ്‌ട്രൈക്കില്‍ നിന്നിരുന്ന ലബ്യുഷെയ്‌ന്റെ സ്റ്റംപിലെ ബെയ്ല്‍സ് സിറാജ് മാറ്റിവെച്ചു. വലത് വശത്തെ ബെയ്ല്‍സ് ഇടത് വശത്തും ഇടത് വശത്തെ ബെയ്ല്‍സ് വലത് വശത്തും വെച്ചു.
ഇതില്‍ അസ്വസ്തനായ ലബ്യുഷെയ്ന്‍ പിന്നാലെ തന്നെ ബെയ്ല്‍സ് പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റിവെക്കുകയും ചെയ്തു. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ നിതീഷ്‌കുമാര്‍ ലബ്യുഷെയ്‌നെ പുറത്താക്കുകയും ചെയ്തു. ശ്രദ്ധ തെറ്റിയ ലബ്യുഷെയ്ന്‍ നിതീഷിന്റെ ഫുള്‍ ലങ്ത് പന്തില്‍ ബാറ്റുവെക്കുകയായിരുന്നു. ഇതോടെ സ്ലിപ്പില്‍ വിരാട് കോലിയുടെ മനോഹരമായ ക്യാച്ചില്‍ ലബ്യുഷെയ്ന്‍ പുറത്താവുകയും ചെയ്തു. എന്തായാലും സിറാജിന്റെ ബെയ്ല്‍സ് തന്ത്രം ഫലം കണ്ടു.

മികച്ച തുടക്കം ഇന്ത്യക്ക് മുതലാക്കാനായില്ല
ഇന്ത്യ രണ്ടാം ദിനം മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 75 റണ്‍സിനിടെ ഓസീസിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കായി. എന്നാല്‍ നാലാം വിക്കറ്റിലെ ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ട് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. 241 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. സ്റ്റീവ് സ്മിത്ത് 101 റണ്‍സെടുത്താണ് പുറത്തായത്. ജസ്പ്രീത് ബുംറയാണ് സ്മിത്തിനെ മടക്കിയത്. ട്രാവിസ് ഹെഡ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിയോടെ ഇന്ത്യയെ ഞെട്ടിച്ചു. 160 പന്തില്‍ 152 റണ്‍സാണ് ഹെഡ് നേടിയത്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തിയ ഹെഡിനെ ബുംറ റിഷഭ് പന്തിന്റെ കൈയിലെത്തിക്കുകയായിരുന്നു. ഈ രണ്ട് വിക്കറ്റുകളും ചെറിയ ഇടവേളയില്‍ നേടിയെടുക്കാന്‍ ഇന്ത്യക്കായെങ്കിലും സ്മിത്തും ഹെഡും ചേര്‍ന്ന് ഓസീസിന് അടിത്തറ പാകി. ഈ വിക്കറ്റ് നേരത്തെ നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കാതെ പോയി. ആകാശ് ദീപും മുഹമ്മദ് സിറാജും ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് നടത്തിയത്. എന്നാല്‍ വിക്കറ്റ് നേടി സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിക്കാതെ പോയി.
സിറാജിന് താക്കീത് നല്‍കി ഐസിസി
രണ്ടാം ടെസ്റ്റിലൂടെത്തന്നെ മുഹമ്മദ് സിറാജ് പണി മേടിച്ചിരിക്കുകയാണ്. ലബ്യുഷെയ്‌നോടും ഹെഡിനോടും ഉടക്കിയതിന് പിന്നാലെയാണ് സിറാജിന് താക്കീത് ലഭിച്ചത്. ഹെഡിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ പ്രകോപനപരമായി പെരുമാറിയതിനും മോശം ഭാഷ ഉപയോഗിച്ചതിനും മാച്ച് ഫീയുടെ 20% പിഴയാണ് സിറാജിന് ഐസിസി വിധിച്ചത്. കൂടാതെ താക്കീതും നല്‍കി. ഇനിയും മാന്യമല്ലാത്ത പെരുമാറ്റം നടത്തിയാല്‍ സിറാജിന് വിലക്കടക്കം വന്നേക്കും.
അതുകൊണ്ടുതന്നെ താരത്തിന് വരുന്ന മത്സരങ്ങളില്‍ മോശം പെരുമാറ്റം നടത്താതെ ശ്രദ്ധിക്കേണ്ടതായുണ്ട്. സിറാജിന് പഴയ മികവ് ബൗളിങ്ങില്‍ കാട്ടാന്‍ സാധിക്കുന്നില്ല. ന്യൂബോളില്‍ വിക്കറ്റ് നേടാന്‍ മിടുക്കുകാട്ടിയിരുന്ന സിറാജിന് ഇപ്പോള്‍ അത് സാധിക്കാത്തത് ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ട്.