ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യ പതറുകയാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഗംഭീര ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ 10 വിക്കറ്റിന് തോറ്റു. മൂന്നാം മത്സരം പുരോഗമിക്കവെ ഇന്ത്യ ഗാബയില്‍ പതറുകയാണ്. ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്കായെങ്കിലും പ്രതീക്ഷിച്ച നിലവാരം കാട്ടാന്‍ ബാറ്റിങ് നിരക്ക് സാധിക്കുന്നില്ല. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
വിരാട് കോലി ഓഫ് സൈഡ് കെണിയില്‍ തുടര്‍ച്ചയായി വീഴുമ്പോള്‍ രോഹിത് ശര്‍മ മധ്യനിരയില്‍ പതറുകയാണ്. ആത്മവിശ്വാസത്തോടെ കളിക്കാന്‍ രോഹിത് ശര്‍മക്ക് സാധിക്കുന്നില്ല. വലിയ പ്രതീക്ഷവെച്ച യശ്വസി ജയ്‌സ്വാള്‍ ഓപ്പണിങ്ങില്‍ പതറുകയാണ്. ശുബ്മാന്‍ ഗില്ലിനും കാര്യമായൊന്നും ചെയ്യാനാവുന്നില്ല. റിഷഭ് പന്ത് ഓസ്‌ട്രേലിയയില്‍ ഗംഭീര റെക്കോഡുള്ള താരമാണ്. എന്നാല്‍ ഇത്തവണ അദ്ദേഹവും പതറുകയാണ്. എന്നാല്‍ ഇന്ത്യക്ക് അഭിമാനമാകുന്ന ഏക ബാറ്റ്‌സ്മാന്‍ കെ എല്‍ രാഹുലാണ്.
മധ്യനിരയില്‍ നിന്ന് ഓപ്പണിങ്ങിലേക്ക് മുന്നേറിയ രാഹുല്‍ പ്രകടനമികവുകൊണ്ടും കൈയടി നേടുകയാണ്. ഗാബയില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം പതറിയ പിച്ചില്‍ രാഹുല്‍ 84 റണ്‍സോടെയാണ് ആദ്യ ഇന്നിങ്‌സില്‍ ശോഭിച്ചത്. എല്ലാവരും ഫ്‌ളോപ്പായ പിച്ചില്‍ രാഹുല്‍ മികവ് കാട്ടിയത് എങ്ങനെയാണ്?. പരിശോധിക്കാം.
രാഹുല്‍ ക്ഷമയോടെ കളിച്ചു
ഇന്ത്യയുടെ മറ്റ് താരങ്ങളെല്ലാം ഫ്‌ളോപ്പായപ്പോഴും രാഹുല്‍ തിളങ്ങാന്‍ കാരണം അദ്ദേഹം ക്ഷമയോടെ ബാറ്റു ചെയ്തുവെന്നതിനാലാണ്. പരമ്പരാഗത ക്ലാസിക് ശൈലിയിലാണ് രാഹുല്‍ കളിച്ചത്. ആദ്യത്തെ കുറച്ച് ഓവറുകള്‍ കൂടുതല്‍ പന്തും ലീവ് ചെയ്താണ് രാഹുല്‍ കളിച്ചത്. നിലയുറപ്പിച്ച ശേഷം മാത്രമാണ് അദ്ദേഹം ഷോട്ടുകളിലേക്ക് കടന്നത്. സിംഗിളുകളിലൂടെ റണ്‍സുയര്‍ത്താന്‍ ശ്രമിച്ച രാഹുല്‍ ക്ലാസിക് ഷോട്ടുകളിലൂടെയാണ് മുന്നേറിയത്.
