For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഓസീസില്‍ ഇന്ത്യയെ കാത്ത് 5 ടെസ്റ്റ്, എത്രയെണ്ണം ജയിക്കും? ഇതാ ഉത്തരം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഈ വര്‍ഷം ഇനിയുള്ള ഏറ്റവും വലിയ ചാലഞ്ച് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ്. ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം രോഹിത് ശര്‍മയും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കും. അടുത്ത മാസം അവസാനത്തോടെ തുടങ്ങുന്ന ടെസ്റ്റ് പരമ്പര 2025 ജനുവരി വരെ നീണ്ടുനില്‍ക്കുന്നതാണ്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം അടുത്ത വര്‍ഷം നടക്കാനിരിക്കവെ യോഗ്യത സ്വന്തമാക്കണമെങ്കില്‍ ഓസീസുമായുള്ള പരമ്പരയില്‍ ഇന്ത്യക്കു ജയിച്ചേ തീരൂ. അതുകൊണ്ടു തന്നെ വലിയ സമ്മര്‍ദ്ദത്തോടെയാവും രോഹിത്തും സംഘവും ഓസ്‌ട്രേലിയയിലേക്കു പറക്കുക. എന്നാല്‍ നിലവിലെ ഫോമില്‍ എത്ര ടെസ്റ്റുകളില്‍ ഇന്ത്യക്കു ജയിക്കാന്‍ സാധിക്കുമെന്നതാണ് ചോദ്യത. സാധ്യതകള്‍ നോക്കാം.

INDIAN TEST TEAM

അഞ്ചു ടെസ്റ്റുകളുടെ ചാലഞ്ച്

അഞ്ചു ടെസ്റ്റുകളുടെ കടുപ്പമേറിയ പരമ്പരയാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്നത്. നവംബര്‍ 22 മുതല്‍ പെര്‍ത്തിലാണ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്. തുടര്‍ന്നുള്ള മല്‍സരങ്ങള്‍ ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡിലും 14 മുതല്‍ ബ്രിസ്ബണിലും 26 മുതല്‍ മെല്‍ബണിലും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് 2025 ജനുവരി മൂന്നു മുതല്‍ സിഡ്‌നിയിലും നടക്കും.

ഈ പരമ്പരയില്‍ പകലും രാത്രിയുമായുള്ള ഒരു പിങ്ക് ബോള്‍ ടെസ്റ്റ് കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. അഡ്‌ലെയ്ഡിലെ രണ്ടാം ടെസ്റ്റാണ് പകലും രാത്രിയുമായി നടക്കുന്നത്.

എത്ര ടെസ്റ്റ് ജയിക്കാം?

ഓസ്‌ട്രേലിയക്കെതിരേയുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനു എത്ര മല്‍സരങ്ങളില്‍ ജയിക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. റെഡ് ബോള്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ നിലവിലെ ഫോം തീര്‍ച്ചയായും ആശങ്കാജനകം തന്നെയാണ്. സ്വന്തം നാട്ടിലെ പരിചിതമായ സാഹചര്യങ്ങളില്‍ പോലും രോഹിത് ശര്‍മയും സംഘവും ഇപ്പോള്‍ പതറുകയാണ്.

ന്യൂസിലാന്‍ഡുമായി ഇപ്പോള്‍ നടക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ഇതിനകം കൈവിട്ടു കഴിഞ്ഞു. 12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര ഇന്ത്യക്കു നഷ്ടമായിരിക്കുന്നത്. 2012ല്‍ ഇംഗ്ലണ്ടിനോടു പരമ്പര കൈവിട്ട ശേഷം ഇവിടെ ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല.

ഓസ്‌ട്രേലിയയില്‍ തീര്‍ത്തും വ്യത്യസ്തമായ, അതോടൊപ്പം കടുപ്പവുമേറിയ സാഹചര്യങ്ങളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. കൂടുതല്‍ പച്ചപ്പുള്ള, പേസും ബൗണ്‍സുമുള്ള പിച്ചുകളാണ് ഇന്ത്യക്കു അവിടെ ലഭിക്കുക. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ മാത്രമേ ഇവിടെ പ്രതീക്ഷയ്ക്കു വകയുള്ളൂ.

ROHIT SHARMA PAT CUMMINS

ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായതിനു ശേഷം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ അഗ്രസീവ് സമീപനം ക്ലിക്കായിട്ടില്ല. ന്യൂസിലാന്‍ഡിനെതിരേ ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ വെറും 46 റണ്‍സിനാണ് ഇന്ത്യന്‍ ടീം ഓള്‍ഔട്ടായത്. പരമ്പരയില്‍ ഇതിനകം കളിച്ച നാല് ഇന്നിങ്‌സുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യക്കു 300ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായത്. ഇതു വലിയ തലവേദന തന്നെയാണ്.

നായകന്‍ രോഹിത് ശര്‍മയും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മോശം ഫോമിലാണെന്നത് ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കു വലിയ തിരിച്ചടിയാവും. ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും ഇന്ത്യക്കു ആശങ്കകളുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഓസ്‌ട്രേലിയയില്‍ ആരാവും പേസ് നിരയില്‍ അണിനിരക്കുകയെന്നതാണ് ചോദ്യം. മുഹമ്മദ് സിറാജിന്റെ മോശം ഫോം ടീമിനു ക്ഷീണമാവും.

അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയില്‍ കളിക്കാനിരിക്കുന്ന പരമ്പരയിലെ അഞ്ചു ടെസ്റ്റുകളില്‍ ഇന്ത്യക്കു വലിയ പ്രതീക്ഷകള്‍ വേണ്ട. പരമ്പരയിലെ ഭൂരിഭാഗം ടെസ്റ്റുകളിലും ഇന്ത്യ തോല്‍ക്കാന്‍ തന്നെയാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ അഞ്ചു ടെസ്റ്റുകളില്‍ പരമാവധി ഒന്നില്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുള്ളൂ. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീം തൂത്തുവാരപ്പെട്ടാലും അദ്ഭുതമില്ല.

Story first published: Saturday, November 2, 2024, 9:31 [IST]
Other articles published on Nov 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+