ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടീം ഇന്ത്യ വീണ്ടുമൊരു പരാജയം മുന്നില്‍ കാണുമ്പോള്‍ ചര്‍ച്ചയാവുന്നത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിതാപകരമായ പ്രകടനമാണ്. നേരത്തേ ഓസ്ട്രലേിയയെ അവരുടെ നാട്ടില്‍ തകര്‍ത്ത് ടീം ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുമായി മടങ്ങിയപ്പോള്‍ ഇതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് അദ്ദേഹം. പക്ഷെ കഴിഞ്ഞ പരമ്പരയിലേതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ ഇത്തവണ അഞ്ചാം നമ്പറില്‍ റിഷഭിനായിട്ടില്ല.
മറുഭാഗത്തു ഓസ്‌ട്രേലിയക്കായി അഞ്ചാം നമ്പറില്‍ കളിക്കുന്ന ട്രാവിസ് ഹെഡ് ഇതിനകം പരമ്പരയിലൂണ്ടാക്കിയ ഇംപാക്ട് വളരെ വലുതാണെന്നും കാണാം. ഇന്ത്യന്‍ ബൗളിങ് നിരയെ തല്ലിത്തകര്‍ത്ത് റണ്‍സ് വാരിക്കൂട്ടുകയാണ് അദ്ദേഹം. ഈ പരമ്പരയില്‍ ഇന്ത്യയെയും ഓസ്‌ട്രേലിയയെയം വേറിട്ടു നിര്‍ത്തുന്ന പ്രധാനപ്പെട്ട കാരണവും ഹെഡിന്റെ മാരക ഫോം തന്നെയാണ്.

റിഷഭ് vs ഹെഡ്
ഈ ടെസ്റ്റ് പരമ്പരില്‍ ഇതുവരെയുള്ള പ്രകടനം താരതമ്യം ചെയ്താല്‍ റിഷഭ് പന്തും ട്രാവിസ് ഹെഡും തമ്മില്‍ വലിയ അന്തരം തന്നെ നമുക്കു കാണാന്‍ സാധിക്കും. റിഷഭ് മൂന്നു ടെസ്റ്റുകളിലായി അഞ്ചു ഇന്നിങ്‌സുകളിലാണ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 19.20 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് 96 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റി പോലും താരം ഇനിയും നേടുകയും ചെയ്തിട്ടില്ല. റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍ 37 റണ്‍സുമാണ്.
കളിച്ച അഞ്ചിന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും 40 റണ്‍സ് തികയ്ക്കാനും റിഷഭിനായിട്ടില്ല. പെര്‍ത്തിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 37 റണ്‍സ് നേടിയതൊഴിച്ചാല്‍ താരത്തിന്റെ ഗ്രാഫ് നേരെ താഴേക്കാണ്. അതിനു ശേഷമുള്ള നാലു ഇന്നിങ്‌സുകളില്‍ 1, 21, 28, 9 എന്നിങ്ങനെ സ്‌കോറുകള്‍ക്കും റിഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.
എന്നാല്‍ മറുഭാഗത്തു വലിയ റണ്‍വേട്ടയാണ് ട്രാവിസ് ഹെഡ് ഇതിനകം നടത്തിയിരിക്കുന്നത്. മൂന്നു ടെസ്റ്റുകളിലെ നാലിന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 98 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 392 റണ്‍സും വാരിക്കൂട്ടി. പരമ്പരയിലെ ടോപ്‌സ്‌കോററും ഹെഡ് തന്നെയാണ്. രണ്ടു സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ ഇപ്പോള്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ കുറിച്ച 152 റണ്‍സുമാണ്.
പെര്‍ത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ മാത്രമേ ഹെഡ് ഫ്‌ളോപ്പായിട്ടുള്ളൂ. 11 റണ്‍സാണ് താരത്തിനു നേടാനായത്. അതിനു ശേഷം താരം ടോപ് ഗിയറിലേക്കും കയറുകയായിരുന്നു. തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ 89, 140, 152 എന്നിങ്ങനെയാണ് ഹെഡിന്റെ സ്‌കോറുകള്‍.

വിക്കറ്റ് കീപ്പിങും സ്വാഹ
ഇന്ത്യക്കായി ബാറ്റിങില്‍ മാത്രമല്ല വിക്കറ്റ് കീപ്പിങിലും റിഷഭ് പന്തിന്റെ പ്രകടനം അത്ര മികച്ചതല്ലെന്നു കാണാം. നിരവധി ക്യാച്ചുകളാണ് അദ്ദേഹം ഇതിനകം താഴെയിട്ടു നഷ്ടപ്പെടുത്തിയത്. ഇതില്‍ ചിലതിനു വലിയ വിലയും ടീമിനു നല്‍കേണ്ടി വന്നിരുന്നു. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലാണ് റിഷഭിന്റെ വിക്കറ്റ് കീപ്പിങ് കാരണം ഇന്ത്യക്കു വലിയ തിരിച്ചടി നേരിട്ടത്.
ആദ്യ ഇന്നിങ്‌സില്‍ ട്രാവിസ് ഹെഡിന്റെയും ഓപ്പണര്‍ നതാന്‍ മക്‌സ്വീനിയുടെയും ക്യാച്ചുകള്‍ താരം പാഴാക്കിയിരുന്നു. ഹെഡ് 70 കളില്‍ നില്‍ക്കെയാണ് റിഷഭ് ക്യാച്ച് പാഴാക്കി കളഞ്ഞത്. ജീവന്‍ തിരിച്ചുകിട്ടിയ ഹെഡ് പിന്നീട് 140 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യയുടെ കഥ കഴിക്കുകയും ചെയ്തു.
ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ രണ്ടു ക്യാച്ച് നഷ്ടം കാരണം 100 റണ്‍സിനടുത്താണ് ഇന്ത്യക്കു അധികമായി വഴങ്ങേണ്ടി വന്നത്. ബാറ്റിങിനൊപ്പം റിഷഭ് ഈ തരത്തില്‍ വിക്കറ്റ് കീപ്പിങിലും അലസത കാണിക്കുകയാണെങ്കില്‍ ടെസ്റ്റില്‍ പകരക്കാരനായി തീര്‍ച്ചയായും മറ്റൊരാളെ കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരായി തീരും.