സ്‌ട്രൈക്ക് കൈമാറി പതിയെ റണ്‍സുയര്‍ത്തിയ രാഹുലിന്റെ ക്ഷമയാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. ഇന്ത്യയുടെ പല താരങ്ങളും ഈ ക്ഷമ കാട്ടിയില്ല. യശ്വസി ജയ്‌സ്വാള്‍ നേരിട്ട രണ്ടാം പന്തില്‍ത്തന്നെ വലിയ ഷോട്ടിന് ശ്രമിച്ചാണ് വിക്കറ്റ് തുലച്ചത്. ശുബ്മാന്‍ ഗില്‍ ഫോര്‍ത്ത് സ്റ്റംപ് ലൈനിലെത്തിയ പന്തില്‍ ബാറ്റുവെച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. വിരാട് കോലിയും ഇതേ ലൈനിലെത്തിയ പന്തില്‍ ബാറ്റുവെച്ചാണ് വിക്കറ്റ് തുലച്ചത്. എന്നാല്‍ രാഹുല്‍ ഈ അബദ്ധം കാട്ടിയത്.
സാഹസിക ഷോട്ടുകള്‍ ഒഴിവാക്കി
രാഹുലിന്റെ ഇന്നിങ്‌സ് പരിശോധിക്കുമ്പോള്‍ എടുത്തു പറയേണ്ടത് ഷോട്ട് സെലക്ഷനാണ്. അനാവശ്യമായ പന്തുകളെ ലീവ് ചെയ്ത അദ്ദേഹം സാഹസിക ഷോട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്തു. എന്നാല്‍ നിലയുറപ്പിച്ച ശേഷം ക്ലാസിക് കവര്‍ഡ്രൈവുകള്‍ കളിക്കാന്‍ രാഹുലിന് സാധിച്ചു. എന്നാല്‍ ഓഫ് സൈഡ് കെണിയില്‍ അദ്ദേഹം വീണില്ല. മൂന്നാം ദിനത്തിന്റെ ആദ്യ പന്തില്‍ത്തന്നെ രാഹുലിന് ലൈഫ് ലഭിച്ചുവെന്നത് വസ്തുതയാണ്.

എന്നാല്‍ ഈ തെറ്റ് മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങളിലൊന്നായിരുന്നു ഇത്. കടന്നാക്രമിച്ച് കളിക്കാന്‍ ഇന്ത്യയുടെ മറ്റ് താരങ്ങള്‍ ശ്രമിച്ചപ്പോള്‍ തന്റെ പദ്ധതികളില്‍ വിശ്വസിച്ച് മുന്നേറാനാണ് രാഹുല്‍ തയ്യാറായത്. ഇതാണ് അദ്ദേഹത്തിന് കരുത്തായതും. ഇന്ത്യയുടെ മറ്റ് താരങ്ങളുടെ പുറത്താകലുകള്‍ പരിശോധിക്കുമ്പോള്‍ പലതും അനാവശ്യമായ ഷോട്ടുകളിലൂടെയായിരുന്നുവെന്ന് പറയാം. എന്നാല്‍ രാഹുല്‍ ഇത്തരമൊരു പിഴവ് വരുത്തിയില്ല.
ഉത്തരവാദിത്തം ഏറ്റെടുത്തു
ഇന്ത്യയുടെ വിജയം ആഗ്രഹിച്ച് കളിക്കുന്നത് രാഹുല്‍ മാത്രമാണെന്ന് തോന്നിപ്പോകുന്ന പ്രകടനമാണ് രാഹുല്‍ നടത്തിയത്. ഗാബ വലിയ വെല്ലുവിളി നിറഞ്ഞ പിച്ചാണ്. ഓസീസിന്റെ കരുത്തുറ്റ പേസ് നിരക്ക് വേണ്ട ബഹുമാനം നല്‍കാന്‍ രാഹുല്‍ തയ്യാറായി. എന്നാല്‍ ഇത് ഇന്ത്യയുടെ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ കാട്ടിയില്ല. മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌ക്കറും ഉയര്‍ത്തിക്കാട്ടിയത് ഇതേ കാര്യമാണ്. രാഹുലിന്റെ ക്ഷമ ഇന്ത്യയുടെ മറ്റ് താരങ്ങള്‍ കാട്ടാത്തതാണ് ടീമിന് തിരിച്ചടിയായതെന്നാണ് മുന്‍ താരങ്ങളടക്കം ചൂണ്ടിക്കാട്ടിയത്.